ബെര്‍ളി തോമസിനെ കുറിച്ച് ബ്ലോഗര്‍മാര്‍ പറയുന്ന ഒരു വാചകമുണ്ട്. ബെര്‍ളിക്ക് ബ്ലോഗ് കക്കൂസില്‍ പോകുന്നത് പോലെയാണെന്ന്. അതായത് ഒഴിവാക്കാന്‍ വയ്യാത്ത ഒന്നാണ് ബെര്‍ളിക്ക് ബ്ലോഗ് എന്ന് സാരം. അത്രയേറെ ബ്ലോഗില്‍ ബെര്‍ളി അപ്‌ഡേറ്റ് ആണ്. ബെര്‍ളിത്തരങ്ങളിലെ മനോഹരമായ ആക്ഷേപഹാസ്യങ്ങള്‍ വായിക്കാത്തവര്‍ നമുക്കിടയില്‍ കുറവായിരിക്കുകയും ചെയ്യും. ഇതാ ബ്ലോഗെന്നാല്‍ എനിക്ക് സ്കൂളിലെ ബോര്‍ഡ് പോലെയും ആഹാരം കഴിക്കുന്നത് പോലെ ചിന്തിക്കുന്നതും ബ്ലോഗ് വായിക്കുന്നതും എനിക്ക് അത്യന്താപേക്ഷിതമായ ഒന്നാണെന്ന് സ്വയം പറഞ്ഞുകൊണ്ട് നമുക്കിടയിലേക്ക് കഥകളും കവിതകളും ലേഖനങ്ങളുമായി കടന്നു വരുന്നു ഒരു കോതമംഗലത്തുകാരന്‍. കൃത്യമായി പറഞ്ഞാല്‍ ഒരു പൈമറ്റത്തുകാരന്‍. പൈമ എന്ന പേരില്‍ ഒരു ബ്ലോഗ് കണ്ടപ്പോള്‍ പ്രദീപ് പൈമ എന്ന പേരു കണ്ടപ്പോള്‍ വല്ലാതെ അത്ഭുതപ്പെട്ടു. എന്തായിരിക്കും ഈ പേരിന്റെ അര്‍ത്ഥം? ഒടുവില്‍ ബ്ലോഗിലൂടെയുള്ള സഞ്ചാരത്തിനിടയില്‍ പ്രദീപിന്റെ തന്നെ ആത്മലേഖനത്തില്‍ 'പേരിന്റെ വഴി' വ്യക്തമാക്കിയിരിക്കുന്നത് കണ്ടെത്തുകയായിരുന്നു. അതേ പോസ്റ്റില്‍ നിന്നും തന്നെ മറ്റൊരു സമസ്യക്ക് കൂടെ ഉത്തരം കിട്ടി. മറ്റൊന്നുമല്ല, പ്രദീപിന്റെ ഭൂരിഭാഗം പോസ്റ്റുകളും ലഹരിക്കെതിരെയുള്ള പോരാട്ടാമായോ ഉപദേശങ്ങളായോ കണ്ടിരുന്നു. ആത്മാര്‍ത്ഥ സുഹൃത്ത് അത്തരം ഒരു വഴിയിലേക്ക് എടുത്തെറിയപ്പെട്ട സങ്കടത്തില്‍ നിന്നാണ് പ്രദീപ് അത്തരത്തില്‍ ഒരു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. നല്ല കാര്യം തന്നെ. ബ്ലോഗിലൂടെയെങ്കിലും ലഹരി വിരുദ്ധവികാരം മറ്റുള്ളവരിലേക്ക് എത്തിക്കുവാന്‍ പ്രദീപ് ശ്രമിക്കുന്നു എന്നത് തീര്‍ത്തും പ്രശംസനീയമായ ഒന്നു തന്നെ.
പക്ഷെ ഇതൊന്നുമല്ല, പ്രദീപ് പൈമ എന്ന എഴുത്തുകാരനെ പരിചയപ്പെടുത്താന്‍ ഉള്ള കാരണം. വ്യത്യസ്തങ്ങളായ ആഖ്യാനശൈലികള്‍, കൊതിപ്പിക്കുന്ന വിഷയ വൈവിധ്യങ്ങള്‍ ഇവയെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. നഷ്ടപ്പെടല്‍ എന്ന കവിത നോക്കൂ.
കാമം കത്തി ജ്വലിക്കുമ്പോള്‍ കാമുകിക്ക്
നല്‍കിയ ചുംബനം തെറ്റായിരുന്നു
അത് പ്രണയം നഷ്ടപെടുത്തി
പ്രകടിപ്പിക്കാന്‍ കഴിയാത്ത സ്നേഹം
കുടുബത്തിന് തെറ്റായിരുന്നു
അത് സമാധാനം നഷ്ടപെടുത്തി - എന്ന് തുടങ്ങി
ജിവിതത്തില്‍ പ്രതീക്ഷ ഇല്ലാതായപ്പോള്‍
ഞാന്‍ എന്നെ നഷ്ടപ്പെടുത്തി. എന്ന വരികളില്‍ എത്തുമ്പോള്‍ വലിയ ഒരു തത്വം പറയുന്ന പോലെ ഫീല്‍ ചെയ്യുമെങ്കിലും ആ കവിതയില്‍ ഉള്‍ക്കൊള്ളൂന്ന അര്‍ത്ഥങ്ങള്‍ .. അവ നമ്മോട് ഒരുപാടൊക്കെ പറയുന്നില്ലേ എന്ന് തോന്നിപ്പോകുന്നു.
