Sunday, September 4, 2011

പൈമയും പുഷ്‌പുള്ളും

ദേ വീണ്ടും ഒരു ഓണക്കാലം വന്നുചേര്‍ന്നു. എല്ലാവരും തിരക്കുപിടിച്ച ഓണനാളുകളില്‍ ആണെന്ന് അറിയാം. എന്തോ കഴിഞ്ഞ ദിവസം വളരെ യാദൃശ്ചികമായി രണ്ട് വ്യത്യസ്ത ബ്ലോഗുകളില്‍ എത്തപ്പെട്ടു. അവയെ ഇവിടെ സഞ്ചാരത്തിലൂടെ പരിചയപ്പെടുത്തേണ്ടതുണ്ട് എന്ന് തോന്നിയത് കൊണ്ട് അധികം മുഖവുരകള്‍ ഇല്ലാതെ തന്നെ ബൂലോകസഞ്ചാരത്തിന്റെ ഭാഗം ഇവിടെ കുറിക്കട്ടെ.

ബെര്‍ളി തോമസിനെ കുറിച്ച് ബ്ലോഗര്‍മാര്‍ പറയുന്ന ഒരു വാചകമുണ്ട്. ബെര്‍ളിക്ക് ബ്ലോഗ് കക്കൂസില്‍ പോകുന്നത് പോലെയാണെന്ന്. അതായത് ഒഴിവാക്കാന്‍ വയ്യാത്ത ഒന്നാണ് ബെര്‍ളിക്ക് ബ്ലോഗ് എന്ന് സാരം. അത്രയേറെ ബ്ലോഗില്‍ ബെര്‍ളി അപ്‌ഡേറ്റ് ആണ്. ബെര്‍ളിത്തരങ്ങളിലെ മനോഹരമായ ആക്ഷേപഹാസ്യങ്ങള്‍ വായിക്കാത്തവര്‍ നമുക്കിടയില്‍ കുറവായിരിക്കുകയും ചെയ്യും. ഇതാ ബ്ലോഗെന്നാല്‍ എനിക്ക് സ്കൂളിലെ ബോര്‍ഡ് പോലെയും ആഹാരം കഴിക്കുന്നത് പോലെ ചിന്തിക്കുന്നതും ബ്ലോഗ് വായിക്കുന്നതും എനിക്ക് അത്യന്താപേക്ഷിതമായ ഒന്നാണെന്ന് സ്വയം പറഞ്ഞുകൊണ്ട് നമുക്കിടയിലേക്ക് കഥകളും കവിതകളും ലേഖനങ്ങളുമായി കടന്നു വരുന്നു ഒരു കോതമംഗലത്തുകാരന്‍. കൃത്യമായി പറഞ്ഞാല്‍ ഒരു പൈമറ്റത്തുകാരന്‍. പൈമ എന്ന പേരില്‍ ഒരു ബ്ലോഗ് കണ്ടപ്പോള്‍ പ്രദീപ് പൈമ എന്ന പേരു കണ്ടപ്പോള്‍ വല്ലാതെ അത്ഭുതപ്പെട്ടു. എന്തായിരിക്കും പേരിന്റെ അര്‍ത്ഥം? ഒടുവില്‍ ബ്ലോഗിലൂടെയുള്ള സഞ്ചാരത്തിനിടയില്‍ പ്രദീപിന്റെ തന്നെ ആത്മലേഖനത്തില്‍ 'പേരിന്റെ വഴി' വ്യക്തമാക്കിയിരിക്കുന്നത് കണ്ടെത്തുകയായിരുന്നു. അതേ പോസ്റ്റില്‍ നിന്നും തന്നെ മറ്റൊരു സമസ്യക്ക് കൂടെ ഉത്തരം കിട്ടി. മറ്റൊന്നുമല്ല, പ്രദീപിന്റെ ഭൂരിഭാഗം പോസ്റ്റുകളും ലഹരിക്കെതിരെയുള്ള പോരാട്ടാമായോ ഉപദേശങ്ങളായോ കണ്ടിരുന്നു. ആത്മാര്‍ത്ഥ സുഹൃത്ത് അത്തരം ഒരു വഴിയിലേക്ക് എടുത്തെറിയപ്പെട്ട സങ്കടത്തില്‍ നിന്നാണ് പ്രദീപ് അത്തരത്തില്‍ ഒരു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. നല്ല കാര്യം തന്നെ. ബ്ലോഗിലൂടെയെങ്കിലും ലഹരി വിരുദ്ധവികാരം മറ്റുള്ളവരിലേക്ക് എത്തിക്കുവാന്‍ പ്രദീപ് ശ്രമിക്കുന്നു എന്നത് തീര്‍ത്തും പ്രശംസനീയമായ ഒന്നു തന്നെ.

പക്ഷെ ഇതൊന്നുമല്ല, പ്രദീപ് പൈമ എന്ന എഴുത്തുകാരനെ പരിചയപ്പെടുത്താന്‍ ഉള്ള കാരണം. വ്യത്യസ്തങ്ങളായ ആഖ്യാനശൈലികള്‍, കൊതിപ്പിക്കുന്ന വിഷയ വൈവിധ്യങ്ങള്‍ ഇവയെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. നഷ്ടപ്പെടല്‍ എന്ന കവിത നോക്കൂ.

കാമം കത്തി ജ്വലിക്കുമ്പോള്‍ കാമുകിക്ക്
നല്‍കിയ ചുംബനം തെറ്റായിരുന്നു
അത് പ്രണയം നഷ്ടപെടുത്തി
പ്രകടിപ്പിക്കാന്‍ കഴിയാത്ത സ്നേഹം
കുടുബത്തിന് തെറ്റായിരുന്നു
അത് സമാധാനം നഷ്ടപെടുത്തി - എന്ന് തുടങ്ങി

ജിവിതത്തില്‍ പ്രതീക്ഷ ഇല്ലാതായപ്പോള്‍
ഞാന്‍ എന്നെ നഷ്ടപ്പെടുത്തി. എന്ന വരികളില്‍ എത്തുമ്പോള്‍ വലിയ ഒരു തത്വം പറയുന്ന പോലെ ഫീല്‍ ചെയ്യുമെങ്കിലും കവിതയില്‍ ഉള്‍ക്കൊള്ളൂന്ന അര്‍ത്ഥങ്ങള്‍ .. അവ നമ്മോട് ഒരുപാടൊക്കെ പറയുന്നില്ലേ എന്ന് തോന്നിപ്പോകുന്നു.

പ്രണയത്തിന്റെ ഗന്ധം എന്ന കഥ ഇന്നത്തെ ജീവിതങ്ങളുടേ നേര്‍ചിത്രങ്ങള്‍ ആണ്. തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്ക് മനുഷ്യന്‍ നയിക്കപ്പെടുന്ന കാലം. കാലത്തെ , അതിന്റെ ചുറ്റുപാടുകളെ മനോഹരമായി പ്രദീപ് കഥയിലൂടെ പറഞ്ഞുവെയ്ക്കുന്നു.

