Monday, January 24, 2011

പുസ്തകവിചാരം.

ങ്ങിനെ ഒരു പുതുവര്‍ഷം കൂടെ സമാഗതമായി. കഴിഞ്ഞ വര്‍ഷത്തെ ബൂലോകത്തെ മൊത്തം കണക്കെടുത്താല്‍ ഒട്ടേറെ പുതിയ ബ്ലോഗുകള്‍ ഉണ്ടായെങ്കില്‍ പോലും പലതിലും വായനക്കാരുടെ അഭാവം മൂലം പോസ്റ്റുകളുടെ അപ്‌ഡേഷനുകള്‍ക്ക് വിമുഖത കാണിക്കുന്ന പ്രവണത ഉണ്ടായിരുന്നു. വര്‍ഷാവസാനത്തോട് അനുബന്ധിച്ച് കണ്ട കുറച്ച് കൂട്ടായ്മകള്‍ ആയിരുന്നു മലയാളം ബ്ലോഗുകള്‍ നിലനില്‍ക്കുമെന്ന തോന്നലുളവാക്കിയത്. ഇടപ്പള്ളിയിലെ ബ്ലോഗ് മീറ്റ്, മോഹപക്ഷി, കായംകുളം സൂപ്പര്‍ഫാസ്റ്റ്, മൌനത്തിനപ്പുറത്തേക്ക് എന്നീ ബ്ലോഗില്‍ നിന്നുമുള്ള പുസ്തകങ്ങളുടെ പ്രകാശന ചടങ്ങുകൾ. എറണാകൂളത്ത് നടന്ന അന്താരാഷ്ട്രാ പുസ്തകോത്സവത്തില്‍ ബ്ലോഗ് പുസ്തകങ്ങളെയും ബ്ലോഗെഴുത്തിനെയും മുഖ്യധാരയിലേക്ക് എത്തിക്കുവാനായി എന്‍.ബി. പബ്ലിക്കേഷന്റെ നേതൃത്വത്തില്‍ ഒരുക്കിയ സ്റ്റാളിന്‌ ബ്ലോഗര്‍മാര്‍ നല്‍കിയ അസൂയാവഹമായ പിന്തുണ, പാലക്കാട് വെച്ച് ഈണം ടീമിന്റെ നേതൃത്വത്തില്‍ നടന്ന പതിനയ്യായിരത്തിലധികം ഹിറ്റ് ഗാനങ്ങളൂടെ പ്രാഥമിക വിവരങ്ങളും മറ്റു പ്രോജക്റ്റുകളുമടങ്ങിയ മലയാളഗാനങ്ങള്‍ ഉള്‍പ്പെട്ട വെബ്സൈറ്റിന്റെ ലോഞ്ചിങ്, ബ്ലോഗ് എഴുതുന്നവരുടെയും ഇന്റര്‍നെറ്റിലെ സാഹിത്യാഭിരുചിയുള്ളവരുടേയും കൂട്ടായ്മയായ ശ്രുതിലയം ഓണ്‍ലൈന്‍ നടത്തിയ വാര്‍ഷീകാഘോഷങ്ങള്‍ക്ക് ബ്ലോഗര്‍മാര്‍ നല്‍കിയ പിന്തുണ, ബൂലോകം ഓണ്‍ലൈന്‍ പത്രത്തില്‍ നടന്ന സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡ് കോണ്ടസ്റ്റും അതിനെ തുടര്‍ന്ന് അനന്തപുരിയില്‍ നടന്ന ബൂലോക മീറ്റും... ഇതൊക്കെയായിരുന്നു 2010 ല്‍ ബ്ലോഗില്‍ ഓര്‍ത്തുവെക്കാന്‍ കഴിയുന്ന രീതിയില്‍ ഉണ്ടായ നല്ല കൂട്ടായ്മകൾ‍... ഇവയൊഴിച്ച് നിറുത്തിയാല്‍ ബ്ലോഗ് പോസ്റ്റുകളുടെ അഭാവം വളരെയധികം ഉണ്ടായ വര്‍ഷമായിരുന്നു കഴിഞ്ഞുപോയത്.

