Sunday, July 25, 2010

അപ്പുവിന്റെ അത്ഭുതലോകവും മിനികഥകളും

ബൂലോകസഞ്ചാരത്തിന്റെ ഒന്നും

രണ്ടും
ഭാഗങ്ങൾക്ക് ലഭിച്ച പ്രോത്സാഹനമാണ്‌ ഈ പംക്തി തുടർന്ന് കൊണ്ട് പോകാൻ എന്നെ പ്രേരിപ്പിക്കുന്നത്. നിങ്ങൾ തരുന്ന പ്രോത്സാഹനം, കൂടുതൽ ഉത്തരവാദിത്വത്തോടെ ഈ പംക്തി കൈകാര്യം ചെയ്യാനും അതിനുവേണ്ടി കൂടുതൽ ബ്ലോഗുകളിലൂടെ സഞ്ചരിക്കാനും അതിലൂടെ എന്റെ വായനാലോകം വലുതാക്കാനും സഹായിച്ചു എന്നത് ഒരു വലിയ കാര്യമായി തന്നെ ഞാൻ കാണുന്നു. നന്ദി.

ഈ അടുത്ത് മാതൃഭൂമി ഓൺലൈൻ എഡിഷനിൽ ബ്ലോഗിനെ കുറിച്ച് രണ്ട് ലേഖനങ്ങൾ വായിക്കാനിടയായി. ഒന്ന്

ബ്ലോഗ് എഴുതുന്നവരുടെ മനസ്സ് മനസ്സിലാക്കാനുള്ള ഒരു സോഫ്റ്റ് വെയർ കണ്ടുപിടിക്കപ്പെട്ടു എന്നതാണ്‌. രണ്ടാമത്തേത്
ബ്ലോഗ് എഴുതുന്നവരുടെ പ്രായവും ബ്ലോഗേർസിലെ സ്ത്രീ-പുരുഷ ആനുപാതത്തെക്കുറിച്ചുള്ള കണക്കുകളും മറ്റുമാണ്‌. ആദ്യത്തെ ലേഖനത്തെക്കുറിച്ച് ബൂലോകസഞ്ചാരത്തിൽ പ്രതിപാദിക്കുന്നതിൽ തീരെ ഔചിത്യമില്ല. മറിച്ച് രണ്ടാമത്തെ ലേഖനത്തെ കുറിച്ച് ചിലത് പറയട്ടെ. പ്രസ്തുത ലേഖനത്തിൽ ലോകത്തിൽ ഏറ്റവുമധികം ബ്ലോഗിങ്ങ് നടക്കുന്നത് അമേരിക്കയിലാണെന്നും (29.2%), 2.14% എന്ന കണക്കിൽ ലോകത്തിൽ ബ്ലോഗിങ്ങിൽ പന്ത്രണ്ടാം സ്ഥാനക്കാരാണ്‌ ഇന്ത്യ എന്നും പറയുന്നു. അതേ പോലെ തന്നെ ബ്ലോഗിലെ സ്ത്രീ-പുരുഷാനുപാതം 50.9-49.1 എന്നതാണെന്നും പ്രസ്തുത ലേഖനത്തിൽ പഠനങ്ങളുടെ സഹായത്തോടെ രേഖപ്പെടുത്തിയിരിക്കുന്നു. ഇവിടെ ഞാൻ പറയാനുദ്ദേശിച്ചത്, ഈ ലേഖനത്തിൽ ഒരിടത്തും നാളത്തെ പൌരന്മാരായ ഇന്നത്തെ കുട്ടികളുടെ ബ്ലോഗിങ്ങിനെ കുറിച്ച് പറഞ്ഞു കണ്ടില്ല എന്നതാണ്‌. ഒരു പക്ഷെ, ലോകത്താകമാനമുള്ള മൊത്തം ബ്ലോഗിന്റെ കണക്കെടുപ്പ് നടത്തിയാൽ ആനുപാതികമായി വളരെ കുറവാണ് അവരുടെ എണ്ണം എന്നതാകാം അതിനു കാരണം.

പക്ഷെ, ഇവിടെ നമ്മുടെ ഈ കൊച്ച് ബൂലോകം വ്യത്യസ്ഥമാകുന്നു. ബ്ലോഗർമാരെയും ബ്ലോഗിണികളെയും പോലെതന്നെ ബ്ലോഗുണ്ണികളും നമ്മുടെ ഈ കൊച്ചുലകത്തിൽ ഒട്ടേറെയുണ്ട്. ഒരു പക്ഷെ രാഷ്ട്രീയക്കാരന്റെ മക്കൾ രാഷ്ട്രീയക്കാരനും ഡോക്ടറുടെ മക്കൾ ഡോക്ടറും ആവണം എന്ന മലയാളിയുടെ ചിന്തയാവാം ഈ ബ്ലോഗുണ്ണികളുടെ മലയാളത്തിലെ വളർച്ചക്ക് കാരണം. പക്ഷെ, ഒന്ന് പറയാതെ വയ്യ, ഒരു പ്ലാറ്റ്ഫോം ഒരുക്കിക്കൊടുക്കാനേ മാതാപിതാക്കൾക്ക് കഴിയു എന്നിരിക്കിലും ഇത്തരം ബ്ലോഗുണ്ണികൾ അവരുടെ കഴിവു കൊണ്ട് തന്നെ ഇവിടെ സ്ഥാനം ഉറപ്പിക്കുന്നു എന്ന് നിസ്സംശയം പറയാം. അത്തരത്തിൽ ജന്മനാ ലഭിച്ചിരിക്കുന്ന മൾട്ടി ടാലന്റ് ബ്ലോഗിലൂടെ നമുക്ക് മുൻപിൽ തുറക്കുന്ന ഇത്തരം കുട്ടികൾ തിർച്ചയായും പ്രശംസയും മുൻഗണനയും അർഹിക്കുന്നു . അതുകൊണ്ട് തന്നെ അത്തരം ഒരു ബ്ലോഗിലൂടെ ആവാം ഇത്തവണ നമ്മുടെ ആദ്യ സഞ്ചാരം.