ചെറിയ ചിന്തകള്‍ എന്ന കഥയിലൂടെ വലിയ ഒരു ചിന്തക്കുള്ള വിഭവങ്ങള്‍ നമുക്ക് നല്‍കുന്നു പ്രദീപ്. തികച്ചും ഒരു സാധാരണ കഥയാകുമായിരുന്നതിനെ കഥയുടെ അവസാനഭാഗത്ത് കൊണ്ടുവന്ന വ്യത്യസ്തമായ ട്വിസ്റ്റിലൂടെ നല്ല ഒരു വിഷയമാക്കി മാറ്റാനുള്ള കഴിവ്. അത് അംഗീകരിക്കപ്പെടേണ്ടത് തന്നെ. നിവേദ്യം, ചിത്രപീഠം എന്നീ ബ്ലോഗുകളും പൈമയുടെ എഴുത്തുകാരന് സ്വന്തമായുണ്ട്.

നാട്ടിന്‍‌പുറത്തിന്റെ വിശുദ്ധിയുമായി കഥകള്‍ പറയുന്ന , കവിതകള്‍ നല്‍കുന്ന, ലഹരിയോട് പൊരുതുന്ന കൂട്ടുകാരനില്‍ നിന്നും സിറ്റിസണ്‍ ജേര്‍ണലിസത്തിന്റെ വ്യത്യസ്തമായ വഴികള്‍ ചവിട്ടി കയറുന്ന പുഷ്‌പുള്‍ എന്ന ബ്ലോഗില്‍ എത്തുമ്പോള്‍ മറ്റൊരു തരം ഫീല്‍ ആണ് കിട്ടുന്നത്. അനൂപ് മോഹന്‍ എന്ന ശ്രീമൂലനഗരത്തുകാരന്‍ മീഡിയ പ്രവര്‍ത്തകന്റെ ബ്ലോഗിലൂടെ സഞ്ചരിച്ചാല്‍ നമുക്ക് കാണാനാവുക കൂടുതലും വ്യത്യസ്തതയുള്ള രചനകള്‍ തന്നെ. ഏറ്റവും പുതിയ പോസ്റ്റായ മണ്ണിലേക്ക് കുഴിവെട്ടുന്ന ബേബിയായാലും അരങ്ങിന്റെ ഓമനക്ക് എന്ന പോസ്റ്റിലായാലും എല്ലാം ഇങ്ങിനെ ചിലര്‍ ഇവിടെ ജീവിക്കുന്നു എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുവാനുള്ള ശ്രമം നടത്തുന്നു അനൂപ്.

ഒരു തീവണ്ടികഥയില്‍ നിന്നുമാണ് പുഷ്‌പുള്‍ തുടങ്ങുന്നത്. പിന്നീട് പുഷ്‌പുള്ളിന്റെ യാത്രയില്‍ ഫിറ്റ് ചെയ്ത ബോഗികളെല്ലാം കാലീകവും വ്യത്യസ്തവും തന്നെ.

ഒരു മീഡിയ പ്രവര്‍ത്തകനായതുകൊണ്ടാവാം സിനിമയോടും അതിനോടനുബന്ധമായ കാര്യങ്ങളോടും വല്ലാത്ത ഒരു ക്രേസ് അനൂപിന്റെ അന്വേഷണങ്ങളില്‍ കാണാന്‍ കഴിയും. അഭ്രപാളിയിലെ അമ്മമാര്‍, ഒരിടത്തൊരു റഷീദ് , കൌസല്യയുടെ മകന്‍ സലിം , മാള മുതല്‍ മാള വരെ അങ്ങിനെ ഓട്ടേറെ സിനിമാ സംബന്ധിയായ പോസ്റ്റുകള്‍ / അഭിമുഖങ്ങള്‍ നമുക്ക് പുഷ്‌പുള്ളിന്റെ ബോഗികളില്‍ കാണാം. വ്യത്യസ്തതയുള്ള ബ്ലോഗിലൂടെ സഞ്ചരിക്കാന്‍ കഴിഞ്ഞതിലും പോസ്റ്റുകള്‍ നിങ്ങളോടൊത്ത് പങ്കുവെക്കാന്‍ കഴിഞ്ഞതിലും എനിക്ക് സന്തോഷമുണ്ട്. വായന അര്‍ഹിക്കുന്ന പൈമയിലേക്കും പുഷ്‌പുള്ളിലേക്കും നിങ്ങളെ നയിക്കുന്നതോടൊപ്പം നല്ല ഒരു ഓണക്കാലവും ആശംസിച്ചുകൊണ്ട് ഇനിയും സന്ധിക്കും വരേക്കും വണക്കം.

ണാശംളോടെ,

Tuesday, August 30, 2011

പുസ്തകവിചാരം - ഓണം ബുക്ക് ഫെസ്റ്റ്

മുന്‍‌കുറിപ്പ് : ഇതിനെ ബൂലോക സഞ്ചാരത്തിന്റെ ഗണത്തില്‍ പെടുത്തുവാന്‍ കഴിയുമോ എന്നറിയില്ല. അതുകൊണ്ട് തന്നെ നമ്മുടെ ബൂലോകം എനിക്കനുവദിച്ചു തന്ന കോളത്തില്‍ ഉള്‍പ്പെടുത്താതെ ഇവിടെ മാത്രമായി സഞ്ചാരത്തിനിടയിലെ ഈ കൊച്ചു കുറിപ്പ് പോസ്റ്റ് ചെയ്യട്ടെ..


പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന പുസ്തകാവലോകനങ്ങളെ ഒരുമിപ്പിക്കാന്‍ ഒരിടം എന്ന നിലയില്‍ തുടക്കം കുറിച്ച പുസ്തകവിചാരം എന്ന ഗ്രൂപ്പ് ബ്ലോഗിനെ പറ്റി മുന്‍പ് ബൂലോകസഞ്ചാരത്തില്‍ എഴുതിയിരുന്നു. ഇപ്പോള്‍ അതേ ബ്ലോഗില്‍ ഓണത്തോടനുബന്ധിച്ച് ഒരു ബുക്ക് ഫെസ്റ്റ് നടത്തുന്നു. വായനയുടെ പൂക്കാലത്തേക്ക് ബൂലോകരെ മൊത്തം ഹാര്‍ദ്ദമായി ക്ഷണിച്ചു കൊണ്ട് പുസ്തകവിചാരം ബ്ലോഗില്‍ സെപ്തംബര്‍ മാസത്തില്‍ പോസ്റ്റ് ചെയ്യുവാന്‍ പോകുന്ന ഏഴ് പുസ്തകറിവ്യുകളെ പറ്റി വായനക്കാരനെ മുന്‍‌കൂട്ടി അറിയിച്ചുകൊണ്ട് വന്ന പോസ്റ്റിലേക്ക് ബൂലോകസഞ്ചാരം വഴി ഏവരുടേയും ശ്രദ്ധക്ഷണിക്കുന്നു. ഒരു പക്ഷെ പല തിരക്കുകള്‍ക്കിടയില്‍ ഈ വായനാനുഭവങ്ങള്‍ കാണപ്പെടാതെ പോകാതിരിക്കുവാന്‍, ബിജു.സി.പിയെയും സുകുമാര്‍ അഴീക്കോടിനെയും ബെന്യാമിനെയും പി.വി.ഷാജികുമാറിനെയും വിനീത് നായരേയും വാസുദേവന്‍ കോറോമിനെയും ടി.എന്‍.പ്രകാശിനെയും ഉള്‍പ്പെടെയുള്ള പ്രശസ്തരുടെ എഴുത്തുകള്‍ വായിക്കപ്പെടാതെ പോകരുതെന്ന് കരുതിമാത്രം ബൂലോകസഞ്ചാരത്തിന്റെ പതിവ് സഞ്ചാരരീതികളില്‍ നിന്നും വ്യത്യസ്തമായി ഇതിവിടെ കുറിച്ചിടട്ടെ. കൂടുതല്‍ വിവരങ്ങള്‍ പുസ്തകവിചാരം ബ്ലോഗിലെ പോസ്റ്റില്‍ നിന്നും ലഭിക്കുമെന്നതിനാല്‍ നമുക്ക് സഞ്ചാരം അവിടേക്കാകാം.

Wednesday, July 20, 2011

ദ ഈഗിള്‍ ഹാസ് ലാന്റഡും ദേശത്തെപ്പറ്റിപറഞ്ഞ ആയിരം നുണകളും

ഴ്ചപ്പതിപ്പുകളായിരുന്നു എന്നും മലയാളിയുടെ വായനയെ സമ്പുഷ്ടമാക്കിയിരുന്നത്. മനോരമ, മംഗളം, മാതൃഭൂമി, സമകലീക മലയാളം, മാധ്യമം, ഭാഷാപോഷിണി, ദേശാഭിമാനി, ചിന്ത എന്നിവയൊക്കെ ഒരോ കാലഘട്ടത്തിലും നമ്മുടെ വായനയില്‍ സ്വാധീനം ചെലുത്തിയവ തന്നെ. ഒരു പരിധിവരെ ഖണ്ഢശ്ശ പ്രസിദ്ധീകരിച്ചിരുന്ന നോവലുകളായിരുന്നു ഇത്തരം ആനൂകാലീകങ്ങളിലേക്ക് നമ്മെ ആകര്‍ഷിച്ചത്. (വ്യത്യസ്ത അഭിപ്രായക്കാര്‍ ഉണ്ടാവാം. നിഷേധിക്കുന്നില്ല) ഏതായാലും എന്നെയെങ്കിലും ആകര്‍ഷിച്ചത് ഇത്തരം ഖണ്ഢശ്ശ നോവലുകള്‍ ആണ്. ആദ്യമാദ്യം മനോരമയിലേയും മംഗളത്തിലേയും നോവലില്‍ തുടങ്ങിയ അത്തരം ഒരിഷ്ടം പിന്നീട് മാതൃഭൂമിയുടേയും മറ്റും വായനയിലേക്ക് നയിച്ചു എന്നതാണ്‌ സത്യം. പിന്നീടെപ്പോഴൊക്കെയോ ഇപ്പറഞ്ഞ ആനൂകാലീകങ്ങളുമായി ഇടപെടാന്‍ കഴിയാതെ വരികയും ഖണ്ഢശ്ശ നോവല്‍ വായന അസ്തമിക്കുകയും ചെയ്തു എന്ന് തന്നെ പറയാം.


ഇപ്പോള്‍ വീണ്ടും ഖണ്ഢശ്ശ വായനക്ക് അവസരമൊരുക്കിത്തരുന്നു നമ്മുടെ ബ്ലോഗുകള്‍. യാത്രാവിവരണങ്ങള്‍ എന്ന ശാഖയിലായിരുന്നു ബ്ലോഗില്‍ അദ്ധ്യായങ്ങളുടെ രൂപത്തില്‍ പോസ്റ്റുകള്‍ ഞാന്‍ ആദ്യം കണ്ടത്. ഇപ്പോള്‍ കുറേയധികം നോവലുകള്‍ ഇതേ രീതിയില്‍ ബ്ലോഗില്‍ കാണാന്‍ കഴിയുന്നുണ്ട് എന്നത് സന്തോഷകരം തന്നെ. ഒരിക്കല്‍ കൂടി പഴയ ആഴ്ചപ്പതിപ്പുകളുടെ വായനയെ ഓര്‍മ്മപ്പെടുത്താന്‍ ഇവയിലൂടെ സാധിക്കുന്നു എന്നത് വലിയ കാര്യം. ഇതൊക്കെകൊണ്ട് തന്നെ ഇക്കുറി നമുക്ക് ബൂലോകസഞ്ചാരത്തില്‍ നോവല്‍ ബ്ലോഗ് എന്ന കാറ്റഗറിയെ പരിചയപ്പെടാം.


