Friday, April 22, 2011
അമ്മൂന്റകുട്ടിയും സീതായനവും
പോസ്റ്റുകളുടെ എണ്ണത്തേക്കാളും ഹിറ്റ് കൌണ്ടറുകളില്‍ കാണിക്കുന്ന വലിയ അക്കങ്ങളേക്കാളും എഴുതിയ സൃഷ്ടികളുടെ മൂല്യത്തെ പരിഗണിക്കപ്പെടണം എന്നത് കൊണ്ട് തന്നെ ഈയിടെ വായിക്കാനിടയായ , വ്യത്യസ്ത രീതിയില്‍ എഴുതുന്ന, സമാനപേരുകളുള്ള രണ്ട് ബ്ലോഗേര്‍സിന്റെ ബ്ലോഗുകളിലൂടെ സഞ്ചരിക്കാം. ജാനകിയുടെ അമ്മൂന്റെകുട്ടിയും (ammuntekutty) സീതയുടെ സീതായനവുമാവട്ടെ ഇക്കുറി സഞ്ചാരത്തില്‍. സ്ഥിരം പോസ്റ്റ് അപ്ഡേഷനുകളുമായി ബ്ലോഗില്‍ സജീവ സാന്നിദ്ധ്യമായ ഒട്ടേറെ ബ്ലോഗുകള്‍ ഉള്ളപ്പോള്‍ എന്ത് കൊണ്ട് വിരലുകളില്‍ എണ്ണാവുന്ന പോസ്റ്റുകള്‍ മാത്രമുള്ള ഈ ബ്ലോഗുകള്‍ ഇതിലേക്കായി തിരഞ്ഞെടുത്തു എന്ന് ചോദിച്ചാല്‍ ഇവ വായിക്കപ്പെടേണ്ടതാണെന്ന ഉറച്ച വിശ്വാസമുള്ളത് കൊണ്ട് എന്ന ഒരു മറുപടിയേക്കാള്‍ മറ്റു ബ്ലോഗുകള്‍ വായിക്കപ്പെടുന്നതിനിടയില്‍ ആര്‍ഭാടമില്ലാതെ എഴുതി കൊണ്ടിരിക്കുന്ന ഇവരെ കാണാതെ പോകരുതെന്ന് തോന്നിയത് കൊണ്ടെന്ന് പറയുമ്പോള്‍ ഈ ബ്ലോഗിലൂടെ സഞ്ചരിച്ചിട്ടുള്ളവര്‍ക്ക് മനസ്സിലാവും എന്ന് കരുതുന്നു.
അമ്മൂന്റെകുട്ടി
നല്ലൊരു വായനക്കാരിയെന്ന അവകാശവാദമുന്നയിക്കാൻ മാത്രം ധൈര്യപ്പെടുന്നു. എഴുത്തുകാരിയാവാൻ ഇനിയുമൂണ്ട് ഒരുപാടു ദൂരം..യാത്ര തുടങ്ങുന്നേയുള്ളു... എന്നും പറഞ്ഞുകൊണ്ട് നമ്മോട് കഥകള്‍ പറയുന്നു ജാനകി. ജാനകിയുടെ ബ്ലോഗില്‍ വിരലില്‍ എണ്ണാവുന്ന പോസ്റ്റുകളെ ഇത് വരെയുള്ളൂ. പക്ഷെ ആ പോസ്റ്റുകളിലെ ഭാഷ ജാനകിക്ക് നമ്മോട് എന്തൊക്കെയോ ഏറെ പറയാനുണ്ടെന്ന് ഒരു തോന്നല്‍. 'തീര്‍ത്ഥയാത്ര'യിലൂടെ ആക്ഷേപഹാസ്യം വളരെ മനോഹരമായി പറഞ്ഞ ജാനകിയുടെ മറ്റൊരു രചന രീതിയാണ് 'വേഷ്പ' എന്ന കഥ അനാവരണം ചെയ്യുന്നത്. വേഷ്പയേക്കാള്‍ മികച്ച ഒട്ടേറെ കഥകള്‍ ബ്ലോഗില്‍ വായിച്ചിട്ടുണ്ട്. തീര്‍ച്ച! അതുകൊണ്ട് തന്നെ വേഷ്പ എന്ന കഥയിലൂടെ ജാനകി എന്ന എഴുത്തുകാരിയെ പൂര്‍ണ്ണമായും വിലയിരുത്താന്‍ കഴിയുകയില്ല തന്നെ. പക്ഷെ ആ കഥയിലെ പ്രമേയത്തിലെ വ്യത്യസ്തത, കഥയുടെ പേരില്‍ പോലും കാത്തുസൂക്ഷിക്കാന്‍ ജാനകി ശ്രമിക്കുന്നു എന്നതാണ്. ഒട്ടേറെ പറയാന്‍ കഴിയുന്ന ഒരു ബ്ലോഗറാണ് ജാനകി എന്ന് തോന്നിയതിനാല്‍ ബൂലോകത്തിലെ തിക്കിലും തിരക്കിലും പെട്ട് അമ്മൂന്റെകുട്ടിയിലേക്ക് എത്തിച്ചേരാന്‍ നമുക്ക് കഴിയാതിരുന്നാല്‍ ഒരു പക്ഷെ ജാനകിയിലെ എഴുത്തുകാരിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന് തോന്നിയത് കൊണ്ട് അമ്മൂന്റെകുട്ടി വഴിയാവട്ടെ ഇക്കുറി നമ്മുടെ ആദ്യ സഞ്ചാരം.
സീതായനം
ഏതാണ്ട് അഞ്ചോളം പോസ്റ്റുകളാണ് ഇതുവരെ സീതായനത്തില്‍ ഉള്ളത്. പക്ഷെ അവ കൈകാര്യം ചെയ്ത രീതി അഭിനന്ദനമര്‍ഹിക്കുന്നു. 'തുറക്കാത്ത വാതായനം' എന്ന കഥയും 'ഗംഗയോട് ' എന്ന കവിതയും വളരെ മനോഹരമായി തോന്നി. മൊത്തത്തില്‍ ഒരു പുരാണ പശ്ചാത്തലം ബ്ലോഗിലും പോസ്റ്റുകളിലും കാണുന്നുണ്ട്. രാമന്‍ കൂടെയുണ്ടെന്ന ആശ്വാസത്തില്‍ എവിടെയോ നഷ്ടപ്പെട്ട മനസ്സ് തേടി ഒരു യാത്ര.. എന്നാണ് ബ്ലോഗര്‍ പറയുന്നത്. ഈ യാത്രയില്‍ രാമന്‍ കൂട്ടിനുണ്ടോ എന്നറിയില്ല. പക്ഷെ വായനക്കാര്‍ കൂട്ടിനുണ്ടാവാം എന്ന് തോന്നുന്നു. കാരണം നല്ല ശൈലിയുണ്ട് സീതായനത്തിലെ സീതക്ക്.
വായിക്കപ്പെടേണ്ടതെന്ന് തോന്നുന്ന എന്നാല്‍ അധികം വായിക്കപ്പെടുന്നില്ല എന്ന് തോന്നുന്ന ബ്ലോഗുകള്‍ കണ്ടെത്തിയാന്‍ വീണ്ടും കാണാമെന്ന ഉറപ്പോടെ ബൂലോകസഞ്ചാരത്തിന്റെ ഈ ഭാഗം ഇവിടെ അവസാനിപ്പിക്കട്ടെ.
Monday, January 24, 2011
പുസ്തകവിചാരം.
