Sunday, September 12, 2010

ചില ചിത്രമെഴുത്ത് ബ്ലോഗുകള്‍

കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ വച്ച് ബ്ലോഗ് എന്ന മാധ്യമത്തെ പുറമേ നിന്നും നോക്കിക്കാണുന്ന ഒരു സുഹൃത്തുമായി ബ്ലോഗിങ്ങിനെ കുറിച്ച് കുറച്ച് സമയം സംസാരിക്കാനിടയായി. ബ്ലോഗര്‍മാരെ പോലെ തന്നെ പല ബ്ലോഗുകളും നിരീക്ഷിക്കുന്ന ഒട്ടേറെ ആളുകള്‍ പുറമേ ഉണ്ട് എന്നത് സന്തോഷകരമായ ഒരു കാര്യമാണ്‌. പക്ഷെ, ഞങ്ങളുടെ സംസാരത്തിനിടയില്‍ സുഹൃത്ത് പറഞ്ഞ ചില കാര്യങ്ങളാണ്‌ ബൂലോക സഞ്ചാരത്തിന്റെ അഞ്ചാം ഭാഗം എഴുതാന്‍ ഇരിക്കുമ്പോള്‍ എന്റെ മനസ്സില്‍.

ബ്ലോഗ് എന്ന മാധ്യമം പൊതുവെ എഴുത്തുകാര്‍ക്ക് വേണ്ടി മാത്രമായി പോകുന്നു, നമ്മുടെ മറ്റു പല കലകള്‍ക്കും അതില്‍ വേണ്ടത്ര പ്രാധാന്യം കിട്ടുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. ഞാന്‍ തിരുത്താന്‍ ശ്രമിച്ചു. ബ്ലോഗില്‍ കഥക്കും കവിതക്കും യാത്രാവിവരണങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും എന്ന പോലെ തന്നെ ഫോട്ടോകള്‍ക്കും ചിത്രങ്ങള്‍ക്കും ഒക്കെ സ്ഥാനമുണ്ടെന്ന്. പക്ഷെ അവയൊക്കെയുണ്ടെങ്കിലും ഒരിക്കലും അവ ഒരു തലത്തിനപ്പുറത്തേക്ക് ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു എന്ന അദ്ദേഹത്തിന്റെ അഭിപ്രായം ഒരു പരിധിവരെ വാസ്തവമായി തന്നെ എനിക്കും തോന്നി. ഫോട്ടോ ബ്ലോഗുകളുടെ കാര്യം അല്പം കൂടെ വ്യത്യസ്തമാണെങ്കിലും ചിത്രബ്ലോഗുകളുടെ കാര്യത്തില്‍ ഒരു പരിധിവരെ അത് ശരിതന്നെയാണ്‌. കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ കണ്ട രണ്ട് ബ്ലോഗുകള്‍ അവയിലെ പോസ്റ്റുകളുടെ മനോഹാരിത കൊണ്ട് ശ്രദ്ധിക്കപ്പെടേണ്ടതാണെങ്കിലും അര്‍ഹിക്കുന്ന പരിണന കിട്ടുന്നില്ല എന്ന് തോന്നിയത് കൊണ്ട്.. ഈ ഒരു പംക്തി തുടങ്ങിയപ്പോള്‍ ഞാനും നമ്മുടെ ബൂലോകം പ്രവര്‍ത്തകരും മനസ്സില്‍ കണ്ടത്, ഇത്തരത്തില്‍ കാണാതെ പോകുന്ന മികച്ച ബ്ലോഗുകളെ വായനക്കാര്‍ക്ക് മുന്‍പില്‍ എത്തിക്കുവാനുള്ള ഒരു ശ്രമം എന്ന നിലക്കായത് കൊണ്ടും തീര്‍ച്ചയായും ചിത്രമെഴുത്ത് മേഖലയിലുള്ള ചില ബ്ലോഗുകളിലൂടെയാവാം ഇക്കുറി നമ്മുടെ സഞ്ചാരം.