അരുണ്‍ കായംകുളത്തിന്റെ കലിയുഗവരദന്‍ , കര്‍ക്കിടകരാമായണം എന്നിവയാണെന്ന് തോന്നുന്നു നോവല്‍ ബ്ലോഗുകള്‍ എന്ന സങ്കല്‍‌പ്പം ബ്ലോഗെഴുത്തുക്കാര്‍ക്കിടയില്‍ ഉണ്ടാക്കിയത്. നിലച്ചു പോയതും, പുര്‍ത്തിയാക്കിയതും, തുടരുന്നതുമായ ഒട്ടേറെ നോവല്‍ ബ്ലോഗുകള്‍ ഇന്ന് ബൂലോകത്ത് നമുക്ക് കാണാം. മുരളി നായരുടെ കടല്‍മീനുകള്‍ അണ്‌ ഇത്തരത്തില്‍ ഞാന്‍ വായിച്ച ആദ്യത്തെ നോവല്‍ ബ്ലോഗ്. വ്യക്തിപരമായ എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് മുരളി ഇന്ന് ബ്ലോഗില്‍ അത്ര സജീവമല്ലാത്തതിനാല്‍ ഇടക്ക് വെച്ച് പോസ്റ്റിങ് നിലച്ചു പോയതുമൂലം ഒരു നല്ല നോവല്‍ പൂര്‍ണ്ണമായി വായിക്കുവാന്‍ കഴിഞ്ഞില്ല എന്ന വിഷമം ഇപ്പോഴും ബാക്കി. വിശാലമനസ്കന്റെ വിശാലഭാരതം ഹാസ്യത്തിന്റെ അകമ്പടിയോടെ എഴുതി വന്ന ഒരു ഖണ്ഢശ്ശ ബ്ലോഗ് തന്നെ. (പിന്നീട് എപ്പോഴോ വിശാലമനസ്കന്‍ ആ ബ്ലോഗിനെ കൊടകരപുരാണത്തിലേക്ക് ലയിപ്പിക്കുകയായിരുന്നു). വി.രവികുമാര്‍ തന്റെ പരിഭാഷ എന്ന ബ്ലോഗിലൂടെ കാഫ്കയുടെ വിചാരണ എന്ന നോവല്‍ ഉള്‍പ്പെടെ പരിഭാഷപ്പെടുത്തുകയും പുസ്തകമാക്കുകയും ചെയ്തു. പിന്നെയുമുണ്ട് ഇത്തരം സൃഷ്ടികള്‍. കേരളദാസനുണ്ണിയുടെ 'ഓര്‍മ്മതെറ്റുപോലെ' ആയിരിക്കും അദ്ധ്യായങ്ങളുടെ എണ്ണങ്ങള്‍ കണക്കാക്കി പറയുകയാണെങ്കില്‍ ഏറ്റവും ബൃഹത്തായ ബ്ലോഗ് നോവല്‍ എന്ന് തോന്നുന്നു. (ഇത് വരെ അത് വായിക്കാന്‍ കഴിഞ്ഞില്ല എന്നതുകൊണ്ടുതന്നെ കൂടുതല്‍ അഭിപ്രായപ്രകടനത്തിന്‌ ഞാനാളല്ല) അദ്ദേഹത്തിന്റെ തന്നെ 'നന്മയിലേക്ക് ഒരു ചുവടുവെയ്പ്' എന്ന പുതിയ നോവല്‍, ഹരിചന്ദനത്തിന്റെ സ്വപ്നത്തിന്റെ അച്ചുകള്‍ തേടുന്നവര്‍, മുത്തശ്ശിരാമായണം എല്ലാം ഈ ഗണത്തില്‍ പെട്ടവയാണ്. ഒന്ന് മനസ്സിരുത്തി സഞ്ചരിച്ചാല്‍ ഇതുപോലെ ഒട്ടേറെ ബ്ലോഗുകളെ കണ്ടെത്താം.


ഇക്കുറി സ്റ്റോം വാണിംഗ് എന്ന നോവലിന്റെ വിവര്‍ത്തന രൂപം നമുക്ക് സമ്മാനിച്ച വിനുവേട്ടന്റെ പുതിയ സം‌രംഭമായ ദ ഈഗിള്‍ ഹാസ് ലാന്റഡ് (ഇംഗ്ലീഷ് നോവലിസ്റ്റ് ജാക്ക് ഹിഗ്ഗിന്‍സിന്റെ നോവല്‍) എന്ന നോവല്‍ ബ്ലോഗിലൂടെയും എം.ആര്‍. അനിലന്‍ രചിച്ചുകൊണ്ടിരിക്കുന്ന ദേശത്തെപ്പറ്റി പറഞ്ഞ ആയിരം നുണകൾ എന്ന നോവല്‍ ബ്ലോഗിലൂടെയും ആവാം നമ്മുടെ സഞ്ചാരം.


ദ ഈഗിള്‍ ഹാസ് ലാന്റഡ്


തര്‍ജ്ജമകള്‍ മലയാള സാഹിത്യലോകത്തിന്‌ തീരെ പുതുമയല്ല. ഒട്ടേറെ ക്ലാസ്സിക്കുകളുടെ തര്‍ജ്ജമകളെ മലയാളി ഹൃദയപ്പൂര്‍‌വ്വം സ്വീകരിച്ചിട്ടുമുണ്ട്. വിക്ടര്‍ ഹ്യൂഗോയുടെ ലാമിറാബിലെ പാവങ്ങള്‍ എന്ന പേരില്‍ തര്‍ജ്ജമ ചെയ്യപ്പെട്ടപ്പോള്‍ അത്രയും ബൃഹത്തായ ഒരു നോവല്‍ അനുഭവത്തെ രണ്ടും മൂന്നും പതിപ്പിലെത്തിച്ച ചരിത്രം നമുക്ക് ഉണ്ട്. ഇവിടെ തന്റെ രണ്ടാമത്തെ തര്‍ജ്ജമയിലേക്ക് കടന്നിരിക്കുകയാണ്‌ തൃശൂര്‍ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ട് നമുക്കിടയിലേക്ക് കടന്നുവന്ന വിനുവേട്ടന്‍. സ്റ്റോം വാണിംഗ് എന്ന അദ്ദേഹത്തിന്റെ ആദ്യ തര്‍ജ്ജമ നോവലിനെ പൂര്‍ണ്ണമായി പലപ്പോഴും വായിക്കാന്‍ കഴിയാതിരുന്നതിനാല്‍ തന്നെ ഇക്കുറി ‘ദ ഈഗിള്‍ ഹാസ് ലാന്റഡ്‘ തുടക്കം മുതല്‍ വായിച്ചു കൊണ്ടിരിക്കുന്നു. പോസ്റ്റുകളില്‍ കൂടെ സഞ്ചരിക്കുന്നതില്‍ വലിയ അര്‍ത്ഥമില്ല എന്നതിനാല്‍ അത് ചെയ്യുന്നില്ല. ഈ നോവലിന്റെ സംഗൃഹീത പുനരാഖ്യാനമാണോ അതോ പരിപൂര്‍ണ്ണമായ തര്‍ജ്ജമയാണോ ചെയ്യുന്നതെന്ന് ഒരു കമന്റായി വിനുവേട്ടനോട് ചോദിച്ചിരുന്നു. പദാനുപദ തര്‍ജ്ജമ തന്നെയാണ്‌ അദ്ദേഹം ചെയ്യുന്നതെന്നാണ്‌ മറുപടി ലഭിച്ചത്. അങ്ങിനെയാവുമ്പോള്‍ അഭിനന്ദനാര്‍ഹമാണ്‌ അദ്ദേഹത്തിന്റെ ശ്രമം. കാരണം ഇത്തരം ഒരു നോവല്‍ തര്‍ജ്ജമക്ക് വേണ്ടിവരുന്ന സാധനയുടെ ആഴം നമുക്ക് പെട്ടന്ന് അളന്ന് തിട്ടപ്പെടുത്താനാവില്ല. അതുകൊണ്ട് ആ ശ്രമത്തെ കണ്ടില്ലെന്ന് നടിക്കുന്നത് നല്ല എഴുത്തിനോടുള്ള അനീതിയാവും എന്ന് ഉറപ്പുള്ളത് കൊണ്ട്, ഏതാണ്ട് നാല് അദ്ധ്യായം മാത്രം പൂര്‍ത്തിയാക്കി കഴിഞ്ഞിട്ടുള്ള ആ ബ്ലോഗിലൂടെ സഞ്ചരിക്കുന്നത് സീരിയസ്സായ ബ്ലോഗ് വായന ആഗ്രഹിക്കുന്നവര്‍ക്ക് മോശമല്ലാത്ത ഒരു വായനാനുഭവം ലഭിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു.