2011 തുടങ്ങി കുറച്ച് ദിവസങ്ങള്‍ക്കകം തന്നെ ബ്ലോഗെഴുത്തിനെ പ്രോത്സാഹിപ്പിക്കും വിധം ചില നല്ല കൂട്ടായ്മകള്‍ ഉടലെടുത്തു എന്നത് പ്രശംസനീയമായ കാര്യം തന്നെ. ഈ കുറച്ച് ദിവസങ്ങള്‍ക്കിടയില്‍ തന്നെ ബ്ലോഗ് എന്ന മാധ്യമത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കണമെന്നാഹ്വാനം ചെയ്തുകൊണ്ട് എറണാകുളത്തെ കായല്‍തീരത്ത് ഒരു കൊച്ചു ബ്ലോഗ് മീറ്റും, ഇ-ഭാഷയെ പ്രോത്സാഹിക്കുവാനായി ശില്പശാലകളും മറ്റും നടത്തി ബ്ലോഗിനെ കൂടുതല്‍ ജനകീയമാക്കണമെന്ന ഉദ്ദേശ്യത്തോടെ സാഹിത്യ അക്കാദമിക്ക് ഭീമഹര്‍ജ്ജിയും ഒക്കെയായി വര്‍ഷം സജീവമായി തുടങ്ങി. പല കാരണങ്ങള്‍ കൊണ്ട് കഴിഞ്ഞ രണ്ട് മാസവും ബൂലോകസഞ്ചാരത്തിലും പുതിയ പരിചയപ്പെടുത്തലുകള്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഒരു പരിധി വരെ ബ്ലോഗിങിലുണ്ടായിരുന്ന മാന്ദ്യം സഞ്ചാരത്തെയും ബാധിച്ചിരിക്കാം. ഈ വര്‍ഷം അത്തരം ഒരു അവസ്ഥ സംജാതമാവാതിരിക്കട്ടെ എന്ന്‍ ആഗ്രഹിച്ചുകൊണ്ട് സഞ്ചാരത്തിന്റെ 7 ഭാഗം ഇവിടെ കുറിക്കട്ടെ.
ബ്ലോഗിലെ പല മേഖലകളെ പറ്റി സഞ്ചാരത്തിന്റെ പല ഭാഗങ്ങളിലായി സൂചിപ്പിച്ചിരുന്നു. കഥ, കവിത,ലേഖനം,ഫോട്ടോഗ്രാഫി, യാത്രാവിവരണം, പോഡ്കാസ്റ്റിങ്, വ്ലോഗിങ്, ചിത്രമെഴുത്ത്, പാചകം..അങ്ങിനെ വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ബ്ലോഗുകള്‍ ഒട്ടേറെയുണ്ട്. ഇത്തരം വിഷയങ്ങളില്‍ ഒറ്റക്കും ഒരു ഗ്രൂപ്പായും ബ്ലോഗുകളും ഉണ്ട്. ബ്ലോഗിലെ കൂട്ടായ്മകളെ കുറിച്ച് പറഞ്ഞുകൊണ്ടാണ് ഈ ലക്കം ആരംഭിച്ചത് എന്നത് കൊണ്ട് തന്നെ വ്യത്യസ്ഥമാര്‍ന്ന ഒരു ഗ്രൂപ്പ് ബ്ലോഗിലൂടെയാവട്ടെ ഇക്കുറി നമ്മുടെ സഞ്ചാരം.
ഒട്ടേറെ പേരുകേട്ട ഗ്രൂപ്പ് ബ്ലോഗുകള്‍ ഇന്ന് ബൂലോകത്ത് സജിവമാണ്. കേരളത്തിലെ ഗണിതശാസ്ത്ര അദ്ധ്യാപകരുടെ കൂട്ടായ്മയായ മാത്‌സ് ബ്ലോഗില്‍ തുടങ്ങിയാല്‍ ആല്‍ത്തറ, ചൊല്‍ക്കവിതകൾ, കഥയുടെ വസന്തമായ ഋതു, തുടങ്ങി ബൂലോകത്തിലെ വിവിധ എഴുത്തുകാരുടേതായി ചിതറിക്കിടക്കുന്ന യാത്രാവിവരണങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടെത്തിക്കുവാന്‍ യാത്രകള്‍ എന്ന വെബ്സൈറ്റില്‍ വരെ എത്തി നില്‍ക്കുന്നു ഈ ഗ്രൂപ്പ് ബ്ലോഗുകള്‍. ഇക്കൂട്ടത്തിലേക്ക് വൈവിധ്യം കൊണ്ട് ശ്രദ്ധേയമാവേണ്ട ഒരു ബ്ലോഗിനെയാണ് ഇക്കുറി ബൂലോകസഞ്ചാരത്തില്‍ പരിചയപ്പെടുത്തുന്നത് - പുസ്തകവിചാരം.

ഈ ഗ്രൂപ്പ് ബ്ലോഗില്‍ ഞാനും ഭാഗഭാക്കാണെന്നും പക്ഷെ, അതിന്റെ പേരില്‍ അല്ല സഞ്ചാരത്തിന്റെ ഈ ഭാഗത്ത് ഈ ബ്ലോഗിനെ പരിചയപ്പെടുത്തുന്നത് എന്നും ആദ്യമേ പറയട്ടെ. ഇത്തരം ഒരു സംരംഭത്തില്‍ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെങ്കിലും ഇത് അറിയപ്പെടാതെ പോകരുതെന്ന് തോന്നിയത് കൊണ്ടാണ് ഇവിടെ ഇക്കുറി ഈ ഗ്രൂപ്പ് ബ്ലോഗിനെ പരാമര്‍ശിക്കാം എന്ന് കരുതിയത് . അതിനുള്ള ഒന്നാമത്തെ കാരണം പുസ്തകങ്ങളെ ഒട്ടേറെ സ്നേഹിക്കുന്നവരാണ് ഭൂരിഭാഗം മലയാളി ബ്ലോഗേര്‍സും എന്നത് തന്നെ. ഒരു പരിധിവരെ പുസ്തകങ്ങളുടെ ലഭ്യത കുറവാണ് പലരേയും ബ്ലോഗ് എന്ന ഈ മാധ്യമത്തിലേക്ക് അടുപ്പിച്ചത് തന്നെ. ഒപ്പം, നല്ല പുസ്തകങ്ങള്‍ കണ്ടെത്തുവാനുള്ള, തിരഞ്ഞെടുക്കുവാനുള്ള സമയക്കുറവും ഒരു കാരണമാണ്. ഇത്തരം സാഹചര്യത്തിലാണ് ബ്ലോഗില്‍ പുസ്തകപരിചയം, പുസ്തകറിവ്യൂ എന്നൊക്കെയുള്ള ലേബലുകളില്‍ വായിച്ച പുസ്തകങ്ങളെ പറ്റി പലരും പോസ്റ്റുകള്‍ ഇട്ടതും അവയൊക്കെ ബൂലോകം ഇരു കൈകളും നീട്ടി സ്വീകരിച്ചതും. എന്തിനേറെ ഈ ആവശ്യത്തിനു മാത്രമായി ബ്ലോഗുകള്‍ വരെ ഉണ്ട് എന്നത് ബൂലോകരുടെ പുസ്തകത്തോടുള്ള അഭിനിവേശമാണ് കാണിക്കുന്നത്. പക്ഷെ ലോകത്തിന്റെ വിവിധഭാഗങ്ങളിലായി ബൂലോകര്‍ ചിതറിക്കിടക്കുന്ന പോലെ തന്നെ പലരുടേയും ബ്ലോഗിലെ ഒരു ചെറു വിഭാഗമായി പുസ്തകപരിചയങ്ങള്‍ ഒതുങ്ങിപോകുന്നു. അവിടെയാണ് പുസ്തകവിചാരം എന്ന ഈ പുതിയ ഗ്രൂപ്പ് ബ്ലോഗിന്റെ പ്രസക്തി!! ഒരു പുസ്തകത്തെ പറ്റി അല്ലെങ്കില്‍ ഒരു കൂട്ടം പുസ്തകങ്ങളെ പറ്റി മലയാളത്തില്‍ വരുന്ന പോസ്റ്റുകളെ വായനക്കാരനുവേണ്ടി ഒരു ബ്ലോഗിലേക്ക് സമാഹരിക്കുക എന്ന ഒരു നല്ല ലക്ഷ്യത്തോടെ തുടങ്ങിയ ഈ ബ്ലോഗ് ഒരു പക്ഷെ മലയാളം ബ്ലോഗേര്‍സിനെന്നപോലെ തന്നെ പുസ്തകത്തെ സ്നേഹിക്കുന്ന എല്ലാ മലയാളിക്കും ഉപകാരപ്രദമാവും എന്ന കാര്യത്തില്‍ സംശയമില്ല തന്നെ. ഏതു ഭാഷയിലുള്ള പുസ്തകത്തെ പറ്റിയും അവലോകനമോ പരിചയപ്പെടുത്തലോ അല്ലെങ്കില്‍ വായിക്കുന്ന പുസ്തകങ്ങളെ പറ്റി ഒരു രണ്ട് പാരഗ്രാഫ് കുറിച്ചിട്ട് മറ്റുള്ളവരിലേക്ക് അത് എത്തിച്ച് കൂടുതല്‍ പേരെ പുസ്തകങ്ങളുടെ ലോകത്തേക്ക് എത്തിക്കുക എന്നതും ഈ ബ്ലോഗിന്റെ ഉദ്ദേശലക്ഷ്യമാണ്. പോസ്റ്റുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു പുസ്തകത്തെ പറ്റി തന്നെയുള്ള പലരുടേയും വ്യത്യസ്തമായ പോസ്റ്റുകള്‍ കൂടുതല്‍ മികച്ചവയിലേക്ക് നമ്മെ കൈപിടിച്ച് നയിക്കാന്‍ പ്രേരിപ്പിക്കും എന്നതുകൊണ്ട് ശ്രദ്ധേയമായി തോന്നി. ഈ ബ്ലോഗില്‍ വരുന്ന കൂടുതല്‍ , അല്ലെങ്കില്‍ ഇത് വരെ വന്നിട്ടുള്ള കൂടുതല്‍ പോസ്റ്റുകളും റീ പോസ്റ്റുകളാണ്. പക്ഷെ, ഇത്തരത്തില്‍ പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാനും പുസ്തകങ്ങളെ പറ്റി അറിയാനും ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്താനും ഒരിടം എന്നത് തികച്ചും നല്ല ഒരു ആശയമായി തോന്നി.
പട്ടിണിയായ മനുഷ്യാ നീ ,
പുസ്തകം കൈയിലെടുത്തോളു
പുത്തനൊരായുധമാണു നിനക്കത്
പുസ്തകം കൈയിലെടുത്തോളൂ - ബെര്‍തോള്‍ഡ് ബ്രെഹ്തിന്റെ വിഖ്യാതമായ ഈ വരികളാണ് ബ്ലോഗിന്റെ ഹെഡറിലെ കുഞ്ഞുണ്ണിമാഷിന്റെ വരികള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. "വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും, വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും" - പുസ്തകങ്ങളെപറ്റിയും വായനയെ പറ്റിയും മലയാളിയുടെ അവബോധവും വേറിട്ട കാഴ്ചപാടും ഇവിടെ നിന്ന് തന്നെ തുടങ്ങുന്നു.
എന്റേതുകൂടെയായ പോസ്റ്റുകള്‍ ഉള്ളതിനാല്‍ പതിവ് പോലെ പോസ്റ്റുകളിലൂടെയുള്ള സഞ്ചാരം ഇക്കുറി ഒഴിവാക്കുകയാണ്. ഒന്ന് പറയാം. വരുംദിനങ്ങളില്‍ ഒരു പക്ഷെ, മലയാള പുസ്തകലോകത്തേക്കുള്ള മികച്ച ഒരു കണ്ണാടിയാവാം ഈ ബ്ലോഗ്. അതുപോലെ തന്നെ വായിക്കുന്ന പുസ്തകങ്ങളെ പറ്റിയുള്ള വ്യക്തിഗത അഭിപ്രായങ്ങള്‍ കുറിച്ചിടുവാന്‍ ഒട്ടേറെ പേരെ ഈ ബ്ലോഗ് പ്രേരിപ്പിക്കുകയും ചെയ്തേക്കാം. പുസ്തകങ്ങളെ പറ്റി ചര്‍ച്ചചെയ്യാനുള്ള - ചിതലരിക്കാത്ത അലമാരകളും ഇരട്ടവാലന്‍ ഓടിനടക്കാത്ത മാറാല പിടിക്കാത്ത ഷെല്‍ഫുകളും നിരത്തിവെച്ച ഒരിടം - ഒരു പുത്തന്‍ വായനശാലയാവട്ടെ ഈ പുസ്തകവിചാരം.
Friday, October 15, 2010
റീഫ്രഷ് മെമ്മറി
Sunday, September 12, 2010
ചില ചിത്രമെഴുത്ത് ബ്ലോഗുകള്‍
ബ്ലോഗ് എന്ന മാധ്യമം പൊതുവെ എഴുത്തുകാര്‍ക്ക് വേണ്ടി മാത്രമായി പോകുന്നു, നമ്മുടെ മറ്റു പല കലകള്‍ക്കും അതില്‍ വേണ്ടത്ര പ്രാധാന്യം കിട്ടുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. ഞാന്‍ തിരുത്താന്‍ ശ്രമിച്ചു. ബ്ലോഗില്‍ കഥക്കും കവിതക്കും യാത്രാവിവരണങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും എന്ന പോലെ തന്നെ ഫോട്ടോകള്‍ക്കും ചിത്രങ്ങള്‍ക്കും ഒക്കെ സ്ഥാനമുണ്ടെന്ന്. പക്ഷെ അവയൊക്കെയുണ്ടെങ്കിലും ഒരിക്കലും അവ ഒരു തലത്തിനപ്പുറത്തേക്ക് ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു എന്ന അദ്ദേഹത്തിന്റെ അഭിപ്രായം ഒരു പരിധിവരെ വാസ്തവമായി തന്നെ എനിക്കും തോന്നി. ഫോട്ടോ ബ്ലോഗുകളുടെ കാര്യം അല്പം കൂടെ വ്യത്യസ്തമാണെങ്കിലും ചിത്രബ്ലോഗുകളുടെ കാര്യത്തില്‍ ഒരു പരിധിവരെ അത് ശരിതന്നെയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ കണ്ട രണ്ട് ബ്ലോഗുകള്‍ അവയിലെ പോസ്റ്റുകളുടെ മനോഹാരിത കൊണ്ട് ശ്രദ്ധിക്കപ്പെടേണ്ടതാണെങ്കിലും അര്‍ഹിക്കുന്ന പരിണന കിട്ടുന്നില്ല എന്ന് തോന്നിയത് കൊണ്ട്.. ഈ ഒരു പംക്തി തുടങ്ങിയപ്പോള്‍ ഞാനും നമ്മുടെ ബൂലോകം പ്രവര്‍ത്തകരും മനസ്സില്‍ കണ്ടത്, ഇത്തരത്തില്‍ കാണാതെ പോകുന്ന മികച്ച ബ്ലോഗുകളെ വായനക്കാര്‍ക്ക് മുന്‍പില്‍ എത്തിക്കുവാനുള്ള ഒരു ശ്രമം എന്ന നിലക്കായത് കൊണ്ടും തീര്‍ച്ചയായും ചിത്രമെഴുത്ത് മേഖലയിലുള്ള ചില ബ്ലോഗുകളിലൂടെയാവാം ഇക്കുറി നമ്മുടെ സഞ്ചാരം.