രാധിക

, പൊന്നൂട്ടൻ
, തസ്ലീം
, മുതലായവർ തുറന്നിട്ട വഴികളിലേക്ക് ഇവരെപോലെ തന്നെ സർഗ്ഗശേഷികൊണ്ട് കടന്ന് വന്ന ഒരു ആറാം ക്ലാസുകാരന്റെ അത്ഭുതലോകത്തിലൂടെ നമുക്ക് ഒന്ന് സഞ്ചരിക്കാം. അപ്പുവിന്റെ അത്ഭുതലോകം
എന്ന പേര്‌ കേട്ടപ്പോൾ പെട്ടന്ന് വിഖ്യാതമായ ആലീസ് ഇൻ വണ്ടർലാന്റ് ഓർത്തുപോയി. തികച്ചും ശരിവക്കുന്നതായിരുന്നു ബ്ലോഗും. ഒരു പ്രത്യേക ചട്ടക്കൂടിൽ ഒതുങ്ങാതെ, അവന്റെ "കൊച്ചുമനസ്സിൽ തോന്നുന്ന സാങ്കല്പീകമായ ചിന്തകൾ കോറിയിടാൻ ഒരിടം" എന്നാണ്‌ അശ്വിൻ
എന്ന അപ്പു ബ്ലോഗ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അവന്റെ തന്നെ ഭാഷ്യം.

ചുവരുകളിൽ കരികൊണ്ട് വരച്ചു തെളിഞ്ഞ പഴയ രവിവർമ്മ കാലഘട്ടമല്ല ഇതെന്നും, രാത്രിയിൽ ഉറക്കമുണർന്ന് ചായപെൻസിലുകളും ചായക്കൂട്ടുകളുമായി കിന്നാരം പറഞ്ഞ് ഏഴാം വയസ്സിൽ അഗാധമായ നിദ്രയെ പുല്കിയ ക്ലിന്റിന്റെയും കാലമല്ല ഇതെന്നും തീർച്ചയുണ്ട് അശ്വിന്‌. കൊച്ചുമനസ്സിലെ ഭാവനയിൽ വിരിഞ്ഞ മനോഹരമായ ചിത്രങ്ങൾ ഇന്റര്‍നെറ്റിന്റെ അനന്തസാദ്ധ്യതകളിലേക്ക് തുറന്നിട്ടിരിക്കുന്നു അശ്വിൻ. ഒരു നല്ല ചിത്രകാരന്‌ വേണ്ട എല്ലാ ക്രാഫ്റ്റും ആ ചിത്രങ്ങളിൽ നമുക്ക് കാണാം. ഒരു പക്ഷെ, രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുമുള്ള നല്ല സപ്പോർട്ട് ഉണ്ടാകാം. ഇവിടെ രക്ഷിതാക്കളുടെ സപ്പോർട്ട് എന്ന പ്രയോഗം ഒരിക്കലും നെഗറ്റീവ് അർഥത്തിലല്ല എന്ന് പറയട്ടെ. കാരണം ചിത്രമെഴുത്ത്, പോഡ്കാസ്റ്റിങ്ങ്, വ്ളോഗിങ്ങ് അങ്ങിനെ ബ്ലോഗിലെ മിക്ക മേഖലകളിലൂടെയും സഞ്ചരിച്ച് ശരിക്കും അവിടെയെത്തുന്നവരെ ഒരു അത്ഭുതലോകത്തേക്ക് നയിക്കാൻ കഴിയുന്നുണ്ട് അശ്വിന്‌. വൈലോപ്പിള്ളിയുടെ പ്രശസ്തമായ മാമ്പഴം അശ്വിൻ ചൊല്ലിയിരിക്കുന്നത് കേട്ട് ഒരു നിമിഷം പഴയ സ്കൂൾ കാലത്തേക്ക് സഞ്ചരിച്ചു. ഇന്നത്തെ കുട്ടികളാണ്‌ നാളത്തെ പൌരന്മാരെന്ന ജവഹർലാൽ നെഹ്രുവിന്റെ വാക്കുകൾ കടമെടുത്ത് കൊണ്ട് പറയട്ടെ തീർച്ചയായും പരിഗണന അർഹിക്കുന്നു ഈ കുട്ടിബ്ലോഗർ.

കുട്ടികളെ കുറിച്ച് പറയുമ്പോൾ അതോടൊപ്പം നമ്മുടെ മനസ്സിലേക്ക് പെട്ടന്ന് കടന്ന് വരുന്നത് അദ്ധ്യാപകരാണ്‌. ഏതൊരു കുട്ടിയുടെയും വിജയത്തിനും പിന്നിൽ മാതാപിതാക്കളോളം അല്ലെങ്കിൽ അവരേക്കാൾ ഏറെ സ്വാധീനം ചെലുത്താൻ കഴിയുന്നു ഗുരുനാഥന്മാർക്ക്. ഇന്ന് മലയാള ബ്ലോഗുകളിൽ ഒട്ടേറെ അദ്ധ്യാപകർ നിറഞ്ഞ സാന്നിദ്ധ്യമാണ്‌ എന്നതിൽ തർക്കമില്ല തന്നെ. എന്തിനേറെ പറയണം, ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന മലയാള ബ്ലോഗ് തന്നെ കേരളത്തിലെ ഗണിതശാസ്ത്ര അദ്ധ്യാപകരുടെ കൂട്ടായ്മയായ മാത്സ് ബ്ലോഗ്