ദേശത്തെപ്പറ്റിപറഞ്ഞ ആയിരം നുണകൾ


എം.ആര്‍. അനിലന്‍ എന്ന ബ്ലോഗര്‍ നമുക്ക് ചിരപരിചിതന്‍ ആണ്‌. ആകാശത്തേക്ക് ഒരു ഗോവണിയിലൂടെ കവിതകളുമായി ചവിട്ടികയറുന്ന നല്ല ഒരു കവി എന്ന നിലയില്‍ അദ്ദേഹത്തെ നമുക്കറിയാം. ഇവിടെ വ്യത്യസ്തമായ രചനാ രീതികള്‍ കണ്ട് ഒരു നോവല്‍ അണിയിച്ചൊരുക്കുകയാണ്‌ എം.ആര്‍. അനിലന്‍ തന്റെ 'ദേശത്തെ പറ്റി പറഞ്ഞ ആയിരം നുണകള്‍' എന്ന ബ്ലോഗിലൂടെ. ഇത് വരെ 10 അദ്ധ്യായങ്ങളാണ്‌ നോവലിന്റെതായി ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒന്നു രണ്ട് അദ്ധ്യായങ്ങളിലെ ചെറിയ വിരസത ഒഴിച്ച് നിര്‍ത്തിയാല്‍ നോവലിന്റെ ഗതി നല്ല നിലയില്‍ തന്നെ. പ്രമേയത്തിന്റെ പോക്ക് എങ്ങോട്ടെന്നറിയാനുള്ള ക്യൂരിയോസിറ്റി ഉണ്ടാക്കാന്‍ എഴുത്തുകാരന് കഴിയുന്നുമുണ്ട്. ചില പ്രയോഗങ്ങളും അതിനേക്കാളേറെ അദ്ധ്യായങ്ങള്‍ക്ക് കൊടുത്ത പേരുകളും വല്ലാതെ ടച്ച് ചെയ്യുന്നു. ഇവിടെയും നോവല്‍ വായനയിലൂടെ സഞ്ചരിക്കുന്നതില്‍ ഞാന്‍ വലിയ അര്‍ത്ഥം കാണുന്നില്ല. നിങ്ങള്‍ തീരുമാനിക്കുക. ശക്തമായ ഭാഷയും പദസമ്പത്തും കൊണ്ട് വിസ്മയപ്പെടുത്തുന്നു ഈ ബ്ലോഗ് നോവല്‍ എന്ന് നിസ്സംശയം പറയാം.


ആദ്യമായി ഇത്തരത്തില്‍ ഞാന്‍ വായിച്ച ഒരു ബ്ലോഗ് ഇന്ന് ഏറെ ശ്രദ്ധയാകര്‍ഷിച്ച പുസ്തകമായി എന്നത് സന്തോഷകരമായ വസ്തുതയാണ്. അരുണ്‍ കായംകുളത്തിന്റെ കലിയുഗവരദന്‍ എന്ന ചരിത്രാഖ്യായിക പോലെ ഇത്തരത്തിലുള്ള മറ്റു ബ്ലോഗുകളും പുസ്തകരൂപത്തില്‍ നമുക്ക് നാളെ കാണാന്‍ കഴിഞ്ഞേക്കും. ഒരു പക്ഷെ നാളെ പുസ്തകരൂപത്തില്‍ കണ്ടെത്തിയേക്കാന്‍ കഴിയാവുന്ന ഈ നോവലുകളെ ബ്ലോഗുകളില്‍ കൂടെ തന്നെ വായിക്കുവാനുള്ള ഒരു അവസരമാണ് ഇവരൊക്കെ നമുക്ക് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇവരിലൂടെയുള്ള നല്ല വായനയിലേക്ക് ബൂലോകസഞ്ചാരത്തിന്റെ ഈ ഭാഗം സമര്‍പ്പിക്കുന്നു.

Sunday, June 19, 2011

പാല്‍ നിലാവ്

വീണ്ടും ഒരു വായനാദിനം കൂടെ. കഴിഞ്ഞ വര്‍ഷം വായനാദിനത്തിലായിരുന്നു നമ്മുടെ ബൂലോകവുമായി ചേര്‍ന്ന് ബൂലോകസഞ്ചാരം എന്ന ഒരു പംക്തി ആരംഭിച്ചത്. അതുകൊണ്ട് തന്നെ ഇതിനെ ഒരു വാര്‍ഷീക പോസ്റ്റായി കണക്കാക്കാം.