എഴുത്ത്, വായന എന്നിവ പോലെ തന്നെ നമ്മള്‍ എന്നും നെഞ്ചേറ്റിയിരുന്ന ഒരു കലാരൂപമാണ്‌ ചിത്രരചന. ചിത്രമെഴുത്ത് എന്നൊരു പഴയ പ്രയോഗവും ഉണ്ട്. ബ്ലോഗില്‍ ഒട്ടേറെ പേര്‍ കൈവെക്കാന്‍ മടിച്ചിട്ടുള്ള ഒരു മേഖലയും ഇത് തന്നെയെന്ന് തോന്നുന്നു. കുക്കു, ജ്യോ, ലിനു, ഹൈന.. ചെറിയ ഒരു നിരതന്നെയുണ്ട്.. അത്തരം സാഹചര്യത്തില്‍ നിവിനിന്റെ 'വെറുതെ ഒരു ബ്ലോഗും' റാണി അജയിന്റെ 'മകള്‍ക്ക്' എന്ന ബ്ലോഗും രഞ്ജിത്ത് കുമാറിന്റെ Art ofRKMN എന്ന ബ്ലോഗും മനോജ് തലയമ്പലത്തിന്റെ 'ചിത്രങ്ങള്‍' എന്ന ബ്ലോഗും തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്ന് തോന്നി.

വെറുതെ ഒരു ബ്ലോഗ്

വെറുതെ ഒരു ബ്ലോഗ് എന്ന തലക്കെട്ട് കണ്ടപ്പോള്‍ ഒരിക്കലും ചിത്രമെഴുത്തിനു മുന്‍‌തൂക്കം കൊടുക്കുന്ന ഒരു ബ്ലോഗാവുമെന്ന് കരുതിയല്ല അതിലേക്ക് കയറി ചെന്നത്. ചെന്ന് കയറിയപ്പോള്‍ ആദ്യം കണ്ടത് മനോഹരമായ ഒരു തലക്കെട്ടാണ്‌. 'കറുത്ത സ്വപ്നങ്ങളിലെ ഗ്രാമം'. ഒരു ചിത്രകാരനില്‍ നല്ലൊരു എഴുത്തുകാരന്‍ ഒളിഞ്ഞിരിപ്പുണ്ടാവാം എന്ന്‍ എവിടെയോ വായിച്ച ഓര്‍മ്മ!!. ചിത്രമെഴുത്തിലെ സാങ്കേതിക വശങ്ങളെ കുറിച്ച് എനിക്ക് അത്ര ഗ്രാഹ്യം ഇല്ല. എങ്കിലും അതില്‍ കണ്ട ചിത്രങ്ങള്‍ അത് നമ്മെ വല്ലാതെ പിടിച്ചിരുത്തുന്നു. പോസ്റ്റുകളിലൂടെ ഒന്ന് ഓടിച്ച് പോയപ്പോള്‍ പെട്ടന്ന് മലയാളിക്ക് ഒട്ടേറെ അഭിമാന നിമിഷങ്ങള്‍ സമ്മാനിച്ച ശോഭനയുടെ ഒരു മനോഹരമായ പോര്‍ട്രയിറ്റ്!!! എനിക്ക് അതിനെ കുറിച്ച് വിശദീകരിച്ച് തരുവാനുള്ള വിവേകം ഇല്ലാത്തതിനാല്‍ നിങ്ങള്‍ തന്നെ അത് കാണൂ എന്ന് മാത്രമേ ഞാന്‍ പറയുന്നുള്ളൂ.. നല്ലൊരു എഴുത്തുകാരന്‍ കൂടെ നിവീനില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് കുറിപ്പുകള്‍ എന്ന ലേബലില്‍ കണ്ട ചില എഴുത്തുകളിലൂടെ സഞ്ചരിച്ചപ്പോള്‍ മനസ്സിലായി. ഒരു കൂട്ടുകാരിയെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ് പോലും അതീവ തീവ്രമായി എഴുതിയിട്ടുണ്ട്. എന്നിരിക്കലും വെറുതെ ഒരു ബ്ലോഗ് എന്നെ ആകര്‍ഷിച്ചത് അതിലെ മനോഹരമായ ചിത്രങ്ങള്‍ കൊണ്ട് തന്നെ.