2011 തുടങ്ങി കുറച്ച് ദിവസങ്ങള്‍ക്കകം തന്നെ ബ്ലോഗെഴുത്തിനെ പ്രോത്സാഹിപ്പിക്കും വിധം ചില നല്ല കൂട്ടായ്മകള്‍ ഉടലെടുത്തു എന്നത് പ്രശംസനീയമായ കാര്യം തന്നെ. ഈ കുറച്ച് ദിവസങ്ങള്‍ക്കിടയില്‍ തന്നെ ബ്ലോഗ് എന്ന മാധ്യമത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കണമെന്നാഹ്വാനം ചെയ്തുകൊണ്ട് എറണാകുളത്തെ കായല്‍‌തീരത്ത് ഒരു കൊച്ചു ബ്ലോഗ് മീറ്റും, ഇ-ഭാഷയെ പ്രോത്സാഹിക്കുവാനായി ശില്പശാലകളും മറ്റും നടത്തി ബ്ലോഗിനെ കൂടുതല്‍ ജനകീയമാക്കണമെന്ന ഉദ്ദേശ്യത്തോടെ സാഹിത്യ അക്കാദമിക്ക് ഭീമഹര്‍ജ്ജിയും ഒക്കെയായി വര്‍ഷം സജീവമായി തുടങ്ങി. പല കാരണങ്ങള്‍ കൊണ്ട് കഴിഞ്ഞ രണ്ട് മാസവും ബൂലോകസഞ്ചാരത്തിലും പുതിയ പരിചയപ്പെടുത്തലുകള്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഒരു പരിധി വരെ ബ്ലോഗിങിലുണ്ടായിരുന്ന മാന്ദ്യം സഞ്ചാരത്തെയും ബാധിച്ചിരിക്കാം. ഈ വര്‍ഷം അത്തരം ഒരു അവസ്ഥ സംജാതമാവാതിരിക്കട്ടെ എന്ന്‍ ആഗ്രഹിച്ചുകൊണ്ട് സഞ്ചാരത്തിന്റെ 7 ഭാഗം ഇവിടെ കുറിക്കട്ടെ.

ബ്ലോഗിലെ പല മേഖലകളെ പറ്റി സഞ്ചാരത്തിന്റെ പല ഭാഗങ്ങളിലായി സൂചിപ്പിച്ചിരുന്നു. കഥ, കവിത,ലേഖനം,ഫോട്ടോഗ്രാഫി, യാത്രാവിവരണം, പോഡ്കാസ്റ്റിങ്, വ്ലോഗിങ്, ചിത്രമെഴുത്ത്, പാചകം..അങ്ങിനെ വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ബ്ലോഗുകള്‍ ഒട്ടേറെയുണ്ട്. ഇത്തരം വിഷയങ്ങളില്‍ ഒറ്റക്കും ഒരു ഗ്രൂപ്പായും ബ്ലോഗുകളും ഉണ്ട്. ബ്ലോഗിലെ കൂട്ടായ്മകളെ കുറിച്ച് പറഞ്ഞുകൊണ്ടാണ്‌ ഈ ലക്കം ആരംഭിച്ചത് എന്നത് കൊണ്ട് തന്നെ വ്യത്യസ്ഥമാര്‍ന്ന ഒരു ഗ്രൂപ്പ് ബ്ലോഗിലൂടെയാവട്ടെ ഇക്കുറി നമ്മുടെ സഞ്ചാരം.

ഒട്ടേറെ പേരുകേട്ട ഗ്രൂപ്പ് ബ്ലോഗുകള്‍ ഇന്ന് ബൂലോകത്ത് സജിവമാണ്‌. കേരളത്തിലെ ഗണിതശാസ്ത്ര അദ്ധ്യാപകരുടെ കൂട്ടായ്മയായ മാത്‌സ് ബ്ലോഗില്‍ തുടങ്ങിയാല്‍ ആല്‍ത്തറ, ചൊല്‍ക്കവിതകൾ‍, കഥയുടെ വസന്തമായ ഋതു, തുടങ്ങി ബൂലോകത്തിലെ വിവിധ എഴുത്തുകാരുടേതായി ചിതറിക്കിടക്കുന്ന യാത്രാവിവരണങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടെത്തിക്കുവാന്‍ യാത്രകള്‍ എന്ന വെബ്സൈറ്റില്‍ വരെ എത്തി നില്‍ക്കുന്നു ഈ ഗ്രൂപ്പ് ബ്ലോഗുകള്‍. ഇക്കൂട്ടത്തിലേക്ക് വൈവിധ്യം കൊണ്ട് ശ്രദ്ധേയമാവേണ്ട ഒരു ബ്ലോഗിനെയാണ്‌ ഇക്കുറി ബൂലോകസഞ്ചാരത്തില്‍ പരിചയപ്പെടുത്തുന്നത് - പുസ്തകവിചാരം.