ചെറുപ്പകാലത്ത് പൂമ്പാറ്റയിലെ കപീഷും ബാലരമയിലെ മായാവിയും ബാലമംഗളത്തിലെ ഡിങ്കനും അമര്‍ചിത്രകഥകളിലൂടെ കേട്ടറിഞ്ഞ റൊബിന്‍‌സണ്‍ ക്രൂസോയും മൊബിഡിക്കും എല്ലാം ചേര്‍ത്ത് സമ്പുഷ്ടമായ ഒരു വായനക്കാലം ഉണ്ടായിരുന്നു എനിക്കും നമ്മില്‍ പലര്‍ക്കും. പക്ഷെ ഇന്നത്തെ കുട്ടികള്‍ക്കോ? എന്റെ വീട്ടില്‍ ദേ രാവിലെ മുതല്‍ 4 വയസ്സുകാരന്‍ ബെന്‍‌ടെനും ഹീമാനും ടോം & ജെറിയും കണ്ടുകൊണ്ടിരിക്കുകയാണ്‌. ഒരു നാലു വയസ്സുകാരനോട് പോയിരുന്ന് വായിക്കെടാ എന്ന് പറയാനും കഴിയില്ല. അതിനേക്കാളേറെ ഞാനുള്‍പ്പെടെ നമ്മളാരും അവര്‍ക്ക് വേണ്ടി കളിക്കുടുക്കയോ മാജിക് ലാമ്പോ വായിച്ച് കൊടുക്കുവാന്‍ സമയം കണ്ടെത്തുകയും ചെയ്യുന്നുമില്ല. പിന്നെ ചിലപ്പോഴൊക്കെ അതിനു തുനിഞ്ഞാലും ദൊപ്പുവിന്റെയും മരം‌വെട്ടുകാരന്റെയും കൂട്ടൂസന്റെയും ഡാകിനിയുടേയും കഥകള്‍ ഒക്കെ ഇന്നത്തെ കുട്ടികളെ രസം‌പിടിപ്പിക്കുന്നുമില്ലെന്ന് മാത്രമല്ല അയ്യേ എന്നൊരു മനോഭാവം അവരില്‍ ഉണ്ടാക്കുകയും ചെയ്യുന്നു. എന്തിനേറേ സ്ഥിരമായി ഹാരിപോര്‍ട്ടര്‍ സിനിമകള്‍ കാണുകയും അതിലെ നായകനെയും സിനിമയുടെ ടൈറ്റില്‍ കാര്‍ഡുള്‍പ്പെട്ടെ വെട്ടി ഒട്ടിച്ച് ഒരു ഡയറിയില്‍ ഹാരിപ്പോര്‍ട്ടര്‍ ആല്‍‌ബം തന്നെ ഉണ്ടാക്കിയിരിക്കുന്ന എന്റെ ഒരു റിലേറ്റീവായ കുട്ടിക്ക് ഒരു ബര്‍ത്ത്‌ഡേക്ക് 'നിഗൂഢനിലവറ' എന്ന ഹാരിപോര്‍ട്ടര്‍ സീരിസിലെ ഒരേഒരു മലയാളം പുസ്തകം വാങ്ങിക്കൊടുത്തു. സന്തോഷമായിക്കാണും എന്ന് വിചാരിച്ചു. പക്ഷെ , കാര്യം ഹാരിപ്പോര്‍ട്ടറാണെങ്കിലും ഇത് വായിച്ച് മെനക്കെടാന്‍ ഞാനില്ല. സിനിമ മൂന്ന് വട്ടം കണ്ടതാ.. ഇനിയും പോഗോ ചാനലില്‍ വരുമ്പോള്‍ കാണാം എന്ന് പറയുന്ന ഒരു തലമുറയാണ്‌ വളര്‍ന്ന് വരുന്നത്. അപകടകരമാണ്‌ സിറ്റുവേഷന്‍ എന്നത് അറിയാതെയല്ല. പക്ഷെ ഒരു പരിധി വരെ കമ്പ്യൂട്ടര്‍ വിപ്ലവം കുട്ടികളെ ബാധിച്ചിട്ടുണ്ടെന്നത് സത്യം. നാട്ടിലുള്ള കുട്ടികള്‍ അത്രയേറെ കീഴ്പ്പെട്ടിട്ടില്ലെങ്കില്‍ പോലും പ്രവാസികളായ കുട്ടികള്‍ ഏറെയും കമ്പ്യൂട്ടറുകളില്‍ ഗെയിമുകള്‍ കളിച്ചും ഫാം വില്ലകള്‍ തീര്‍ത്തും മുന്നോട്ട് കൊണ്ടുപോകുന്നു.

എന്തിനു ബൂലോകസഞ്ചാരത്തിന് ഇത്രയും വലിയ ഒരു മുഖവുര എന്നൊരു തോന്നല്‍ ഉണ്ടായേക്കാം. ഇന്ന് വളരെ യാദൃശ്ചികമായി ഒരു ബ്ലോഗ് കണ്ടെപ്പോള്‍ തികച്ചും ഇതൊക്കെ ഓര്‍ത്ത് പോയി. പാല്‍ നിലാവ് എന്ന ബ്ലോഗ് വായിച്ചപ്പോള്‍ ഒരു പുതുമ ഫീല്‍ ചെയ്തു. വലിയ നാട്യങ്ങളൊന്നുമില്ലാതെ ഒരു ബ്ലോഗ്. പഞ്ചതന്ത്രം കഥകളിലും ഈസോപ്പ് കഥകളിലും നമ്മള്‍ കണ്ട കൊച്ചു കൊച്ചു കഥകള്‍ പോലെ തോന്നുന്നവ കോറിയിട്ടിരിക്കുന്നത് കണ്ടപ്പോള്‍ ഒരു പക്ഷെ നമുക്ക് പഴമയിലേക്ക് മടങ്ങുവാനും നമ്മുടെ കുട്ടികള്‍ക്ക് - ബാലരമയും പൂമ്പാറ്റയും വായിക്കാന്‍ ഇഷ്ടപ്പെടാത്ത നമ്മുടെ കുട്ടികള്‍ക്ക് - ഒരു പക്ഷെ ഇഷ്ടമായേക്കും ഈ ബ്ലോഗ് എന്ന് തോന്നിയതിനാല്‍ ബൂലോകസഞ്ചാരത്തിന്റെ ഒന്‍പതാം ഭാഗം ബാലസാഹിത്യം എന്ന വിഭാഗത്തെ പ്രതിനിധീകരിക്കട്ടെ എന്ന് കരുതി.