ആണെന്നത് തർക്കമില്ലാത്ത വസ്തുതയാണ്‌. പക്ഷെ, അതൊക്കെ ഈ കാലഘട്ടത്തിലെ, ഒന്ന് കൂടി തെളിച്ച് പറഞ്ഞാൽ ഈ കമ്പ്യൂട്ടർ യുഗത്തിലെ ഒരു പറ്റം അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ പരിപാലിക്കപ്പെടുന്നതാണ്‌. പക്ഷെ, ഇവിടെ നമുക്ക് പഴഞ്ചൻ വിദ്യാഭ്യാസ രീതികൾ പിൻതുടർന്നിരുന്ന കാലഘട്ടത്തിൽ, അല്ലെങ്കിൽ കമ്പ്യൂട്ടർ യുഗമൊന്നും സ്വപ്നം കാണാതിരുന്ന ഒരു കാലഘട്ടത്തിൽ അദ്ധ്യാപികയായിരുന്ന, ഇന്ന് വിരസമാകുമായിരുന്ന വിശ്രമജീവിതം സ്വപ്രയത്നത്താൽ ആധുനീകവല്‍ക്കരിച്ച, റിട്ടേയേർഡ് ജീവിതത്തിൽ ബ്ലോഗിൽ സജീവമായ പഴയ ഒരു ജീവശാസ്ത്ര അദ്ധ്യാപികയുടെ ബ്ലോഗിലൂടെ ഒരു ചെറിയ സഞ്ചാരം നടത്താം.

പൊതുവെ ഭാഷാദ്ധ്യാപകരല്ലാത്തവരെ കുറിച്ചുള്ള ഒരു ആക്ഷേപമാണ്‌ കഠിനഹൃദയരെന്നത്. തമാശകൾ ആസ്വദിക്കാത്ത, കാല്പനീകത ഇഷ്ടപ്പെടാത്ത ശാസ്ത്രകൌതുകങ്ങളിലും ചരിത്രഗവേഷണങ്ങളിലും മാത്രം മനസ്സ് ഉറപ്പിക്കുന്നവരാണ്‌ ഇത്തരക്കാരെന്ന് പൊതുഭാഷ്യം. അതിൽ പ്രത്യേകസ്ഥാനം തന്നെയാണ്‌ ജിവശാസ്ത്ര അദ്ധ്യാപകർക്ക് ഉള്ളത് എന്ന് പറയാതെ വയ്യ. ഇവിടെ അത്തരം ചട്ടക്കൂടുകളെ പൊളിച്ചെഴുതുകയാണ്‌, മിനി

എന്ന പേരിൽ ബ്ലോഗ് എഴുതുന്ന കണ്ണൂർ സ്വദേശി റിട്ടയേർഡ് ഹൈസ്കൂൾ വിഭാഗം ജീവശാസ്ത്ര അദ്ധ്യാപികയായ സൌമിനി സ്വന്തം ബ്ലോഗുകളിലൂടെ. മിനി കഥകൾ, മിനി നർമ്മം, മിനി ചിത്രശാല, മിനി ലോകം അങ്ങിനെ എഴുത്തുപുരകൾ ഒട്ടേറെയുണ്ട് ടീച്ചർക്ക്. എല്ലാം മികച്ചവ എന്ന് പറഞ്ഞാൽ അത് അതിശയോക്തിയാവും. എല്ലാ പോസ്റ്റുകളും ഒരേ നിലവാരം പുലർത്തുന്നതല്ലെങ്കിലും മിനി നർമ്മ
മെന്ന ബ്ലോഗ് ഒരു ജീവശാസ്ത്ര അദ്ധ്യാപികക്ക് നാം മനസ്സിൽ കൊടുക്കുന്ന ഇമേജിനെ മാറ്റിമറിക്കാന്‍ ഉതകുന്നതാണെന്ന് നിസ്സംശയം പറയാം. "ജീവിതത്തിൽ ഞാൻ നടന്നുപോയ പാതകളിലും പാതയോരത്തും വച്ച് പരിചയപ്പെട്ട കഥാപാത്രങ്ങളെ പഞ്ചസാര ചേർത്ത നർമ്മത്തിൽ മുക്കിയെടുത്ത് അതോടൊപ്പം ആവശ്യത്തിന് കയ്പ്പും എരിവും പുളിയും ചേർത്ത് ഉപ്പിട്ട് ഇളക്കി വറുത്ത് പാകമായപ്പോൾ കോരിയെടുത്ത് വിളമ്പുകയാണെന്നും , അവനവന്റെ ആവശ്യമനുസരിച്ച് എടുത്ത് കഴിക്കാം എന്നും ,ഇത് കഴിച്ച് പ്രഷറോ ഷുഗറോ കൊളസ്റ്റ്രോളോ ദഹനക്കേടോ ഉണ്ടായാൽ പാകം ചെയ്ത ഞാൻ ഉത്തരവാദി അല്ലെന്നും" നർമ്മം ചേർത്ത് ജാമ്യം എടുത്തിരിക്കുന്നു മിനി ടീച്ചർ.