മകള്‍ക്ക്

ചെങ്ങന്നൂര്‍ സ്വദേശിയായ, ഇപ്പോള്‍ ടൊറെന്റോയില്‍ താമസിക്കുന്ന റാണി അജയ് സ്വന്തം മകള്‍ക്ക് ചിത്രങ്ങള്‍ ഇഷ്ടമായതിനാല്‍ മകള്‍ക്ക് വേണ്ടി കാട്ടുന്ന സാഹസം എന്ന പേരില്‍ തുടങ്ങിയ ഈ ബ്ലോഗ് ഒരിക്കലും ചിത്രകലയെ ഇഷ്ടപ്പെടുന്നവര്‍ക്ക് സാഹസം ആയി തോന്നില്ല എന്നത് ഉറപ്പ്. പെയിന്റും ബ്രഷും കൊണ്ടുള്ള റാണിയുടെ മല്‍‌‌പ്പിടുത്തത്തില്‍ ഓയില്‍ പെയിന്റിംഗ്, വാട്ടര്‍ പെയിന്റിംഗ്, ആക്രലിക്ക് പെയിന്റിംഗ്, MS പെയിന്റിംഗ്, പെന്‍സില്‍ സ്കെച് എന്നീ വിവിധ വിഭാഗങ്ങളിലായി 30 ഓളം ചിത്രങ്ങള്‍ ഉണ്ട്. ഒരു യാത്ര, ദേവാംഗന എന്നീ ചിത്രങ്ങള്‍ മനോഹരമായി തോന്നി. മകള്‍ക്ക് വേണ്ടി ചെയ്യുന്ന ഈ സാഹസത്തിലൂടെ ഒരിക്കല്‍ സഞ്ചരിച്ചാല്‍ ഒന്ന് കൂടി അവിടെ എത്തിനോക്കാന്‍ പ്രേരിപ്പിക്കുന്നു ഈ ചിത്രമെഴുത്തുകാരി.

Art of RKMN

തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ വൈഗ അനിമേഷനില്‍ ജോലി ചെയ്യുന്ന രഞ്ജിത്ത് കുമാര്‍ എം.എന്‍ എന്ന അനിമേറ്ററുടെ ബ്ലോഗാണ്‌ Art of RKMN (രഞ്ജിത് കുമാര്‍ എം. എന്‍ എന്നതിന്റെ ചുരുക്കെഴുത്താവാം). 5 പോസ്റ്റുകളോളമേ നിലവില്‍ ആ ബ്ലോഗില്‍ കാണാന്‍ കഴിഞ്ഞുള്ളൂ. ഒരു പക്ഷെ ബ്ലോഗ് അധികം ശ്രദ്ധിക്കപ്പെടുന്നില്ല എന്ന തോന്നലാവാം രഞ്ജിത്തിനെ നിരാശനാക്കുന്നത്. അല്ലെങ്കില്‍ സമയക്കുറവാകാം.. എന്ത് തന്നെയായാലും അതില്‍ കണ്ട പോസ്റ്റുകളില്‍ രഞ്ജിത്തിലെ ചിത്രകാരന്റെ നേര്‍ ചിത്രം നമുക്ക് നിശ്ചയമായും ലഭിക്കുന്നുണ്ട്. My dear Kannan, My Dear Apputtan, Indian Mozart എന്നീ ചിത്രങ്ങളില്‍ രഞ്ജിത്തിന്റെ നിരീക്ഷണപാടവം വളരെയധികം ദര്‍ശിക്കാം. എ.ആര്‍. റഹ്‌മാന്‍ എന്ന ഭാരതത്തിന്റെ ഓസ്കാര്‍ ജേതാവിന്റെ രഞ്ജിത്ത് വരച്ച ചിത്രം വളരെ മനോഹരമായിരിക്കുന്നു. പെന്‍സില്‍ ഡ്രോയിംഗിന്റെ എല്ലാ മനോഹാരിതയും ആ പോസ്റ്റിനുണ്ടെന്ന് തന്നെ ഒരു ശരാശരി ആസ്വാദകനായ എന്റെ വിശ്വാസം. തീര്‍ച്ചയായും പരിഗണന കിട്ടാത്തത് കൊണ്ട് ഇത്തരം മികച്ച കലാ സൃഷ്ടികള്‍ വിസ്മൃതിയിലാവരുതെന്ന് എനിക്ക് തോന്നുന്നു.