ഒരിക്കല്‍ ഒരിടത്ത്..... ഒരു കാലത്ത് മാവിന്‍ ചുവട്ടിലും വീടിന്റെ ഉമ്മറക്കോലായിലും മുത്തശ്ശിമാരുടെ കഥകള്‍ക്ക് ചെവിവട്ടം പിടിച്ചിരുന്നിരുന്നപ്പോള്‍ കേട്ടിരുന്ന ഒരു ചൊല്ലാണ് ഇത്. ഒരിടത്ത് ഒരിടത്ത്.. പണ്ട് പണ്ട് പണ്ട് വളരെ പണ്ട്.. ഇതാണ്‌ മുത്തശ്ശികഥകളുടെ ഒരു സ്റ്റൈല്‍. ആ സ്റ്റൈലില്‍ തന്നെ തികച്ചും ആ പഴയ കാലത്തിലേക്ക് മനസ്സിനെ കൊണ്ടുപോകുന്ന രീതിയില്‍ തന്നെ കഥകള്‍ പറയുന്നു റിന്‍ഷ ഷെറിന്‍ പാല്‍നിലാവ് എന്ന തന്റെ ബ്ലോഗിലൂടെ. മൂന്നോ നാലോ പോസ്റ്റുകളേ പാല്‍നിലാവില്‍ ഉള്ളൂ എങ്കിലും ഒരു പക്ഷെ വായനക്കാരെ കിട്ടാതെ വരുന്നത് കൊണ്ട് നിറുത്തിക്കളയരുതെന്ന് കരുതി ബൂലോകസഞ്ചാരത്തില്‍ പരിചയപ്പെടുത്തുന്നു. "സ്വപ്നങ്ങളുടെ അനന്ഥമായ ആകാശത്ത് പറന്നുനടക്കുന്ന, നേര്‍ത്ത നിലാവില്‍ മുങ്ങി നില്‍ക്കുന്ന താഴ്വരയിലെ കുഞ്ഞു നക്ഷത്രം പോലെ ഒരു പാവം രാജകുമാരി ഇങ്ങിനെയാണ് റിന്‍ഷ സ്വയം സാക്ഷ്യപ്പെടുത്തുന്നത്. അത്ര മനോഹരമായ ഒരു ഭാഷയോ ശൈലിയോ എഴുത്തോ ഒന്നുമല്ല ഈ ബ്ലോഗിനെ വ്യത്യസ്തമാക്കുന്നത്. അത്തരത്തില്‍ ഒന്നും തന്നെ ഈ ബ്ലോഗില്‍ ഇല്ലതാനും. മറിച്ച് ബ്ലോഗില്‍ ഒരു പക്ഷെ അധികം ആരും കൈകടത്താന്‍ മടിക്കുന്ന ഒരു മേഖലയില്‍ എന്തെങ്കിലും ചെയ്യുന്നു എന്നത് തന്നെ ഈ ബ്ലോഗിനെ വ്യത്യസ്തമാക്കുന്നത്. മുന്‍പൊരിക്കല്‍, ഏതോ ഒരു ചര്‍ച്ചയില്‍ വെച്ച് നമ്മുടെയെല്ലാം മനുജി (ബ്രിജ്‌വിഹാരം) പറഞ്ഞതോര്‍ക്കുന്നു. ബ്ലോഗില്‍ മികച്ച രീതിയില്‍ ബാലസാഹിത്യം ആരും കൈകാര്യം ചെയ്യുന്നില്ല എന്ന്. ഒരു കാലത്ത് ഒട്ടേറെ പേര്‍ സ്ഥിരമായി വായിച്ചിരുന്ന കല്ലുപെന്‍‌സിലില്‍ ഇന്ന് അദ്ദേഹം എഴുതാതായി. അപ്പു(ആദ്യാക്ഷരി) ഊഞ്ഞാല്‍ എന്ന ബ്ലോഗിലും ഇപ്പോള്‍ എഴുതുന്നില്ല. (ഇവരൊക്കെ ആ ബ്ലോഗുകള്‍ തുടരണം എന്നത് തന്നെ ആഗ്രഹം) ഇന്ന് ഒരു കിലുക്കാം‌പെട്ടിയിലും ഖാദര്‍ പട്ടേപ്പാടത്തിന്റെ നിലാവെളിച്ചം എന്ന ബ്ലോഗിലും വരുന്ന നുറുങ്ങു ബാലസാഹിത്യം മാത്രമാണ്‌ ബ്ലോഗില്‍ കുട്ടികള്‍ക്കായുള്ള രചനകള്‍ എന്ന ലേബലില്‍ വരുന്നത്. ചിരുതകുട്ടിയെയും രാധികയെയും അപ്പുവിനെയും (അശ്വിന്‍) ഒന്നും വിസ്മരിച്ചുക്കൊണ്ട് പറയുകയല്ല. മറിച്ച് അവര്‍ കുട്ടികള്‍ക്കായി എഴുതുന്നു എന്നതിനേക്കാള്‍ കുട്ടികളായി എഴുതുന്നു എന്ന രീതിയില്‍ കാണൂമ്പോള്‍ കുട്ടികള്‍ക്കായി എഴുതുന്ന അല്ലെങ്കില്‍ ബാലസാഹിത്യത്തിന്റെ രീതികളില്‍ എഴുതുന്ന പുതിയ ബ്ലോഗുകളുടെ കൂട്ടത്തില്‍ ഈ പാല്‍നിലാവ് കുഴപ്പമില്ല എന്ന് തോന്നി. പോസ്റ്റുകളെ വിശദമായി പ്രതിപാദിക്കാന്‍ മാത്രമുള്ളത്ര രചനകള്‍ ഒന്നും ബ്ലോഗില്‍ ആയിട്ടില്ലെങ്കില്‍ പോലും വായനയോട് അലംഭാവം കാട്ടുന്ന നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകിച്ച് പ്രവാസികളായ കുട്ടികള്‍ക്ക് ഒരു പക്ഷെ പഴയ മുത്തശ്ശി കാലത്തിലേക്ക് തിരികെ പോവാന്‍ ഈ ബ്ലോഗ് സഹായിച്ചേക്കും എന്ന് തോന്നി. ബുദ്ധിമാനായ കര്‍ഷകനും അമ്മുമുയലും പഴയ മുത്തശ്ശികഥകളിലേക്ക് ഒരു നിമിഷം കൂട്ടിക്കൊണ്ട് പോയി.

ഇനിയും നല്ല ബ്ലോഗുകളുമായി അതല്ലെങ്കില്‍ വ്യത്യസ്തമായ ബ്ലോഗുകളുമായി ബൂലോകസഞ്ചാരത്തിലൂടെ കണ്ടുമുട്ടാം എന്ന് പ്രതീക്ഷിച്ചുകൊണ്ട് , എല്ലാ വായനക്കാര്‍ക്കും ഒരു നല്ല വായനദിനവും വായനാവാരവും ആശംസിച്ചുകൊണ്ട് ബൂലോകസഞ്ചാരത്തിന്റെ ഒന്‍പതാം ഭാഗം സമര്‍പ്പിക്കുന്നു.

Friday, April 22, 2011

അമ്മൂന്റകുട്ടിയും സീതായനവും

വീണ്ടും ഉത്സവക്കാലം സമാഗതമായി. ഉത്സവങ്ങള്‍ എന്നും മലയാളിക്ക് ഒരു ആവേശമാണ്‌. പഴമയും പുതുമയും സന്നിവേശിക്കപ്പെടുന്ന അമൂര്‍ത്ത മുഹൂര്‍ത്തങ്ങള്‍. ചാനല്‍ കാഴ്ചകളും സിനിമയുമൊക്കെ നമ്മെ വല്ലാതെ ആവേശിക്കുമ്പോഴും വായനയെ മറക്കാതിരിക്കാന്‍ മലയാളി ശ്രദ്ധിക്കുന്നുണ്ട്. ഇന്നലെ സുസ്മേഷ് ചന്ദ്രോത്തിന്റെ പുതിയ പോസ്റ്റില്‍ മലയാളത്തിലെ വായനയുടേയും ഗ്രന്ഥശാലകളുടേയും എന്നാല്‍ അതോടൊപ്പം പ്രസിദ്ധീകരിക്കപ്പെടുന് പുസ്തകങ്ങളുടെ കോപ്പികളുടേയും കണക്കുകള്‍ തമ്മില്‍ ടാലിയാവാത്തതിന്റെ കാരണങ്ങളില്‍ ആശങ്കപ്പെട്ടുള്ള ഒരു ലേഖനം കണ്ടു. സുസ്മേഷ് പറഞ്ഞ കണക്കുകള്‍ വെച്ച് നോക്കിയാല്‍ കാര്യങ്ങള്‍ ഒരു പരിധി വരെ ശരിയാണ്‌ എന്ന് തോന്നുകയും ചെയ്യും. എന്നാല്‍ ഇത്തരം കണക്കുകളില്‍ അളക്കപ്പെടാതെ നല്ല എഴുത്തിനെ പ്രോത്സാഹിപ്പിക്കുകയാണ്‌ ബ്ലോഗിങ് ചെയ്യുന്നതും. അതിനു വേണ്ടി തന്നെയായിരുന്നു നമ്മുടെ ബൂലോകം ബൂലോകസഞ്ചാരമെന്ന ഈ പംക്തി തുടങ്ങിയതും. പക്ഷെ പല കാരണങ്ങള്‍ കൊണ്ടും ഇടക്കിടെ ബൂലോകത്തേക്കുള്ള ഈ സഞ്ചാരം ട്രാഫിക്ക് ജാമില്‍ പെട്ട് പോയിട്ടുണ്ട്. ക്ഷമ ചോദിച്ചുകൊണ്ട് വീണ്ടും തുടരട്ടെ.