പക്ഷെ, എനിക്കേറെ ഇഷ്ടപ്പെട്ടത്, ടിച്ചറുടെ മിനി കഥകളിലെ ജീവസ്സുറ്റ കഥകളാണ്. ആശയങ്ങളുടെ തിവ്രതകൊണ്ട് ചിന്തായോഗ്യമായ ഒട്ടേറെ കഥകൾ ഉള്ള മിനികഥകൾ വായന അർഹിക്കുന്നവ തന്നെ. ഞാൻ ബ്ലോഗിൽ സജീവമായ കാലഘട്ടം മുതൽ ഇന്ന് വരെ ശ്രദ്ധയോടെ വീക്ഷിക്കുന്ന ഒരു ബ്ലോഗ് ആണ്‌ മിനിക്കഥകൾ

. എന്തുകൊണ്ട് എനിക്ക് മുൻപേ സജീവമായ ഒരു ബ്ലോഗറെ ഇവിടെ പരിചയപ്പെടുത്തുന്നു എന്ന ന്യായമായ ഒരു ചോദ്യം ഇവിടെ അവശേഷിക്കുന്നു. അതുകൊണ്ട് തന്നെ അല്പം മടിയോടെയാണ്‌ ഇത് കുറിക്കാനിരുന്നത്. അർഹിക്കുന്ന പരിഗണന കിട്ടാത്തത് കൊണ്ട് നല്ല ബ്ലോഗുകൾ അസ്തമിക്കരുതെന്ന ഒരു ചിന്ത മനസ്സിൽ വന്നപ്പോൾ ഇതിലൂടെയും ഒന്ന് സഞ്ചരിക്കാം എന്ന് തോന്നിയെന്ന് മാത്രം പറയട്ടെ. മിനിക്കഥകൾ എന്ന് കണ്ടപ്പോൾ ആദ്യം കരുതിയത് പി.കെ.പാറക്കടവിനെയും, കിളിരൂർ രാധാകൃഷ്ണനെയും ഒക്കെ പോലെ കൊച്ചുകഥകൾ എഴുതുന്ന ഒരിടം ആവുമെന്നാണ്‌. കഥകളുടെ വലുപ്പത്തേക്കാൾ ആശയങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ഒരിടം എന്ന് തിരുത്തേണ്ടി വന്നു ആ ബ്ലോഗിലൂടെ സഞ്ചരിച്ച് കഴിഞ്ഞപ്പോൾ. ഒരു റോബോട്ടിന്റെ പിറന്നാൾ, ചിരിപ്പിച്ച് പീഡനം നടത്തുന്ന കട്ടുറുമ്പ്, അമ്മമനസ്സ്, തുടങ്ങിയ ചില കഥകളിലൂടെ ഒന്ന് സഞ്ചരിച്ചാൽ വീണ്ടും നമ്മൾ മിനികഥകളിലൂടെ യാത്രചെയ്യും എന്ന കാര്യത്തിൽ തർക്കമില്ല.

ഒരു കാര്യം നിസ്സംശയം പറയാം. അപ്പുവിന്റെ അത്ഭുതലോകത്തിലൂടെയും മിനികഥകളിലൂടെയും ഒന്ന് സഞ്ചരിച്ചാൽ വീണ്ടും അവിടെ ഒരിക്കൽ കൂടി എത്തിനോക്കാനുള്ള ഒരു പ്രേരണ ഈ ബ്ലോഗുകൾ പ്രദാനം ചെയ്യുന്നുണ്ടെന്നത് വലിയ ഒരു കാര്യം തന്നെയാണ്‌. വായന അർഹിക്കുന്ന ഇത്തരം ബ്ലോഗുകളെ പ്രായഭേദമന്യേ, ലിംഗഭേദമന്യേ നമുക്ക് നെഞ്ചേറ്റാം.


Saturday, July 10, 2010

മരണം വെക്കലും പലതും പറഞ്ഞിരിക്കാന്‍ ഒരു വരാന്തയും

ലയാള ഭാഷയുടെ പിതാവ് എഴുത്തച്ചന്‍ തന്നെയെങ്കിലും മലയാള സാഹിത്യ തറവാട്ടിലെ നാലുകെട്ടിനും ഏണിപ്പടികള്‍ക്കും എല്ലാം അവകാശികള്‍ ഉണ്ടെങ്കിലും മലയാള സാഹിത്യത്തെ വിശ്വവിഖ്യാതമാക്കുന്നതില്‍, സാഹിത്യത്തെ സാധാരണക്കാരനിലേക്ക് എത്തിച്ചതിൽ ബേപ്പൂര്‍ സുല്‍ത്താന്റെ പങ്ക് ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല. നമ്മുടെ നിരക്ഷരന്റെ വചനം കടമെടുത്താല്‍ സുല്‍ത്താന്‍ ഒന്നയുള്ളൂ.. അന്നും ഇന്നും എന്നും... സാധാരണക്കാരന് കൂടി വേണ്ടിയാവണം സാഹിത്യം എന്ന്‍ നമ്മെ ഓര്‍മ്മിപ്പിച്ച, സ്ഥലത്തെ പ്രധാന ദിവ്യന്‍ നമ്മെ വിട്ട് പോയിട്ട് ഇന്ന് 16 വര്‍ഷങ്ങള്‍ തികയുന്നു. മഹാ പ്രതിഭയുടെ മുന്നില്‍ ശിരസ്സ് നമിച്ചു കൊണ്ട് , അത് കൊണ്ട് തന്നെ ഇക്കുറി ബൂലോകസഞ്ചാരത്തില്‍ ഭൂലോകത്ത് സ്വന്തം കഴിവുകള്‍ തെളിയിച്ച ശേഷം ബൂലോകത്തേക്ക് വന്ന ഒരു ചെറുപ്പക്കാരനെ പരിചയപ്പെടുത്തട്ടെ..