ചിത്രങ്ങള്‍

മനോജ് തലയമ്പലത്ത് എന്ന ബ്ലോഗ് സുഹൃത്തിനെ ഞാന്‍ തികച്ചും യാദൃശ്ചികമായി കണ്ട് മുട്ടിയതാണ്‌. എപ്പോഴോ ഋതു എന്ന കഥാ ബ്ലോഗിലെ കമന്റ് ബോക്സില്‍ കണ്ടിട്ടുള്ള പരിചയത്തിലൂടെയാണ്‌ മനോജിന്റെ ബ്ലോഗില്‍ എത്തപ്പെട്ടത്. അതിലെ ചിത്രങ്ങള്‍ക്ക് എന്തൊക്കെയോ ചില വ്യത്യസ്തതകള്‍ ഫീല്‍ ചെയ്യുകയും ചെയ്തു. നിറങ്ങള്‍ കൊണ്ട് ജീവിതം നിറക്കാന്‍ ആഗ്രഹിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന് ഓര്‍ക്കുന്ന ഈ ചെറുപ്പകാരന്റെ തിരക്ക് പിടിച്ച ജോലിക്കിടയില്‍ വീണു കിട്ടുന്ന മുഹൂര്‍ത്തങ്ങളാണ്‌ ഇന്ന് ചിത്രങ്ങളിലൂടെ നമ്മള്‍ കാണുന്നത്. മാതൃഭൂമിയുടെ കോഴിക്കോട് എഡിഷനില്‍ വര്‍ക്ക് ചെയ്യുന്ന മനോജിന്റെ ക്രയോണ്‍ ചിത്രങ്ങളൂടെ മനോഹാരിത ആസ്വദിക്കപ്പെടേണ്ടത് തന്നെ. കലഹം, തയ്യല്‍കാരി, പ്രണയത്തിന്റെ അഗ്നിയില്‍ പൊലിഞ്ഞ് പോയത്..... ചിത്രങ്ങള്‍ എന്ന ബ്ലോഗിലെ ചില നല്ല ചിത്രങ്ങള്‍ മാത്രം ഇവ.. (ഈ നല്ല കലാകാരന്റെ ചിത്രങ്ങള്‍ പലപ്പോഴും എന്റെ തേജസിലെ ചില പോസ്റ്റുകള്‍ക്ക് മുതല്‍കൂട്ടാകാറുണ്ട് എന്നത് ഹൃദയപുര്‍വ്വം ഇവിടെ സ്മരിച്ച് കൊള്ളുന്നു)

ഒട്ടേറെ ബ്ലോഗുകള്‍ അരങ്ങു വാഴുന്ന മലയാള ബൂലോകത്തിന്‌ മുതല്‍ക്കൂട്ടായി തീരട്ടെ ഇത്തരം വേറിട്ട ബ്ലോഗുകളും എന്ന്‍ ആശംസിക്കുന്നു.