എഴുത്ത്, വായന എന്നിവ പോലെ തന്നെ നമ്മള്‍ എന്നും നെഞ്ചേറ്റിയിരുന്ന ഒരു കലാരൂപമാണ് ചിത്രരചന. ചിത്രമെഴുത്ത് എന്നൊരു പഴയ പ്രയോഗവും ഉണ്ട്. ബ്ലോഗില്‍ ഒട്ടേറെ പേര്‍ കൈവെക്കാന്‍ മടിച്ചിട്ടുള്ള ഒരു മേഖലയും ഇത് തന്നെയെന്ന് തോന്നുന്നു. കുക്കു, ജ്യോ, ലിനു, ഹൈന.. ചെറിയ ഒരു നിരതന്നെയുണ്ട്.. അത്തരം സാഹചര്യത്തില്‍ നിവിനിന്റെ 'വെറുതെ ഒരു ബ്ലോഗും' റാണി അജയിന്റെ 'മകള്‍ക്ക്' എന്ന ബ്ലോഗും രഞ്ജിത്ത് കുമാറിന്റെ Art ofRKMN എന്ന ബ്ലോഗും മനോജ് തലയമ്പലത്തിന്റെ 'ചിത്രങ്ങള്‍' എന്ന ബ്ലോഗും തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്ന് തോന്നി.
വെറുതെ ഒരു ബ്ലോഗ്
വെറുതെ ഒരു ബ്ലോഗ് എന്ന തലക്കെട്ട് കണ്ടപ്പോള്‍ ഒരിക്കലും ചിത്രമെഴുത്തിനു മുന്‍തൂക്കം കൊടുക്കുന്ന ഒരു ബ്ലോഗാവുമെന്ന് കരുതിയല്ല അതിലേക്ക് കയറി ചെന്നത്. ചെന്ന് കയറിയപ്പോള്‍ ആദ്യം കണ്ടത് മനോഹരമായ ഒരു തലക്കെട്ടാണ്. 'കറുത്ത സ്വപ്നങ്ങളിലെ ഗ്രാമം'. ഒരു ചിത്രകാരനില്‍ നല്ലൊരു എഴുത്തുകാരന്‍ ഒളിഞ്ഞിരിപ്പുണ്ടാവാം എന്ന്‍ എവിടെയോ വായിച്ച ഓര്‍മ്മ!!. ചിത്രമെഴുത്തിലെ സാങ്കേതിക വശങ്ങളെ കുറിച്ച് എനിക്ക് അത്ര ഗ്രാഹ്യം ഇല്ല. എങ്കിലും അതില്‍ കണ്ട ചിത്രങ്ങള്‍ അത് നമ്മെ വല്ലാതെ പിടിച്ചിരുത്തുന്നു. പോസ്റ്റുകളിലൂടെ ഒന്ന് ഓടിച്ച് പോയപ്പോള്‍ പെട്ടന്ന് മലയാളിക്ക് ഒട്ടേറെ അഭിമാന നിമിഷങ്ങള്‍ സമ്മാനിച്ച ശോഭനയുടെ ഒരു മനോഹരമായ പോര്‍ട്രയിറ്റ്!!! എനിക്ക് അതിനെ കുറിച്ച് വിശദീകരിച്ച് തരുവാനുള്ള വിവേകം ഇല്ലാത്തതിനാല്‍ നിങ്ങള്‍ തന്നെ അത് കാണൂ എന്ന് മാത്രമേ ഞാന്‍ പറയുന്നുള്ളൂ.. നല്ലൊരു എഴുത്തുകാരന്‍ കൂടെ നിവീനില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് കുറിപ്പുകള്‍ എന്ന ലേബലില്‍ കണ്ട ചില എഴുത്തുകളിലൂടെ സഞ്ചരിച്ചപ്പോള്‍ മനസ്സിലായി. ഒരു കൂട്ടുകാരിയെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ് പോലും അതീവ തീവ്രമായി എഴുതിയിട്ടുണ്ട്. എന്നിരിക്കലും വെറുതെ ഒരു ബ്ലോഗ് എന്നെ ആകര്‍ഷിച്ചത് അതിലെ മനോഹരമായ ചിത്രങ്ങള്‍ കൊണ്ട് തന്നെ.
മകള്‍ക്ക്
ചെങ്ങന്നൂര്‍ സ്വദേശിയായ, ഇപ്പോള്‍ ടൊറെന്റോയില്‍ താമസിക്കുന്ന റാണി അജയ് സ്വന്തം മകള്‍ക്ക് ചിത്രങ്ങള്‍ ഇഷ്ടമായതിനാല്‍ മകള്‍ക്ക് വേണ്ടി കാട്ടുന്ന സാഹസം എന്ന പേരില്‍ തുടങ്ങിയ ഈ ബ്ലോഗ് ഒരിക്കലും ചിത്രകലയെ ഇഷ്ടപ്പെടുന്നവര്‍ക്ക് സാഹസം ആയി തോന്നില്ല എന്നത് ഉറപ്പ്. പെയിന്റും ബ്രഷും കൊണ്ടുള്ള റാണിയുടെ മല്‍പ്പിടുത്തത്തില്‍ ഓയില്‍ പെയിന്റിംഗ്, വാട്ടര്‍ പെയിന്റിംഗ്, ആക്രലിക്ക് പെയിന്റിംഗ്, MS പെയിന്റിംഗ്, പെന്‍സില്‍ സ്കെച് എന്നീ വിവിധ വിഭാഗങ്ങളിലായി 30 ഓളം ചിത്രങ്ങള്‍ ഉണ്ട്. ഒരു യാത്ര, ദേവാംഗന എന്നീ ചിത്രങ്ങള്‍ മനോഹരമായി തോന്നി. മകള്‍ക്ക് വേണ്ടി ചെയ്യുന്ന ഈ സാഹസത്തിലൂടെ ഒരിക്കല്‍ സഞ്ചരിച്ചാല്‍ ഒന്ന് കൂടി അവിടെ എത്തിനോക്കാന്‍ പ്രേരിപ്പിക്കുന്നു ഈ ചിത്രമെഴുത്തുകാരി.