മാരണം വെക്കല്‍
ബാലചന്ദ്രന്‍ ചുള്ളിക്കാടിനും ബെന്യാമിനും മുരുകന്‍ കാട്ടാക്കടക്കും ഒക്കെ പിന്നാലെ ഒട്ടേറെ പ്രമുഖ എഴുത്തുകാര്‍ ഇന്ന് ബൂലോകത്ത് അവരുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. അത്തരത്തില്‍ പെട്ട ഒരാളാണ്‌ ജനം എന്ന ആദ്യ കഥാ സമാഹാരത്തിലൂടെ കേരള സാഹിത്യ അക്കാദമിയുടെ ഗീത ഹിരണ്യന്‍ എന്റോവ്മെന്റും , വെള്ളരിപ്പാടം എന്ന രണ്ടാമത്തെ കഥാസമാഹാരത്തിലൂടെ മാധവിക്കുട്ടി പുരസ്കാരവും സ്വന്തമാക്കിയ പി.വി.ഷാജികുമാർ . ഒരു പക്ഷെ വായനക്കാര്‍ കുറവ് എന്ന തോന്നല്‍ ആവാം ഒത്തിരി രചനകളൊന്നും ഷാജിയുടെ മാരണം വെക്കല്‍ എന്ന ബ്ലോഗില്‍ നമുക്ക് കാണാന്‍ കഴിയില്ല. പക്ഷെ, ചുരുക്കം ചില എഴുത്തുകളിലൂടെ തന്നെ ഷാജികുമാറിന്‌ ഒട്ടേറെ പറയാനുണ്ടെന്ന ഒരു തോന്നല്‍ നമ്മില്‍ ഉണര്‍ത്തുന്നുണ്ട്. മഴക്കാലത്തിലെ കുട്ടേട്ടന്‍, ഉന്മാദികളുടെ വേനല്‍ വര്‍ഷങ്ങള്‍ക്ക് എന്നിവയിലൂടെ നമ്മില്‍ പലര്‍ക്കും നഷ്ടമായ ഗ്രാമത്തിന്റെ നൈര്‍മ്മല്യവും സുഖകരമായ ഓര്‍മ്മകളും ഷാജികുമാര്‍ പ്രദാനം ചെയ്യുന്നു. മാധ്യമം ആഴ്ചപ്പതിപ്പിലും പിന്നീട് വെള്ളരിപ്പാടത്തേക്കും പറിച്ചുനട്ട മരണത്തെക്കുറിച്ച് ഒരു ഐതീഹ്യം എന്ന കഥയിലൂടെ തന്നെ പറയാന്‍ ഒട്ടേറെയുണ്ടെന്ന് ഷാജികുമാര്‍ സൂചിപ്പിക്കുന്നു. ഒരു പക്ഷെ , ബ്ലോഗ് വായിക്കാതെ വിടുന്നതിലൂടെ നമ്മള്‍ നഷ്ടപ്പെടുത്തുന്നത് നല്ല വായനയുടെ ലോകമാവാം എന്ന് തോന്നുന്നു.

പലതും പറഞ്ഞിരിക്കാന്‍ ഇതാ ഒരു വരാന്ത'

ചന്തുവിനെ എഴുതി നന്നാക്കാന്‍ ഒരു എം.ടിയുണ്ടായെങ്കില്‍ പാവം ദുശ്ശാസനനെ എഴുതിപോലും നന്നാക്കാന്‍ ആരും തയ്യാറായില്ലെന്നും ദുശ്ശാസനന്‍ എന്ന മഹാനുഭാവന്റെ പേരിലും ഇരിക്കട്ടെ ഒരു ബ്ലോഗ് എന്നും പറഞ്ഞ് കേട്ടപ്പോള്‍ ഒരു ചിരിയോടെയാണ്‌ 'പലതും പറഞ്ഞിരിക്കാന്‍ ഇതാ ഒരു വരാന്ത' എന്ന ബ്ലോഗിലേക്ക് കയറിയത്. വരാന്തയില്‍ എഴുതി തകര്‍ത്തിരിക്കുന്നത് ഒട്ടേറെ കാര്യങ്ങള്‍. ഒരു പ്രത്യേക ചട്ടക്കൂടില്‍ തളച്ചിടപ്പെടാതെ അനുഭവം , ആക്ഷേപഹാസ്യം, കഥ, നര്‍മ്മം, വാര്‍ത്ത, സാമൂഹീകം , സിനിമ എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ ദുശ്ശാസനന്‍ ചെയ്തിട്ടുണ്ട്. അങ്ങാടി തെരു ഒരു അനുഭവം എന്നതിലൂടെ ഒരു സിനിമാ ആസ്വാദനം എങ്ങിനെ തെയ്യാറാക്കാം എന്നതിന്റെ നല്ലൊരു ഉദാഹരണമാണീ പോസ്റ്റ്. സിനിമ കാണാന്‍ നമ്മെ ശരിക്കും പ്രേരിപ്പിക്കുന്നു ഒരു വിവരണത്തിലൂടെ. ദോപനഹള്ളി ബസ്സ്റ്റോപ്പിലെ പെണ്‍കുട്ടി, സ്വര്‍ണ്ണനിറത്തിലുള്ള പേന, ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു എന്നീ കുറെ നല്ല കഥകളും അതോടൊപ്പം കുറേയേറെ നര്‍മ്മ പോസ്റ്റുകളും പലതും പറഞ്ഞിരിക്കുന്ന വരാന്തയില്‍ കണ്ടു. രസകരമായ രീതിയില്‍ പലതും ദുശ്ശാസനനന്‍ ഒരു പക്ഷെ ആദ്യം പറഞ്ഞപോലെ യഥാര്‍ത്ഥ ദുശ്ശാസനന്റെ പ്രതിച്ഛായ നന്നാക്കാന്‍ കച്ചകെട്ടിയിറങ്ങിയതാവാം.