ഈ ഗ്രൂപ്പ് ബ്ലോഗില്‍ ഞാനും ഭാഗഭാക്കാണെന്നും പക്ഷെ, അതിന്റെ പേരില്‍ അല്ല സഞ്ചാരത്തിന്റെ ഈ ഭാഗത്ത് ഈ ബ്ലോഗിനെ പരിചയപ്പെടുത്തുന്നത് എന്നും ആദ്യമേ പറയട്ടെ. ഇത്തരം ഒരു സം‌രംഭത്തില്‍ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെങ്കിലും ഇത് അറിയപ്പെടാതെ പോകരുതെന്ന് തോന്നിയത് കൊണ്ടാണ്‌ ഇവിടെ ഇക്കുറി ഈ ഗ്രൂപ്പ് ബ്ലോഗിനെ പരാമര്‍ശിക്കാം എന്ന് കരുതിയത് . അതിനുള്ള ഒന്നാമത്തെ കാരണം പുസ്തകങ്ങളെ ഒട്ടേറെ സ്നേഹിക്കുന്നവരാണ്‌ ഭൂരിഭാഗം മലയാളി ബ്ലോഗേര്‍സും എന്നത് തന്നെ. ഒരു പരിധിവരെ പുസ്തകങ്ങളുടെ ലഭ്യത കുറവാണ്‌ പലരേയും ബ്ലോഗ് എന്ന ഈ മാധ്യമത്തിലേക്ക് അടുപ്പിച്ചത് തന്നെ. ഒപ്പം, നല്ല പുസ്തകങ്ങള്‍ കണ്ടെത്തുവാനുള്ള, തിരഞ്ഞെടുക്കുവാനുള്ള സമയക്കുറവും ഒരു കാരണമാണ്‌. ഇത്തരം സാഹചര്യത്തിലാണ്‌ ബ്ലോഗില്‍ പുസ്തകപരിചയം, പുസ്തകറിവ്യൂ എന്നൊക്കെയുള്ള ലേബലുകളില്‍ വായിച്ച പുസ്തകങ്ങളെ പറ്റി പലരും പോസ്റ്റുകള്‍ ഇട്ടതും അവയൊക്കെ ബൂലോകം ഇരു കൈകളും നീട്ടി സ്വീകരിച്ചതും. എന്തിനേറെ ഈ ആവശ്യത്തിനു മാത്രമായി ബ്ലോഗുകള്‍ വരെ ഉണ്ട് എന്നത് ബൂലോകരുടെ പുസ്തകത്തോടുള്ള അഭിനിവേശമാണ്‌ കാണിക്കുന്നത്. പക്ഷെ ലോകത്തിന്റെ വിവിധഭാഗങ്ങളിലായി ബൂലോകര്‍ ചിതറിക്കിടക്കുന്ന പോലെ തന്നെ പലരുടേയും ബ്ലോഗിലെ ഒരു ചെറു വിഭാഗമായി പുസ്തകപരിചയങ്ങള്‍ ഒതുങ്ങിപോകുന്നു. അവിടെയാണ്‌ പുസ്തകവിചാരം എന്ന ഈ പുതിയ ഗ്രൂപ്പ് ബ്ലോഗിന്റെ പ്രസക്തി!! ഒരു പുസ്തകത്തെ പറ്റി അല്ലെങ്കില്‍ ഒരു കൂട്ടം പുസ്തകങ്ങളെ പറ്റി മലയാളത്തില്‍ വരുന്ന പോസ്റ്റുകളെ വായനക്കാരനുവേണ്ടി ഒരു ബ്ലോഗിലേക്ക് സമാഹരിക്കുക എന്ന ഒരു നല്ല ലക്ഷ്യത്തോടെ തുടങ്ങിയ ഈ ബ്ലോഗ് ഒരു പക്ഷെ മലയാളം ബ്ലോഗേര്‍സിനെന്നപോലെ തന്നെ പുസ്തകത്തെ സ്നേഹിക്കുന്ന എല്ലാ മലയാളിക്കും ഉപകാരപ്രദമാവും എന്ന കാര്യത്തില്‍ സംശയമില്ല തന്നെ. ഏതു ഭാഷയിലുള്ള പുസ്തകത്തെ പറ്റിയും അവലോകനമോ പരിചയപ്പെടുത്തലോ അല്ലെങ്കില്‍ വായിക്കുന്ന പുസ്തകങ്ങളെ പറ്റി ഒരു രണ്ട് പാരഗ്രാഫ് കുറിച്ചിട്ട് മറ്റുള്ളവരിലേക്ക് അത് എത്തിച്ച് കൂടുതല്‍ പേരെ പുസ്തകങ്ങളുടെ ലോകത്തേക്ക് എത്തിക്കുക എന്നതും ഈ ബ്ലോഗിന്റെ ഉദ്ദേശലക്ഷ്യമാണ്‌. പോസ്റ്റുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു പുസ്തകത്തെ പറ്റി തന്നെയുള്ള പലരുടേയും വ്യത്യസ്തമായ പോസ്റ്റുകള്‍ കൂടുതല്‍ മികച്ചവയിലേക്ക് നമ്മെ കൈപിടിച്ച് നയിക്കാന്‍ പ്രേരിപ്പിക്കും എന്നതുകൊണ്ട് ശ്രദ്ധേയമായി തോന്നി. ഈ ബ്ലോഗില്‍ വരുന്ന കൂടുതല്‍ , അല്ലെങ്കില്‍ ഇത് വരെ വന്നിട്ടുള്ള കൂടുതല്‍ പോസ്റ്റുകളും റീ പോസ്റ്റുകളാണ്‌. പക്ഷെ, ഇത്തരത്തില്‍ പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാനും പുസ്തകങ്ങളെ പറ്റി അറിയാനും ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്താനും ഒരിടം എന്നത് തികച്ചും നല്ല ഒരു ആശയമായി തോന്നി.