Art of RKMN
തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ വൈഗ അനിമേഷനില്‍ ജോലി ചെയ്യുന്ന രഞ്ജിത്ത് കുമാര്‍ എം.എന്‍ എന്ന അനിമേറ്ററുടെ ബ്ലോഗാണ് Art of RKMN (രഞ്ജിത് കുമാര്‍ എം. എന്‍ എന്നതിന്റെ ചുരുക്കെഴുത്താവാം). 5 പോസ്റ്റുകളോളമേ നിലവില്‍ ആ ബ്ലോഗില്‍ കാണാന്‍ കഴിഞ്ഞുള്ളൂ. ഒരു പക്ഷെ ബ്ലോഗ് അധികം ശ്രദ്ധിക്കപ്പെടുന്നില്ല എന്ന തോന്നലാവാം രഞ്ജിത്തിനെ നിരാശനാക്കുന്നത്. അല്ലെങ്കില്‍ സമയക്കുറവാകാം.. എന്ത് തന്നെയായാലും അതില്‍ കണ്ട പോസ്റ്റുകളില്‍ രഞ്ജിത്തിലെ ചിത്രകാരന്റെ നേര്‍ ചിത്രം നമുക്ക് നിശ്ചയമായും ലഭിക്കുന്നുണ്ട്. My dear Kannan, My Dear Apputtan, Indian Mozart എന്നീ ചിത്രങ്ങളില്‍ രഞ്ജിത്തിന്റെ നിരീക്ഷണപാടവം വളരെയധികം ദര്‍ശിക്കാം. എ.ആര്‍. റഹ്‌മാന്‍ എന്ന ഭാരതത്തിന്റെ ഓസ്കാര്‍ ജേതാവിന്റെ രഞ്ജിത്ത് വരച്ച ചിത്രം വളരെ മനോഹരമായിരിക്കുന്നു. പെന്‍സില്‍ ഡ്രോയിംഗിന്റെ എല്ലാ മനോഹാരിതയും ആ പോസ്റ്റിനുണ്ടെന്ന് തന്നെ ഒരു ശരാശരി ആസ്വാദകനായ എന്റെ വിശ്വാസം. തീര്‍ച്ചയായും പരിഗണന കിട്ടാത്തത് കൊണ്ട് ഇത്തരം മികച്ച കലാ സൃഷ്ടികള്‍ വിസ്മൃതിയിലാവരുതെന്ന് എനിക്ക് തോന്നുന്നു.
ചിത്രങ്ങള്‍
മനോജ് തലയമ്പലത്ത് എന്ന ബ്ലോഗ് സുഹൃത്തിനെ ഞാന്‍ തികച്ചും യാദൃശ്ചികമായി കണ്ട് മുട്ടിയതാണ്. എപ്പോഴോ ഋതു എന്ന കഥാ ബ്ലോഗിലെ കമന്റ് ബോക്സില്‍ കണ്ടിട്ടുള്ള പരിചയത്തിലൂടെയാണ് മനോജിന്റെ ബ്ലോഗില്‍ എത്തപ്പെട്ടത്. അതിലെ ചിത്രങ്ങള്‍ക്ക് എന്തൊക്കെയോ ചില വ്യത്യസ്തതകള്‍ ഫീല്‍ ചെയ്യുകയും ചെയ്തു. നിറങ്ങള്‍ കൊണ്ട് ജീവിതം നിറക്കാന്‍ ആഗ്രഹിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന് ഓര്‍ക്കുന്ന ഈ ചെറുപ്പകാരന്റെ തിരക്ക് പിടിച്ച ജോലിക്കിടയില്‍ വീണു കിട്ടുന്ന മുഹൂര്‍ത്തങ്ങളാണ് ഇന്ന് ചിത്രങ്ങളിലൂടെ നമ്മള്‍ കാണുന്നത്. മാതൃഭൂമിയുടെ കോഴിക്കോട് എഡിഷനില്‍ വര്‍ക്ക് ചെയ്യുന്ന മനോജിന്റെ ക്രയോണ്‍ ചിത്രങ്ങളൂടെ മനോഹാരിത ആസ്വദിക്കപ്പെടേണ്ടത് തന്നെ. കലഹം, തയ്യല്‍കാരി, പ്രണയത്തിന്റെ അഗ്നിയില്‍ പൊലിഞ്ഞ് പോയത്..... ചിത്രങ്ങള്‍ എന്ന ബ്ലോഗിലെ ചില നല്ല ചിത്രങ്ങള്‍ മാത്രം ഇവ.. (ഈ നല്ല കലാകാരന്റെ ചിത്രങ്ങള്‍ പലപ്പോഴും എന്റെ തേജസിലെ ചില പോസ്റ്റുകള്‍ക്ക് മുതല്‍കൂട്ടാകാറുണ്ട് എന്നത് ഹൃദയപുര്‍വ്വം ഇവിടെ സ്മരിച്ച് കൊള്ളുന്നു)
ഒട്ടേറെ ബ്ലോഗുകള്‍ അരങ്ങു വാഴുന്ന മലയാള ബൂലോകത്തിന് മുതല്‍ക്കൂട്ടായി തീരട്ടെ ഇത്തരം വേറിട്ട ബ്ലോഗുകളും എന്ന്‍ ആശംസിക്കുന്നു.
Friday, August 27, 2010
റോസാപ്പൂക്കളും ചിത്രനിരീക്ഷണവും
ഓണം എന്നും മലയാളിക്ക് പൂക്കളുടെ ഉത്സവമാണ്. പല നിറത്തിലും തരത്തിലും ഗന്ധത്തിലുമുള്ള പൂക്കളുടെ ഉത്സവം. തുമ്പ, മുക്കൂറ്റി, വാടാമല്ലി.. എത്രയെത്ര പൂക്കളാണ് ആ നാളുകളില്‍ നമ്മുടെ മുറ്റങ്ങളെ അലങ്കരിക്കുന്നത്. അങ്ങിനെയുള്ള ഈ ഓണക്കാലത്ത് , പൂക്കളൂടെ ഈ വസന്തകാലത്ത് ഒരു പൂവിനെ പറ്റി പറഞ്ഞ് തന്നെ നമുക്കീ സഞ്ചാരം തുടങ്ങാം. മലയാളി എന്നും ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ഒന്നാണ് റോസാപ്പൂവ്. പനിനീര്‍ പുഷ്പത്തിന്റെ സുഗന്ധം ഇഷ്ടപ്പെടാത്തവരില്ല തന്നെ. അതേ പോലെ ഒരു റോസാപുഷ്പത്തിന്റെ സുഗന്ധം ആണ് റോസാപ്പൂക്കളുടെ കഥകളില്‍ ഉള്ളത്. മലയാളിത്തം ഉള്ള കഥകള്‍ എഴുതുന്ന ഒട്ടേറെ കഥാകൃത്തുക്കള്‍ക്കിടയില്‍ ഉത്തരേന്ത്യന്‍ പശ്ചാത്തലങ്ങളില്‍ തികച്ചും വ്യത്യസ്തമായി കഥ പറയുന്ന റോസാപ്പൂക്കള്‍ മലയാള ബ്ലോഗില്‍ കഥകള്‍ക്ക് നൂതനമായ ഭാവതീവ്രത പകര്‍ന്നു തരുന്നുണ്ട്. കഥകളുടെ ക്രാഫ്റ്റിലും എഴുതുവാന്‍ സ്വീകരിക്കുന്ന പ്രമേയങ്ങളിലും എല്ലാം ഒരു നല്ല എഴുത്തുകാരിയെ - ജമ്മു- കാശ്മീരില്‍ താമസിക്കുന്ന, റോസിലി ജോയ് എന്ന , വായന ഇഷ്ടപ്പെടുന്ന, എഴുത്തിന്റെ ലോകത്ത് പുതുമുഖം എന്ന് സ്വയം പറയുന്ന - നമുക്ക് ദര്‍ശിക്കാം.