ഇവരെപ്പോലെ വേറെയും ചിലരെയെല്ലാം സഞ്ചാരത്തിനിടയില്‍ കണ്ടെത്തി. മനോഹരമായി എഴുതാന്‍ കഴിയുന്നവര്‍ ഒത്തിരിയുണ്ടീ ബൂലോകത്തില്‍ എന്നത് സന്തോഷമുള്ള കാര്യം തന്നെ. ഇനിയും അത്തരത്തിലുള്ള ചിലരുമായി നമുക്ക് ഇവിടെ കണ്ടുമുട്ടാം എന്ന പ്രതീക്ഷയോടെ

Monday, July 5, 2010

സ്വര്‍ഗ്ഗവും ചാമ്പലും

വായന മരിക്കുന്നു എന്ന മുറവിളികള്‍ക്കിടയില്‍ വീണ്ടും ഒരു വായാനാ ദിനം കൂടി.. സത്യത്തില്‍ വായന മരിക്കുന്നുണ്ടോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. വായന ഒരു പരിധി വരെ ഇപ്പോളും ഉണ്ട് എന്ന് തന്നെ വിശ്വാസം. ചിലപ്പോള്‍ അതിന്റെ രീതികളില്‍ മാറ്റം വന്ന് തുടങ്ങിയിട്ടുണ്ടാവാം. പണ്ട് പബ്ലിക്ക് ലൈബ്രറികളിലേയും വായനശാലയിലേയും അടിവരയിട്ടും കമന്റുകള്‍ എഴുതിയും ഏടുകള്‍ കീറിപ്പോയതുമായ പുസ്തകങ്ങള്‍ വായിക്കുന്ന ഒരു സുഖം പ്രദാനം ചെയ്യില്ലെങ്കില്‍ കൂടി ഇന്നത്തെ പുത്തന്‍ വായന രീതികളെ നമുക്ക് തള്ളികളയാന്‍ കഴിയില്ല. - വായനയില്‍ നിന്നും സുഖം കണ്ടെത്താന്‍ തുടങ്ങിയിരിക്കുന്നു നമ്മുടെ തിരക്കുപിടിച്ച പുതു സമൂഹം. ഫാസ്റ്റ് ഫുഡ് പോലെ തന്നെ നമ്മെ ഇന്ന് വല്ലാതെ ഭ്രമിപ്പിക്കുന്നു ഫാസ്റ്റ് റീഡിങ്ങും. ഒപ്പം എഴുത്തുകാരനോട് കൂടുതല്‍ സംവേദിക്കാന്‍ കഴിയുന്നു എന്നതിനാലും ബ്ലോഗ് എന്ന മാധ്യമത്തിന്‌ ഇന്ന് ശരാശരിക്കാരന്റെ വായനയില്‍ വലിയ സ്ഥാനം ലഭിച്ചു തുടങ്ങിയിരിക്കുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഇനി എഴുത്തുകളെല്ലാം - ലിപികളിലേയുള്ളു എന്ന്‍ സി.രാധാകൃഷ്ണന്‍ പറഞ്ഞപ്പോള്‍ നെറ്റിചുളിച്ച പലരും ഇന്ന് ബ്ലോഗെഴുത്തിലും വായനയിലും സജീവമാണെന്ന് പറയുമ്പോള്‍ അറിയാം എത്രത്തോളം മാധ്യമം നമ്മെ സ്വാധീനിച്ചിരിക്കുന്നു എന്ന്. പക്ഷെ, നേരത്തെ സൂചിപ്പിച്ച പോലെ തിരക്കിട്ട ഓട്ടത്തിനിടയില്‍ പലപ്പോഴും സാന്‍ വിച്ചിലേക്കും ബെര്‍ഗറിലേക്കും ഷവര്‍മ്മയിലേക്കും മറ്റും നമ്മുടെ ഭക്ഷണ അഭിരുചികളെ നമ്മള്‍ മാറ്റി ശീലിപ്പിച്ചപ്പോഴും പഴയ തട്ട് ദോശകള്‍ കിട്ടുന്ന കടകള്‍ കണ്ടാല്‍ മലയാളി വണ്ടി ഒതുക്കാന്‍ ശ്രമിക്കാറുണ്ട്. പക്ഷെ അത് തേടി നടന്ന് നമ്മുടെ വിലപ്പെട്ട സമയം കളയാന്‍ പലപ്പോഴും നമ്മള്‍ മടികാണിക്കുന്നു എന്നതാണ്‌ വാസ്തവം. അതുകൊണ്ട് അത്തരം ഭക്ഷണം കിട്ടുന്ന സ്ഥലങ്ങളിലേക്ക് നിങ്ങളെ എത്തിക്കാനുള്ള ഒരു ചെറിയ ശ്രമമാണ്‌ ഇവിടെ നടത്തുന്നത്. കൃത്യമായ ഒരു ഇടവേളയില്‍ ഇത് വരുമെന്ന് ഒരു ഉറപ്പും എനിക്ക് തരാന്‍ കഴിയില്ല. നല്ലത് കണ്ടാല്‍ അവിടെ നമുക്ക് വീണ്ടും കാണാം എന്ന് മാത്രം ഉറപ്പ് തന്ന് കൊണ്ട് രണ്ട് കുഞ്ഞ് ബ്ലോഗുകളെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തട്ടെ..

