Friday, April 22, 2011

അമ്മൂന്റകുട്ടിയും സീതായനവും

വീണ്ടും ഉത്സവക്കാലം സമാഗതമായി. ഉത്സവങ്ങള്‍ എന്നും മലയാളിക്ക് ഒരു ആവേശമാണ്‌. പഴമയും പുതുമയും സന്നിവേശിക്കപ്പെടുന്ന അമൂര്‍ത്ത മുഹൂര്‍ത്തങ്ങള്‍. ചാനല്‍ കാഴ്ചകളും സിനിമയുമൊക്കെ നമ്മെ വല്ലാതെ ആവേശിക്കുമ്പോഴും വായനയെ മറക്കാതിരിക്കാന്‍ മലയാളി ശ്രദ്ധിക്കുന്നുണ്ട്. ഇന്നലെ സുസ്മേഷ് ചന്ദ്രോത്തിന്റെ പുതിയ പോസ്റ്റില്‍ മലയാളത്തിലെ വായനയുടേയും ഗ്രന്ഥശാലകളുടേയും എന്നാല്‍ അതോടൊപ്പം പ്രസിദ്ധീകരിക്കപ്പെടുന് പുസ്തകങ്ങളുടെ കോപ്പികളുടേയും കണക്കുകള്‍ തമ്മില്‍ ടാലിയാവാത്തതിന്റെ കാരണങ്ങളില്‍ ആശങ്കപ്പെട്ടുള്ള ഒരു ലേഖനം കണ്ടു. സുസ്മേഷ് പറഞ്ഞ കണക്കുകള്‍ വെച്ച് നോക്കിയാല്‍ കാര്യങ്ങള്‍ ഒരു പരിധി വരെ ശരിയാണ്‌ എന്ന് തോന്നുകയും ചെയ്യും. എന്നാല്‍ ഇത്തരം കണക്കുകളില്‍ അളക്കപ്പെടാതെ നല്ല എഴുത്തിനെ പ്രോത്സാഹിപ്പിക്കുകയാണ്‌ ബ്ലോഗിങ് ചെയ്യുന്നതും. അതിനു വേണ്ടി തന്നെയായിരുന്നു നമ്മുടെ ബൂലോകം ബൂലോകസഞ്ചാരമെന്ന ഈ പംക്തി തുടങ്ങിയതും. പക്ഷെ പല കാരണങ്ങള്‍ കൊണ്ടും ഇടക്കിടെ ബൂലോകത്തേക്കുള്ള ഈ സഞ്ചാരം ട്രാഫിക്ക് ജാമില്‍ പെട്ട് പോയിട്ടുണ്ട്. ക്ഷമ ചോദിച്ചുകൊണ്ട് വീണ്ടും തുടരട്ടെ.

പോസ്റ്റുകളുടെ എണ്ണത്തേക്കാളും ഹിറ്റ് കൌണ്ടറുകളില്‍ കാണിക്കുന്ന വലിയ അക്കങ്ങളേക്കാളും എഴുതിയ സൃഷ്ടികളുടെ മൂല്യത്തെ പരിഗണിക്കപ്പെടണം എന്നത് കൊണ്ട് തന്നെ ഈയിടെ വായിക്കാനിടയായ , വ്യത്യസ്ത രീതിയില്‍ എഴുതുന്ന, സമാനപേരുകളുള്ള രണ്ട് ബ്ലോഗേര്‍സിന്റെ ബ്ലോഗുകളിലൂടെ സഞ്ചരിക്കാം. ജാനകിയുടെ അമ്മൂന്റെകുട്ടിയും (ammuntekutty) സീതയുടെ സീതായനവുമാവട്ടെ ഇക്കുറി സഞ്ചാരത്തില്‍. സ്ഥിരം പോസ്റ്റ് അപ്ഡേഷനുകളുമായി ബ്ലോഗില്‍ സജീവ സാന്നിദ്ധ്യമായ ഒട്ടേറെ ബ്ലോഗുകള്‍ ഉള്ളപ്പോള്‍ എന്ത് കൊണ്ട് വിരലുകളില്‍ എണ്ണാവുന്ന പോസ്റ്റുകള്‍ മാത്രമുള്ള ഈ ബ്ലോഗുകള്‍ ഇതിലേക്കായി തിരഞ്ഞെടുത്തു എന്ന് ചോദിച്ചാല്‍ ഇവ വായിക്കപ്പെടേണ്ടതാണെന്ന ഉറച്ച വിശ്വാസമുള്ളത് കൊണ്ട് എന്ന ഒരു മറുപടിയേക്കാള്‍ മറ്റു ബ്ലോഗുകള്‍ വായിക്കപ്പെടുന്നതിനിടയില്‍ ആര്‍ഭാടമില്ലാതെ എഴുതി കൊണ്ടിരിക്കുന്ന ഇവരെ കാണാതെ പോകരുതെന്ന് തോന്നിയത് കൊണ്ടെന്ന് പറയുമ്പോള്‍ ഈ ബ്ലോഗിലൂടെ സഞ്ചരിച്ചിട്ടുള്ളവര്‍ക്ക് മനസ്സിലാവും എന്ന് കരുതുന്നു.