താജ്‌മഹല്‍ എന്ന കഥ വായിച്ചപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് ഷാജഹാന്റെയും മുംതാസ് മഹലിന്റെയും പ്രണയത്തിനപ്പുറം ആ മഹാ വിസ്മയം പടുത്തുയര്‍ത്തിയവരുടെ കഷ്ടപ്പാടുകളും ദുരിതങ്ങളുമാണ്. സ്വന്തം പ്രിയതമനെ ഒരു നോക്ക് കാണുവാന്‍ വേണ്ടി പണിനടന്നുകൊണ്ടിരിക്കുന്ന താജ്‌മഹലിന്റെ ഓരത്ത് കാലങ്ങളോളം ഇരുന്ന ഹസീനയെന്ന നായിക, അവളുടെ ഹൃദയേശ്വരനായ , ചക്രവര്‍ത്തിയുടെ അനിഷ്ടത്തിന് പാത്രമായ സുള്‍ഫിക്കര്‍ എന്ന നായകന്‍ , ഇവരൊക്കെ ഒരു തിരശ്ശീലയില്‍ എന്ന പോലെ നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. തീരെ മുഷിപ്പിക്കാതെ, വളരെ ഒതുക്കി എന്നാല്‍ ഒരു കഥയുടെ ചട്ടക്കൂടില്‍ വരേണ്ട എല്ലാം ചേര്‍ത്ത് റോസിലി അത് ഭംഗിയാക്കിയിരിക്കുന്നു.
റോസാപ്പൂക്കളിലൂടെ ഒന്ന് സഞ്ചരിച്ചാല്‍, ഒരു ഓണക്കാലത്ത് അത്തം മുതല്‍ തിരുവോണം വരെ നാം അണിയിച്ചൊരുക്കുന്ന വ്യത്യസ്തങ്ങളായ പൂക്കളങ്ങള്‍ ദര്‍ശിച്ച ഒരു പ്രതീതി കിട്ടും എന്ന് ഉറപ്പുണ്ട്. നിവേദിതയുടെ സ്വപ്നങ്ങള്‍, മെഹക്ക്, നിയോഗം, ഊര്‍മ്മിള എല്ലാം എല്ലാം മനോഹരമായി തന്നെ റോസാപ്പൂക്കളില്‍ പറഞ്ഞിരിക്കുന്നു. വളരെയധികം രചനകള്‍ ഒന്നും ഇല്ലെങ്കിലും ഉള്ളവ മിക്കതും കാമ്പുള്ളവ തന്നെ. അതുകൊണ്ട് തന്നെ റോസാപ്പൂക്കളുടെ വായന നമുക്ക് ഒരു സുഗന്ധം തന്നെ പ്രദാനം ചെയ്യുന്നുണ്ട്. എഴുതിയവയിലെ ആ ഒരു മനോഹാരിത കൊണ്ട് വായനയും തുടര്‍വ്വായനയും അര്‍ഹിക്കുന്നു റോസാപ്പൂക്കള്‍ എന്ന ബ്ലോഗ് എന്നാണ് എനിക്ക് തോന്നുന്നത്.
പഴയ തലമുറ ഓണത്തെ അറിഞ്ഞിരുന്ന പൂക്കളിലൂടെ ആയിരുന്നെങ്കില്‍ ഇന്ന് ഓണക്കാലം പുത്തന്‍ തലമുറക്ക് ചാനലുകളിലെയും തീയറ്ററുകളിലെ വലിയ സ്ക്രീനുകളുടെയും മായിക വലയമാണ്. അതുകൊണ്ട് തന്നെ ഈ ബൂലോകസഞ്ചാരത്തില്‍ അടുത്തതായി ചലചിത്രങ്ങളെ പ്രതിപാദിക്കുന്ന ഒരു കൊച്ച് ബ്ലോഗിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം.
വര്‍ഷങ്ങളായി ബ്ലോഗില്‍ ഉള്ള ഒരാളെ പരിചയപ്പെടുത്തുന്നതില്‍ അംഭംഗിയുണ്ടോ എന്നൊരു ചോദ്യം ഇവിടെ ഉദിക്കാം. ദയവ് ചെയ്ത് ക്ഷമിക്കുക. ഒരു പക്ഷെ അറിയാത്തവര്‍ ഇനിയുമുണ്ടെങ്കില്‍ അറിയേണ്ട ഒരു ബ്ലോഗായി തോന്നിയതിനാലാണ് ഈ ഒരു ശ്രമം എന്ന് മാത്രം കരുതുക. ഇക്കഴിഞ്ഞ ഇടപ്പള്ളി ബ്ലോഗ് മീറ്റില്‍ പരസ്പരം കണ്ടു എങ്കിലും എന്ത് കൊണ്ടോ നേരത്തെ അറിയില്ലായിരുന്നതിനാല്‍ വിശദമായി പരിചയപ്പെടാന്‍ എനിക്ക് കഴിയാതിരുന്ന ഈ ചിത്രനിരീക്ഷകനിലേക്ക് എന്റെ ശ്രദ്ധ എത്തിച്ചത് നന്ദപര്‍വ്വം നന്ദന്റെ ഇടപ്പള്ളി മീറ്റ് പോസ്റ്റാണ്. അല്ലെങ്കില്‍ ഒരു പക്ഷെ ഈ ചിത്രനിരീക്ഷണം എന്റെ കണ്ണില്‍ പെടില്ലായിരുന്നു. അത് പോലെ ഈ നിരീക്ഷണങ്ങള്‍ ഇനിയും കണ്ടിട്ടില്ലാത്തവര്‍ക്ക് ഉപയോഗപ്പെടട്ടെ എന്ന ചിന്തയില്‍ നിന്നാണ് ഈ സഞ്ചാരം.
ചലചിത്രങ്ങള്‍ മൂന്ന് തരം : കണ്ടിരിക്കേണ്ടത്, കാണാന്‍ കൊള്ളാവുന്നത്, കാണരുതാത്തത്. എന്നതാണ് ചിത്രനിരീക്ഷണം എന്ന ബ്ലോഗ് എഴുതുന്ന ഷാജിയുടെ കാഴ്ചപ്പാട്. സമീപഭാവിയില്‍ സിനിമയിലേക്ക് പൂര്‍ണ്ണമായും പറിച്ച് നടണം എന്ന മോഹമുള്ള ഷാജിയുടെ ചിത്ര നിരീക്ഷണങ്ങള്‍ വളരെ ആഴത്തില്‍ തന്നെയുള്ളതാണെന്ന് വെറും ഒരു ചലചിത്രാസ്വാദകനായ എന്റെ തോന്നല്‍. രാവണന്‍ എന്ന മണിരത്നം ചിത്രത്തിന്റെയും ലാല്‍ ചിത്രമായ ഇന്‍ ഗോസ്റ്റ് ഇന്‍ എന്നിവയുടെയെല്ലാം വിശേഷങ്ങള്‍ നിറഞ്ഞിരിക്കുന്നു ചിത്രനിരീക്ഷണത്തില്‍. ചിത്രനിരീക്ഷണം എന്ന ബ്ലോഗ് പരിപൂര്‍ണ്ണമായും ചലചിത്രങ്ങള്‍ക്കായി ഷാജി മാറ്റിവച്ചിരിക്കുന്നു. വസ്തു നിഷ്ഠമായ വിശകലനങ്ങളിലൂടെ അതും സിനിമ ഒരു പ്രൊഫഷന്‍ ആയി സ്വപ്നം കണ്ട് നടക്കുന്ന ഒരു വ്യക്തിയിലൂടെ പറയുമ്പോള്‍ അത് വായിക്കപെടേണ്ടതാണെന്ന് എനിക്ക് തോന്നുന്നു. കഥപ്പെട്ടി, ബ്രോണ്‍സ് സ്ക്രീന്‍ എന്ന മറ്റൊരു ബ്ലോഗും ഷാജിക്ക് സ്വന്തം. "പച്ചപരിഷ്‌ക്കാരികളും തേക്കുപാട്ടുകാരും ഉള്ള തൃശ്ശൂരിലെ ഒരു സങ്കരയിനം ഗ്രാമമാണ് അഷ്‌ടമിച്ചിറ, എന്റെ നാട്. കഴിഞ്ഞ 6-7 വര്‍ഷമായി ഇന്റര്‍നെറ്റ് എന്ന വലിയ വലയില്‍ ചില ചെറിയ കണ്ണികള്‍ കുരുക്കിക്കൊണ്ടിരിക്കുന്നു. എഴുത്തും ചലച്ചിത്രവും പുതിയ മേച്ചില്‍പ്പുറങ്ങള്‍" ഇത് ബ്ലോഗറുടെ തന്നെ ആത്മഗതം.