സ്വര്‍ഗ്ഗം
സ്വര്‍ഗ്ഗം എന്നും നമ്മുടെ സ്വപ്നങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന ഒന്നാണ്‌. സ്വര്‍ഗ്ഗത്തിന്റെ കവാടം തുറക്കാനായിട്ട് നമ്മള്‍ മുട്ടാത്ത വാതിലുകളോ കയറിയിറങ്ങാത്ത ആരാധനാലയങ്ങളോ ഇല്ല. അതുകൊണ്ട് തന്നെ സ്വര്‍ഗ്ഗത്തില്‍ നിന്നും തന്നെ നമുക്ക് യാത്ര തുടങ്ങാം. ജാലകത്തിലൂടെയുള്ള ഒരു സഞ്ചാരത്തിനിടയില്‍ എപ്പോഴോ പോസ്റ്റ് ചെയ്തത് 'ആളവന്‍ താന്‍' എന്ന് കണ്ടപ്പോള്‍ ഏതോ ഒരു തമിഴ് ചുവയുള്ള ബ്ലോഗ് ആവും എന്ന് കരുതി വെറുതെ എത്തിനോക്കിയതാണീ സ്വര്‍ഗ്ഗത്തിലേക്ക്. ഹൃദയത്തില്‍ കൈകള്‍ ചേര്‍ത്ത് മനോഹരമായി മലയാളം പറഞ്ഞ് ചിരിച്ചു നില്‍ക്കുന്ന ഒരു ചെറുപ്പക്കാരനെ പെട്ടന്ന് വിട്ട് പോരാന്‍ നമുക്ക് ആവില്ല.

"എഴുത്ത് ഒപ്പമുണ്ടായിരുന്നു എന്നും ഡയറിക്കുറിപ്പുകളായും ചെറുകടലാസു തുണ്ടുകളായുമൊക്കെ.. ആരുമറിയാതെ ആരെയുമറിയിക്കാതെ നിശബ്ദമായി ഞാന്‍ ഒപ്പം കൂട്ടിയ എഴുത്ത്. വിരസമായ ഏകാന്തതയെ പതിയെ ഞാന്‍ ഇഷ്ടപ്പെട്ട് തുടങ്ങിയത് അങ്ങിനെയായിരുന്നു. പരന്ന വായനയുടെ കുറവ് നന്നായി പ്രതിഫലിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയിട്ടും എഴുത്ത് എന്ന ഭ്രാന്ത് എന്നെ കൊണ്ട് വീണ്ടും വീണ്ടും അത് ചെയ്യിച്ചുകൊണ്ടിരുന്നു. എനിക്കറിയാവുന്ന,എനിക്കു വഴങ്ങുന്ന, വളരെ സാധാരണമായ, എന്റെ ഭാഷയില്‍ , ശൈലിയില്‍ , ഡയറികളുടെ താളുകള്‍ക്കിടയില്‍ ശ്വാസം മുട്ടിയ അക്ഷരകൂട്ടങ്ങള്‍ ബ്ലോഗിലേക്ക് കുടിയേറിയത് അറിഞ്ഞപ്പോള്‍ , വൈകിയാണെങ്കിലും ഞാനും സഞ്ചരിക്കുന്നു അവയ്ക്കൊപ്പം. നിങ്ങളേയും ക്ഷണിക്കുന്നു എന്റെ സഞ്ചാരത്തിലേക്ക്.. സ്വാഗതം ചെയ്യുന്നു എന്റെ സ്വര്‍ഗ്ഗത്തിലേക്ക്.. " എന്ന ബ്ലോഗറുടെ വാക്കുകളേക്കാള്‍ മറ്റൊന്നും കൂടുതലായി പറയാന്‍ എനിക്ക് കിട്ടുന്നില്ല.

പോസ്റ്റുകളിലൂടെ പോയപ്പോള്‍ ഒരു പ്രത്യേക വിഷയത്തില്‍ തളക്കപ്പെടാതെ പലതും കൈകാര്യം ചെയ്തിരിക്കുന്നു ആളവന്‍ താന്‍ എന്ന വിമല്‍ .എം.നായര്‍. 'ഹര്‍ത്താല്‍' എന്ന കവിതയിലൂടെ ആക്ഷേപഹാസ്യവും 'മരണപക്ഷി' എന്ന പോസ്റ്റിലൂടെ സമകാലീക വിഷയത്തിലൂടെയും 'അച്ചായചരിതം - ഒരു ചെളികഥ'യിലൂടെ നര്‍മ്മവും തനിക്ക് വഴങ്ങുമെന്ന് ജോര്‍ദ്ദാനില്‍ ഒരു കമ്പനിയില്‍ സുരക്ഷാ ഉപദേഷ്ടാവായി ജോലി നോക്കുന്ന , തിരുവനന്തപുരം ചിറയന്‍ കീഴ് സ്വദേശിയായ ചെറുപ്പക്കാരന്‍ തെളിയിക്കുന്നു. വിമലിന്റെ കൊതുകുവല എന്ന കഥ വല്ലാത്ത ഒരു വായനാ സുഖം പകര്‍ന്നു നല്‍ക്കുന്നു. ചില സമയങ്ങളില്‍ ഒരു തിരക്കഥാരന്‍ കഥ പറയുന്ന പോലെ ഒരു ഫീല്‍ ഉണ്ടാക്കാന്‍ കൊതുകുവലയിലൂടെ വിമലിന്‌ കഴിഞ്ഞു. ഓര്‍മ്മകളുടെ, അനുഭവങ്ങളുടെ സ്വര്‍ഗ്ഗത്തിലേക്ക് ഒരിക്കലെങ്കിലും എത്തിനോക്കിയാല്‍, എനിക്ക് തോന്നുന്നു നല്ലൊരു വായനാനുഭവം അവിടെ നമുക്ക് ലഭിക്കുമെന്ന്..