അമ്മൂന്റെകുട്ടി

നല്ലൊരു വായനക്കാരിയെന്ന അവകാശവാദമുന്നയിക്കാൻ മാത്രം ധൈര്യപ്പെടുന്നു. എഴുത്തുകാരിയാവാൻ ഇനിയുമൂണ്ട് ഒരുപാടു ദൂരം..യാത്ര തുടങ്ങുന്നേയുള്ളു... എന്നും പറഞ്ഞുകൊണ്ട് നമ്മോട് കഥകള്‍ പറയുന്നു ജാനകി. ജാനകിയുടെ ബ്ലോഗില്‍ വിരലില്‍ എണ്ണാവുന്ന പോസ്റ്റുകളെ ഇത് വരെയുള്ളൂ. പക്ഷെ ആ പോസ്റ്റുകളിലെ ഭാഷ ജാനകിക്ക് നമ്മോട് എന്തൊക്കെയോ ഏറെ പറയാനുണ്ടെന്ന് ഒരു തോന്നല്‍. 'തീര്‍ത്ഥയാത്ര'യിലൂടെ ആക്ഷേപഹാസ്യം വളരെ മനോഹരമായി പറഞ്ഞ ജാനകിയുടെ മറ്റൊരു രചന രീതിയാണ്‌ 'വേഷ്പ' എന്ന കഥ അനാവരണം ചെയ്യുന്നത്. വേഷ്പയേക്കാള്‍ മികച്ച ഒട്ടേറെ കഥകള്‍ ബ്ലോഗില്‍ വായിച്ചിട്ടുണ്ട്. തീര്‍ച്ച! അതുകൊണ്ട് തന്നെ വേഷ്പ എന്ന കഥയിലൂടെ ജാനകി എന്ന എഴുത്തുകാരിയെ പൂര്‍ണ്ണമായും വിലയിരുത്താന്‍ കഴിയുകയില്ല തന്നെ. പക്ഷെ ആ കഥയിലെ പ്രമേയത്തിലെ വ്യത്യസ്തത, കഥയുടെ പേരില്‍ പോലും കാത്തുസൂക്ഷിക്കാന്‍ ജാനകി ശ്രമിക്കുന്നു എന്നതാണ്‌. ഒട്ടേറെ പറയാന്‍ കഴിയുന്ന ഒരു ബ്ലോഗറാണ്‌ ജാനകി എന്ന് തോന്നിയതിനാല്‍ ബൂലോകത്തിലെ തിക്കിലും തിരക്കിലും പെട്ട് അമ്മൂന്റെകുട്ടിയിലേക്ക് എത്തിച്ചേരാന്‍ നമുക്ക് കഴിയാതിരുന്നാല്‍ ഒരു പക്ഷെ ജാനകിയിലെ എഴുത്തുകാരിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന് തോന്നിയത് കൊണ്ട് അമ്മൂന്റെകുട്ടി വഴിയാവട്ടെ ഇക്കുറി നമ്മുടെ ആദ്യ സഞ്ചാരം.