"മൂന്ന് മാസം മുന്‍പ് തിരുവനന്തപുരത്ത് നടന്ന ഹൃസ്വചിത്ര ചലച്ചിത്രമേളയില്‍ പ്രത്യേക പരാമര്‍ശം നേടിയ ഒരു കൊച്ചു (അനിമേഷന്‍) ചിത്രത്തിന്റെ തിരക്കഥാകൃത്തും പങ്കാളിയുമാണ്. ഇക്കഴിഞ്ഞ ജൂണില്‍ കോഴിക്കോട് വെച്ച് മാതൃഭൂമി നടത്തിയ തിരക്കഥാശില്‍പ്പശാലയില്‍ പങ്കെടുത്ത 60 പേരില്‍ നിന്ന് തിരക്കഥയെഴുത്തില്‍ തിരഞ്ഞെടുത്ത അഞ്ചുപേരിലൊരാളാണ്. തീര്‍ച്ചയായും മലയാള സിനിമയുടെ വരും നാളുകളില്‍ ഈ ചെറുപ്പക്കാരന്റെ പേര് വെള്ളിത്തിരയില്‍ നമുക്ക് വായിച്ചെടുക്കാം." എന്ന് നന്ദപര്‍വ്വത്തിലെ പോസ്റ്റില്‍ നന്ദന്‍ പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാവട്ടെ എന്ന് നമുക്ക് ആശിക്കാം. അതിലൂടെ സിനിമയുടെ ഉള്ളുകള്ളികളിലൂടെ സഞ്ചരിക്കുന്ന ഒരു ബ്ലോഗറെയും നമുക്ക് കിട്ടുമല്ലോ?
Sunday, July 25, 2010
അപ്പുവിന്റെ അത്ഭുതലോകവും മിനികഥകളും
ബൂലോകസഞ്ചാരത്തിന്റെ ഒന്നും
ഈ അടുത്ത് മാതൃഭൂമി ഓൺലൈൻ എഡിഷനിൽ ബ്ലോഗിനെ കുറിച്ച് രണ്ട് ലേഖനങ്ങൾ വായിക്കാനിടയായി. ഒന്ന്
പക്ഷെ, ഇവിടെ നമ്മുടെ ഈ കൊച്ച് ബൂലോകം വ്യത്യസ്ഥമാകുന്നു. ബ്ലോഗർമാരെയും ബ്ലോഗിണികളെയും പോലെതന്നെ ബ്ലോഗുണ്ണികളും നമ്മുടെ ഈ കൊച്ചുലകത്തിൽ ഒട്ടേറെയുണ്ട്. ഒരു പക്ഷെ രാഷ്ട്രീയക്കാരന്റെ മക്കൾ രാഷ്ട്രീയക്കാരനും ഡോക്ടറുടെ മക്കൾ ഡോക്ടറും ആവണം എന്ന മലയാളിയുടെ ചിന്തയാവാം ഈ ബ്ലോഗുണ്ണികളുടെ മലയാളത്തിലെ വളർച്ചക്ക് കാരണം. പക്ഷെ, ഒന്ന് പറയാതെ വയ്യ, ഒരു പ്ലാറ്റ്ഫോം ഒരുക്കിക്കൊടുക്കാനേ മാതാപിതാക്കൾക്ക് കഴിയു എന്നിരിക്കിലും ഇത്തരം ബ്ലോഗുണ്ണികൾ അവരുടെ കഴിവു കൊണ്ട് തന്നെ ഇവിടെ സ്ഥാനം ഉറപ്പിക്കുന്നു എന്ന് നിസ്സംശയം പറയാം. അത്തരത്തിൽ ജന്മനാ ലഭിച്ചിരിക്കുന്ന മൾട്ടി ടാലന്റ് ബ്ലോഗിലൂടെ നമുക്ക് മുൻപിൽ തുറക്കുന്ന ഇത്തരം കുട്ടികൾ തിർച്ചയായും പ്രശംസയും മുൻഗണനയും അർഹിക്കുന്നു . അതുകൊണ്ട് തന്നെ അത്തരം ഒരു ബ്ലോഗിലൂടെ ആവാം ഇത്തവണ നമ്മുടെ ആദ്യ സഞ്ചാരം.
രാധിക
ചുവരുകളിൽ കരികൊണ്ട് വരച്ചു തെളിഞ്ഞ പഴയ രവിവർമ്മ കാലഘട്ടമല്ല ഇതെന്നും, രാത്രിയിൽ ഉറക്കമുണർന്ന് ചായപെൻസിലുകളും ചായക്കൂട്ടുകളുമായി കിന്നാരം പറഞ്ഞ് ഏഴാം വയസ്സിൽ അഗാധമായ നിദ്രയെ പുല്കിയ ക്ലിന്റിന്റെയും കാലമല്ല ഇതെന്നും തീർച്ചയുണ്ട് അശ്വിന്. കൊച്ചുമനസ്സിലെ ഭാവനയിൽ വിരിഞ്ഞ മനോഹരമായ ചിത്രങ്ങൾ ഇന്റര്‍നെറ്റിന്റെ അനന്തസാദ്ധ്യതകളിലേക്ക് തുറന്നിട്ടിരിക്കുന്നു അശ്വിൻ. ഒരു നല്ല ചിത്രകാരന് വേണ്ട എല്ലാ ക്രാഫ്റ്റും ആ ചിത്രങ്ങളിൽ നമുക്ക് കാണാം. ഒരു പക്ഷെ, രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുമുള്ള നല്ല സപ്പോർട്ട് ഉണ്ടാകാം. ഇവിടെ രക്ഷിതാക്കളുടെ സപ്പോർട്ട് എന്ന പ്രയോഗം ഒരിക്കലും നെഗറ്റീവ് അർഥത്തിലല്ല എന്ന് പറയട്ടെ. കാരണം ചിത്രമെഴുത്ത്, പോഡ്കാസ്റ്റിങ്ങ്, വ്ളോഗിങ്ങ് അങ്ങിനെ ബ്ലോഗിലെ മിക്ക മേഖലകളിലൂടെയും സഞ്ചരിച്ച് ശരിക്കും അവിടെയെത്തുന്നവരെ ഒരു അത്ഭുതലോകത്തേക്ക് നയിക്കാൻ കഴിയുന്നുണ്ട് അശ്വിന്. വൈലോപ്പിള്ളിയുടെ പ്രശസ്തമായ മാമ്പഴം അശ്വിൻ ചൊല്ലിയിരിക്കുന്നത് കേട്ട് ഒരു നിമിഷം പഴയ സ്കൂൾ കാലത്തേക്ക് സഞ്ചരിച്ചു. ഇന്നത്തെ കുട്ടികളാണ് നാളത്തെ പൌരന്മാരെന്ന ജവഹർലാൽ നെഹ്രുവിന്റെ വാക്കുകൾ കടമെടുത്ത് കൊണ്ട് പറയട്ടെ തീർച്ചയായും പരിഗണന അർഹിക്കുന്നു ഈ കുട്ടിബ്ലോഗർ.