ചാമ്പല്‍
സ്വര്‍ഗ്ഗത്തില്‍ നിന്നും എന്തിനേയും ചാമ്പലാക്കാന്‍ കഴിവുള്ള തീക്ഷ്ണമായ ഭാഷ സ്വായത്തമ്മാക്കിയ ഒരു ചെറുപ്പക്കാരിയിലേക്ക് നിങ്ങളെ നയിക്കട്ടെ. കഥകളുടെ വസന്തമായ ഋതുവില്‍ വല്ലാതെ മനസ്സിനെ ആകര്‍ഷിച്ച 'ഗ്രീഷ്മം തണുക്കുമ്പോള്‍' എന്ന കഥയിലൂടെയാണ്‌ അഞ്ജു നായരുടെ ചാമ്പലിലേക്ക് കടന്നുചെന്നത്. (കനല്‍ എന്ന മറ്റൊരു ബ്ലോഗ് കൂടി അഞ്ജുവിന്‌ സ്വന്തം).

രാമനുപേക്ഷിച്ച സീതയെ വാല്‍മീകിയുടെ ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ട് പോകാന്‍ വനവീഥികളിലൂടെ സീതയുടെ കൈപിടിച്ചുകൊണ്ട് ശൂര്‍പ്പണഖ!! ഒരു നിമിഷം എം.ടിയുടെ രണ്ടാമൂഴക്കാരനെ ഓര്‍ത്തു. പിന്നീട് അഞ്ജുവിനോട് സംസാരിച്ചപ്പോള്‍ മനസ്സിലായി രണ്ടാമൂഴക്കാരനെ 25 ഓളം വട്ടം ഒരു ഭ്രാന്ത് പോലെ വായിച്ചിട്ടുണ്ടെന്ന്. സത്യത്തില്‍ ഒരു ഒറ്റ കഥ മതിയായിരുന്നു അഞ്ജുവിലെ ക്രാഫ്റ്റ് മനസ്സിലാക്കാന്‍. വായിച്ചിട്ടുള്ളവര്‍ സാക്ഷ്യം!!

ചാമ്പലില്‍ കണ്ടതും വായിച്ചതും മുഴുവന്‍ തീക്ഷ്ണമായ ജീവിതാനുഭവങ്ങള്‍. അച്ചനും, കഥയില്ലായ്മയും, പിറക്കാതെ പോയ മകളും, കൃഷ്ണാ നീയും എല്ലാം.. എല്ലാം. കരുണം, അവ്യക്തം, കാല്പനീകം, സുതാര്യം, അനുഭവം, മരണം പോസ്റ്റുകളുടെ ലേബലില്‍ പോലുമുണ്ടാ തീക്ഷ്ണത.. പലതും നേരിട്ട് ചോദിച്ചറിഞ്ഞ ഞാന്‍, ഇത്ര ചെറുപ്രായത്തിലേ ഒത്തിരി ജീവിതാനുഭവങ്ങള്‍ ഉള്ള ഒരു കുട്ടിയെ കണ്ട് വല്ലാതെ പകച്ചുപോയി. ഒരു പക്ഷെ ജീവിതാനുഭവങ്ങളാവാം അഞ്ജു നായര്‍ എന്ന "അപ്പൂപ്പന്റെ കഥകളി പദങ്ങളും കവിതയും പഴം കഥകളും കേട്ട് വളര്‍ന്ന ബാലികക്ക്.. കറുത്ത കുപ്പിവളകളിഷ്ടപ്പെടുന്ന, വെള്ളിക്കൊലുസിന്റെ കിലുക്കം നടപ്പില്‍ സൂക്ഷിക്കുന്ന പെണ്‍കുട്ടിക്ക്.. ഭഗവാന്‍ കൃഷ്ണന്റെ ആരാധികക്ക് .. പ്രകടിപ്പിക്കാത്ത സ്നേഹം ഒരു പാട് മനസ്സില്‍ സൂക്ഷിച്ച ഒരമ്മയുടെ ഏകമകള്‍ക്ക് .. ഗുരുക്കന്മാരുടെ സ്നേഹം മനസ്സില്‍ കെടാവിളക്ക് പോലെ സൂക്ഷിക്കുന്ന ശിക്ഷ്യക്ക്.." ഇത്ര മനോഹമയായി എഴുതാന്‍ കഴിയുന്നത്. രണ്ടു പുഴകള്‍ക്കിടയില്‍ തേജസ്വിനി എന്ന കെട്ടിടത്തിലെ വൈഗ എന്ന ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ സബ് എഡിറ്ററുടെ ജോലിയും ചാമ്പലും കനലും ഋതുവുമായി ശാന്തം , സുന്ദരം, ജീവിതം എന്ന് പറയുമ്പോളും തീക്ഷ്ണമായ വാക്കുകള്‍ നമ്മോട് പറയുന്നു ഇവള്‍ നാളെയുടെ കഥാകാരി..

അല്പം നീണ്ടു എന്നറിയാം . പക്ഷെ വായനാ ദിനത്തില്‍ ഇത്രയും ചെയ്തപ്പോള്‍ ചെറിയൊരു ചാരിതാര്‍ത്ഥ്യം. തങ്ങളുടെ സ്വന്തമായ കഴിവുകള്‍കൊണ്ട് അനുഗ്രഹീതരായ ഇവരിലേക്കെത്താന്‍ ഞാന്‍ ഒരു നിമിത്തമായെങ്കില്‍ അത് ഒരു പക്ഷെ എന്റെ നിയോഗം. തിരക്കിട്ട നമ്മുടെ ജീവിത പാച്ചിലിനിടയില്‍ ഒരു നിമിഷം നമുക്ക് പഴമയിലേക്ക് പോകാന്‍, മലയാളത്തിന്റെ അക്ഷര സുഗന്ധം നുകരാന്‍, അത് കൈമോശം വന്നിട്ടില്ല എന്ന് സ്വയം ഊറ്റം കൊള്ളാന്‍ സ്വര്‍ഗ്ഗവും ചാമ്പലും നിങ്ങളെ സഹായിക്കുമെന്ന പ്രത്യാശയോടെ..