സീതായനം

ഏതാണ്ട് അഞ്ചോളം പോസ്റ്റുകളാണ്‌ ഇതുവരെ സീതായനത്തില്‍ ഉള്ളത്. പക്ഷെ അവ കൈകാര്യം ചെയ്ത രീതി അഭിനന്ദനമര്‍ഹിക്കുന്നു. 'തുറക്കാത്ത വാതായനം' എന്ന കഥയും 'ഗംഗയോട് ' എന്ന കവിതയും വളരെ മനോഹരമായി തോന്നി. മൊത്തത്തില്‍ ഒരു പുരാണ പശ്ചാത്തലം ബ്ലോഗിലും പോസ്റ്റുകളിലും കാണുന്നുണ്ട്. രാമന്‍ കൂടെയുണ്ടെന്ന ആശ്വാസത്തില്‍ എവിടെയോ നഷ്ടപ്പെട്ട മനസ്സ് തേടി ഒരു യാത്ര.. എന്നാണ്‌ ബ്ലോഗര്‍ പറയുന്നത്. ഈ യാത്രയില്‍ രാമന്‍ കൂട്ടിനുണ്ടോ എന്നറിയില്ല. പക്ഷെ വായനക്കാര്‍ കൂട്ടിനുണ്ടാവാം എന്ന് തോന്നുന്നു. കാരണം നല്ല ശൈലിയുണ്ട് സീതായനത്തിലെ സീതക്ക്.

വായിക്കപ്പെടേണ്ടതെന്ന് തോന്നുന്ന എന്നാല്‍ അധികം വായിക്കപ്പെടുന്നില്ല എന്ന് തോന്നുന്ന ബ്ലോഗുകള്‍ കണ്ടെത്തിയാന്‍ വീണ്ടും കാണാമെന്ന ഉറപ്പോടെ ബൂലോകസഞ്ചാരത്തിന്റെ ഈ ഭാഗം ഇവിടെ അവസാനിപ്പിക്കട്ടെ.

11 comments:

ശ്രീ said... മറുപടി

പരിചയപ്പെടുത്തലുകള്‍ നന്നായി, മാഷേ. സീതായനം സന്ദര്‍ശിയ്ക്കാറുണ്ട്

ajith said... മറുപടി

നന്നായി മനോരാജ്. സീതായനം സന്ദര്‍ശിച്ചിട്ടുണ്ട്. അമ്മുവിനെ ഒന്ന് പോയി നോക്കട്ടെ.

Kalavallabhan said... മറുപടി

തുടരട്ടെ..

OAB/ഒഎബി said... മറുപടി

ന്നാ പിന്നെ അവിടെ പോയി ഒന്ന് വായിച്ചിട്ട് തന്നെ കാര്യം.

മഹേഷ്‌ വിജയന്‍ said... മറുപടി

രണ്ടു ബ്ലോഗും നേരത്തെ തന്നെ സന്ദര്‍ശിച്ചിട്ടുണ്ട്..
ഇത്തരത്തിലുള്ള ബ്ലോഗുകള്‍ ശ്രധിക്കപെടുന്നില്ലല്ലോ എന്നൊരു സങ്കടവും ഉണ്ട്... ഏതായാലും ഈ പരിച്ചപ്പെടുതല്‍ ഉചിതമായി...

priyag said... മറുപടി

നന്ദി മനോരാജ് !

ഗൗരീനന്ദൻ said... മറുപടി

നല്ല സംരംഭം...

Unknown said... മറുപടി

സന്ദര്‍ശനം രണ്ടിടങ്ങളിലും..

സുസ്മേഷ് ചന്ത്രോത്ത് said... മറുപടി

പ്രിയ മനോരാജ്,ബൂലോകസഞ്ചാരത്തിന് ഭാവുകങ്ങള്‍.

Manoraj said... മറുപടി

ഇവിടെ എത്തിചേര്‍ന്ന ശ്രീ, ajith ,Kalavallabhan, OAB/ഒഎബി ,മഹേഷ്‌ വിജയന്‍, priyag ,ഗൌരീനന്ദൻ,നിശാസുരഭി, സുസ്മേഷ് ചന്ത്രോത്ത് എല്ലാവര്‍ക്കും നന്ദി. നിങ്ങള്‍ വഴി മറ്റുള്ളവരിലേക്ക് കൂടെ ഈ ബ്ലോഗില്‍ പരിചയപ്പെടുത്തുന്ന ബ്ലോഗുകളെ അറിയിക്കുകയാണെങ്കില്‍ എന്റെ ഈ ശ്രമം പൂര്‍ണ്ണമാകൂ..

സങ്കൽ‌പ്പങ്ങൾ said... മറുപടി

നന്നായി തുടരട്ടെ...