പ്രണയത്തിന്റെ ഗന്ധം എന്ന കഥ ഇന്നത്തെ ജീവിതങ്ങളുടേ നേര്‍ചിത്രങ്ങള്‍ ആണ്. തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്ക് മനുഷ്യന്‍ നയിക്കപ്പെടുന്ന കാലം. ആ കാലത്തെ , അതിന്റെ ചുറ്റുപാടുകളെ മനോഹരമായി പ്രദീപ് ഈ കഥയിലൂടെ പറഞ്ഞുവെയ്ക്കുന്നു.
ചെറിയ ചിന്തകള്‍ എന്ന കഥയിലൂടെ വലിയ ഒരു ചിന്തക്കുള്ള വിഭവങ്ങള്‍ നമുക്ക് നല്‍കുന്നു പ്രദീപ്. തികച്ചും ഒരു സാധാരണ കഥയാകുമായിരുന്നതിനെ കഥയുടെ അവസാനഭാഗത്ത് കൊണ്ടുവന്ന വ്യത്യസ്തമായ ട്വിസ്റ്റിലൂടെ നല്ല ഒരു വിഷയമാക്കി മാറ്റാനുള്ള ആ കഴിവ്. അത് അംഗീകരിക്കപ്പെടേണ്ടത് തന്നെ. നിവേദ്യം, ചിത്രപീഠം എന്നീ ബ്ലോഗുകളും പൈമയുടെ എഴുത്തുകാരന് സ്വന്തമായുണ്ട്.
നാട്ടിന്‍പുറത്തിന്റെ വിശുദ്ധിയുമായി കഥകള്‍ പറയുന്ന , കവിതകള്‍ നല്‍കുന്ന, ലഹരിയോട് പൊരുതുന്ന ഈ കൂട്ടുകാരനില്‍ നിന്നും സിറ്റിസണ്‍ ജേര്‍ണലിസത്തിന്റെ വ്യത്യസ്തമായ വഴികള്‍ ചവിട്ടി കയറുന്ന പുഷ്‌പുള്‍ എന്ന ബ്ലോഗില്‍ എത്തുമ്പോള്‍ മറ്റൊരു തരം ഫീല്‍ ആണ് കിട്ടുന്നത്. അനൂപ് മോഹന്‍ എന്ന ശ്രീമൂലനഗരത്തുകാരന്‍ മീഡിയ പ്രവര്‍ത്തകന്റെ ബ്ലോഗിലൂടെ സഞ്ചരിച്ചാല്‍ നമുക്ക് കാണാനാവുക കൂടുതലും വ്യത്യസ്തതയുള്ള രചനകള്‍ തന്നെ. ഏറ്റവും പുതിയ പോസ്റ്റായ മണ്ണിലേക്ക് കുഴിവെട്ടുന്ന ബേബിയായാലും അരങ്ങിന്റെ ഓമനക്ക് എന്ന പോസ്റ്റിലായാലും എല്ലാം ഇങ്ങിനെ ചിലര്‍ ഇവിടെ ജീവിക്കുന്നു എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുവാനുള്ള ശ്രമം നടത്തുന്നു അനൂപ്.
ഒരു തീവണ്ടികഥയില്‍ നിന്നുമാണ് പുഷ്‌പുള്‍ തുടങ്ങുന്നത്. പിന്നീട് പുഷ്‌പുള്ളിന്റെ യാത്രയില്‍ ഫിറ്റ് ചെയ്ത ബോഗികളെല്ലാം കാലീകവും വ്യത്യസ്തവും തന്നെ.
ഒരു മീഡിയ പ്രവര്‍ത്തകനായതുകൊണ്ടാവാം സിനിമയോടും അതിനോടനുബന്ധമായ കാര്യങ്ങളോടും വല്ലാത്ത ഒരു ക്രേസ് അനൂപിന്റെ അന്വേഷണങ്ങളില്‍ കാണാന്‍ കഴിയും. അഭ്രപാളിയിലെ അമ്മമാര്‍, ഒരിടത്തൊരു റഷീദ് , കൌസല്യയുടെ മകന്‍ സലിം , മാള മുതല്‍ മാള വരെ അങ്ങിനെ ഓട്ടേറെ സിനിമാ സംബന്ധിയായ പോസ്റ്റുകള്‍ / അഭിമുഖങ്ങള്‍ നമുക്ക് പുഷ്‌പുള്ളിന്റെ ബോഗികളില്‍ കാണാം. വ്യത്യസ്തതയുള്ള ഈ ബ്ലോഗിലൂടെ സഞ്ചരിക്കാന്‍ കഴിഞ്ഞതിലും ആ പോസ്റ്റുകള്‍ നിങ്ങളോടൊത്ത് പങ്കുവെക്കാന്‍ കഴിഞ്ഞതിലും എനിക്ക് സന്തോഷമുണ്ട്. വായന അര്‍ഹിക്കുന്ന ഈ പൈമയിലേക്കും പുഷ്‌പുള്ളിലേക്കും നിങ്ങളെ നയിക്കുന്നതോടൊപ്പം നല്ല ഒരു ഓണക്കാലവും ആശംസിച്ചുകൊണ്ട് ഇനിയും സന്ധിക്കും വരേക്കും വണക്കം.