പട്ടിണിയായ മനുഷ്യാ നീ ,
പുസ്തകം കൈയിലെടുത്തോളു
പുത്തനൊരായുധമാണു നിനക്കത്
പുസ്തകം കൈയിലെടുത്തോളൂ - ബെര്‍തോള്‍ഡ് ബ്രെഹ്തിന്റെ വിഖ്യാതമായ ഈ വരികളാണ്‌ ബ്ലോഗിന്റെ ഹെഡറിലെ കുഞ്ഞുണ്ണിമാഷിന്റെ വരികള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. "വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും, വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും" - പുസ്തകങ്ങളെപറ്റിയും വായനയെ പറ്റിയും മലയാളിയുടെ അവബോധവും വേറിട്ട കാഴ്ചപാടും ഇവിടെ നിന്ന് തന്നെ തുടങ്ങുന്നു.

എന്റേതുകൂടെയായ പോസ്റ്റുകള്‍ ഉള്ളതിനാല്‍ പതിവ് പോലെ പോസ്റ്റുകളിലൂടെയുള്ള സഞ്ചാരം ഇക്കുറി ഒഴിവാക്കുകയാണ്‌. ഒന്ന് പറയാം. വരുംദിനങ്ങളില്‍ ഒരു പക്ഷെ, മലയാള പുസ്തകലോകത്തേക്കുള്ള മികച്ച ഒരു കണ്ണാടിയാവാം ഈ ബ്ലോഗ്. അതുപോലെ തന്നെ വായിക്കുന്ന പുസ്തകങ്ങളെ പറ്റിയുള്ള വ്യക്തിഗത അഭിപ്രായങ്ങള്‍ കുറിച്ചിടുവാന്‍ ഒട്ടേറെ പേരെ ഈ ബ്ലോഗ് പ്രേരിപ്പിക്കുകയും ചെയ്തേക്കാം. പുസ്തകങ്ങളെ പറ്റി ചര്‍ച്ചചെയ്യാനുള്ള - ചിതലരിക്കാത്ത അലമാരകളും ഇരട്ടവാലന്‍ ഓടിനടക്കാത്ത മാറാല പിടിക്കാത്ത ഷെല്‍ഫുകളും നിരത്തിവെച്ച ഒരിടം - ഒരു പുത്തന്‍ വായനശാലയാവട്ടെ ഈ പുസ്തകവിചാരം.

5 comments:

zephyr zia said... മറുപടി

നന്ദി മനോരാജ്!

Naushu said... മറുപടി

നല്ല കാര്യം...

സാബിബാവ said... മറുപടി

നല്ലത് മനൂ

മഹേഷ്‌ വിജയന്‍ said... മറുപടി

മനോരാജ്, പുസ്തകവിചാരം വായിച്ചു കൊണ്ടിരിക്കുന്നു..
എല്ലാവിധ ആശംസകളും..

khader patteppadam said... മറുപടി

തികച്ചും അഭികാമ്യം.