കുട്ടികളെ കുറിച്ച് പറയുമ്പോൾ അതോടൊപ്പം നമ്മുടെ മനസ്സിലേക്ക് പെട്ടന്ന് കടന്ന് വരുന്നത് അദ്ധ്യാപകരാണ്. ഏതൊരു കുട്ടിയുടെയും വിജയത്തിനും പിന്നിൽ മാതാപിതാക്കളോളം അല്ലെങ്കിൽ അവരേക്കാൾ ഏറെ സ്വാധീനം ചെലുത്താൻ കഴിയുന്നു ഗുരുനാഥന്മാർക്ക്. ഇന്ന് മലയാള ബ്ലോഗുകളിൽ ഒട്ടേറെ അദ്ധ്യാപകർ നിറഞ്ഞ സാന്നിദ്ധ്യമാണ് എന്നതിൽ തർക്കമില്ല തന്നെ. എന്തിനേറെ പറയണം, ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന മലയാള ബ്ലോഗ് തന്നെ കേരളത്തിലെ ഗണിതശാസ്ത്ര അദ്ധ്യാപകരുടെ കൂട്ടായ്മയായ മാത്സ് ബ്ലോഗ്
പൊതുവെ ഭാഷാദ്ധ്യാപകരല്ലാത്തവരെ കുറിച്ചുള്ള ഒരു ആക്ഷേപമാണ് കഠിനഹൃദയരെന്നത്. തമാശകൾ ആസ്വദിക്കാത്ത, കാല്പനീകത ഇഷ്ടപ്പെടാത്ത ശാസ്ത്രകൌതുകങ്ങളിലും ചരിത്രഗവേഷണങ്ങളിലും മാത്രം മനസ്സ് ഉറപ്പിക്കുന്നവരാണ് ഇത്തരക്കാരെന്ന് പൊതുഭാഷ്യം. അതിൽ പ്രത്യേകസ്ഥാനം തന്നെയാണ് ജിവശാസ്ത്ര അദ്ധ്യാപകർക്ക് ഉള്ളത് എന്ന് പറയാതെ വയ്യ. ഇവിടെ അത്തരം ചട്ടക്കൂടുകളെ പൊളിച്ചെഴുതുകയാണ്, മിനി
പക്ഷെ, എനിക്കേറെ ഇഷ്ടപ്പെട്ടത്, ടിച്ചറുടെ മിനി കഥകളിലെ ജീവസ്സുറ്റ കഥകളാണ്. ആശയങ്ങളുടെ തിവ്രതകൊണ്ട് ചിന്തായോഗ്യമായ ഒട്ടേറെ കഥകൾ ഉള്ള മിനികഥകൾ വായന അർഹിക്കുന്നവ തന്നെ. ഞാൻ ബ്ലോഗിൽ സജീവമായ കാലഘട്ടം മുതൽ ഇന്ന് വരെ ശ്രദ്ധയോടെ വീക്ഷിക്കുന്ന ഒരു ബ്ലോഗ് ആണ് മിനിക്കഥകൾ
ഒരു കാര്യം നിസ്സംശയം പറയാം. അപ്പുവിന്റെ അത്ഭുതലോകത്തിലൂടെയും മിനികഥകളിലൂടെയും ഒന്ന് സഞ്ചരിച്ചാൽ വീണ്ടും അവിടെ ഒരിക്കൽ കൂടി എത്തിനോക്കാനുള്ള ഒരു പ്രേരണ ഈ ബ്ലോഗുകൾ പ്രദാനം ചെയ്യുന്നുണ്ടെന്നത് വലിയ ഒരു കാര്യം തന്നെയാണ്. വായന അർഹിക്കുന്ന ഇത്തരം ബ്ലോഗുകളെ പ്രായഭേദമന്യേ, ലിംഗഭേദമന്യേ നമുക്ക് നെഞ്ചേറ്റാം.
Saturday, July 10, 2010
മരണം വെക്കലും പലതും പറഞ്ഞിരിക്കാന്‍ ഒരു വരാന്തയും
മാരണം വെക്കല്‍
ബാലചന്ദ്രന്‍ ചുള്ളിക്കാടിനും ബെന്യാമിനും മുരുകന്‍ കാട്ടാക്കടക്കും ഒക്കെ പിന്നാലെ ഒട്ടേറെ പ്രമുഖ എഴുത്തുകാര്‍ ഇന്ന് ബൂലോകത്ത് അവരുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. അത്തരത്തില്‍ പെട്ട ഒരാളാണ് ജനം എന്ന ആദ്യ കഥാ സമാഹാരത്തിലൂടെ കേരള സാഹിത്യ അക്കാദമിയുടെ ഗീത ഹിരണ്യന്‍ എന്റോവ്മെന്റും , വെള്ളരിപ്പാടം എന്ന രണ്ടാമത്തെ കഥാസമാഹാരത്തിലൂടെ മാധവിക്കുട്ടി പുരസ്കാരവും സ്വന്തമാക്കിയ പി.വി.ഷാജികുമാർ . ഒരു പക്ഷെ വായനക്കാര്‍ കുറവ് എന്ന തോന്നല്‍ ആവാം ഒത്തിരി രചനകളൊന്നും ഷാജിയുടെ മാരണം വെക്കല്‍ എന്ന ബ്ലോഗില്‍ നമുക്ക് കാണാന്‍ കഴിയില്ല. പക്ഷെ, ചുരുക്കം ചില എഴുത്തുകളിലൂടെ തന്നെ ഷാജികുമാറിന് ഒട്ടേറെ പറയാനുണ്ടെന്ന ഒരു തോന്നല്‍ നമ്മില്‍ ഉണര്‍ത്തുന്നുണ്ട്. മഴക്കാലത്തിലെ കുട്ടേട്ടന്‍, ഉന്മാദികളുടെ വേനല്‍ വര്‍ഷങ്ങള്‍ക്ക് എന്നിവയിലൂടെ നമ്മില്‍ പലര്‍ക്കും നഷ്ടമായ ഗ്രാമത്തിന്റെ നൈര്‍മ്മല്യവും സുഖകരമായ ഓര്‍മ്മകളും ഷാജികുമാര്‍ പ്രദാനം ചെയ്യുന്നു. മാധ്യമം ആഴ്ചപ്പതിപ്പിലും പിന്നീട് വെള്ളരിപ്പാടത്തേക്കും പറിച്ചുനട്ട മരണത്തെക്കുറിച്ച് ഒരു ഐതീഹ്യം എന്ന കഥയിലൂടെ തന്നെ പറയാന്‍ ഒട്ടേറെയുണ്ടെന്ന് ഷാജികുമാര്‍ സൂചിപ്പിക്കുന്നു. ഒരു പക്ഷെ , ഈ ബ്ലോഗ് വായിക്കാതെ വിടുന്നതിലൂടെ നമ്മള്‍ നഷ്ടപ്പെടുത്തുന്നത് നല്ല വായനയുടെ ലോകമാവാം എന്ന് തോന്നുന്നു.
പലതും പറഞ്ഞിരിക്കാന്‍ ഇതാ ഒരു വരാന്ത'
ഇവരെപ്പോലെ വേറെയും ചിലരെയെല്ലാം സഞ്ചാരത്തിനിടയില്‍ കണ്ടെത്തി. മനോഹരമായി എഴുതാന്‍ കഴിയുന്നവര്‍ ഒത്തിരിയുണ്ടീ ബൂലോകത്തില്‍ എന്നത് സന്തോഷമുള്ള കാര്യം തന്നെ. ഇനിയും അത്തരത്തിലുള്ള ചിലരുമായി നമുക്ക് ഇവിടെ കണ്ടുമുട്ടാം എന്ന പ്രതീക്ഷയോടെ