പോസ്റ്റുകളുടെ എണ്ണത്തേക്കാളും ഹിറ്റ് കൌണ്ടറുകളില്‍ കാണിക്കുന്ന വലിയ അക്കങ്ങളേക്കാളും എഴുതിയ സൃഷ്ടികളുടെ മൂല്യത്തെ പരിഗണിക്കപ്പെടണം എന്നത് കൊണ്ട് തന്നെ ഈയിടെ വായിക്കാനിടയായ , വ്യത്യസ്ത രീതിയില്‍ എഴുതുന്ന, സമാനപേരുകളുള്ള രണ്ട് ബ്ലോഗേര്‍സിന്റെ ബ്ലോഗുകളിലൂടെ സഞ്ചരിക്കാം. ജാനകിയുടെ അമ്മൂന്റെകുട്ടിയും (ammuntekutty) സീതയുടെ സീതായനവുമാവട്ടെ ഇക്കുറി സഞ്ചാരത്തില്‍. സ്ഥിരം പോസ്റ്റ് അപ്ഡേഷനുകളുമായി ബ്ലോഗില്‍ സജീവ സാന്നിദ്ധ്യമായ ഒട്ടേറെ ബ്ലോഗുകള്‍ ഉള്ളപ്പോള്‍ എന്ത് കൊണ്ട് വിരലുകളില്‍ എണ്ണാവുന്ന പോസ്റ്റുകള്‍ മാത്രമുള്ള ഈ ബ്ലോഗുകള്‍ ഇതിലേക്കായി തിരഞ്ഞെടുത്തു എന്ന് ചോദിച്ചാല്‍ ഇവ വായിക്കപ്പെടേണ്ടതാണെന്ന ഉറച്ച വിശ്വാസമുള്ളത് കൊണ്ട് എന്ന ഒരു മറുപടിയേക്കാള്‍ മറ്റു ബ്ലോഗുകള്‍ വായിക്കപ്പെടുന്നതിനിടയില്‍ ആര്‍ഭാടമില്ലാതെ എഴുതി കൊണ്ടിരിക്കുന്ന ഇവരെ കാണാതെ പോകരുതെന്ന് തോന്നിയത് കൊണ്ടെന്ന് പറയുമ്പോള്‍ ഈ ബ്ലോഗിലൂടെ സഞ്ചരിച്ചിട്ടുള്ളവര്‍ക്ക് മനസ്സിലാവും എന്ന് കരുതുന്നു.

അമ്മൂന്റെകുട്ടി

നല്ലൊരു വായനക്കാരിയെന്ന അവകാശവാദമുന്നയിക്കാൻ മാത്രം ധൈര്യപ്പെടുന്നു. എഴുത്തുകാരിയാവാൻ ഇനിയുമൂണ്ട് ഒരുപാടു ദൂരം..യാത്ര തുടങ്ങുന്നേയുള്ളു... എന്നും പറഞ്ഞുകൊണ്ട് നമ്മോട് കഥകള്‍ പറയുന്നു ജാനകി. ജാനകിയുടെ ബ്ലോഗില്‍ വിരലില്‍ എണ്ണാവുന്ന പോസ്റ്റുകളെ ഇത് വരെയുള്ളൂ. പക്ഷെ ആ പോസ്റ്റുകളിലെ ഭാഷ ജാനകിക്ക് നമ്മോട് എന്തൊക്കെയോ ഏറെ പറയാനുണ്ടെന്ന് ഒരു തോന്നല്‍. 'തീര്‍ത്ഥയാത്ര'യിലൂടെ ആക്ഷേപഹാസ്യം വളരെ മനോഹരമായി പറഞ്ഞ ജാനകിയുടെ മറ്റൊരു രചന രീതിയാണ്‌ 'വേഷ്പ' എന്ന കഥ അനാവരണം ചെയ്യുന്നത്. വേഷ്പയേക്കാള്‍ മികച്ച ഒട്ടേറെ കഥകള്‍ ബ്ലോഗില്‍ വായിച്ചിട്ടുണ്ട്. തീര്‍ച്ച! അതുകൊണ്ട് തന്നെ വേഷ്പ എന്ന കഥയിലൂടെ ജാനകി എന്ന എഴുത്തുകാരിയെ പൂര്‍ണ്ണമായും വിലയിരുത്താന്‍ കഴിയുകയില്ല തന്നെ. പക്ഷെ ആ കഥയിലെ പ്രമേയത്തിലെ വ്യത്യസ്തത, കഥയുടെ പേരില്‍ പോലും കാത്തുസൂക്ഷിക്കാന്‍ ജാനകി ശ്രമിക്കുന്നു എന്നതാണ്‌. ഒട്ടേറെ പറയാന്‍ കഴിയുന്ന ഒരു ബ്ലോഗറാണ്‌ ജാനകി എന്ന് തോന്നിയതിനാല്‍ ബൂലോകത്തിലെ തിക്കിലും തിരക്കിലും പെട്ട് അമ്മൂന്റെകുട്ടിയിലേക്ക് എത്തിച്ചേരാന്‍ നമുക്ക് കഴിയാതിരുന്നാല്‍ ഒരു പക്ഷെ ജാനകിയിലെ എഴുത്തുകാരിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന് തോന്നിയത് കൊണ്ട് അമ്മൂന്റെകുട്ടി വഴിയാവട്ടെ ഇക്കുറി നമ്മുടെ ആദ്യ സഞ്ചാരം.

സീതായനം

ഏതാണ്ട് അഞ്ചോളം പോസ്റ്റുകളാണ്‌ ഇതുവരെ സീതായനത്തില്‍ ഉള്ളത്. പക്ഷെ അവ കൈകാര്യം ചെയ്ത രീതി അഭിനന്ദനമര്‍ഹിക്കുന്നു. 'തുറക്കാത്ത വാതായനം' എന്ന കഥയും 'ഗംഗയോട് ' എന്ന കവിതയും വളരെ മനോഹരമായി തോന്നി. മൊത്തത്തില്‍ ഒരു പുരാണ പശ്ചാത്തലം ബ്ലോഗിലും പോസ്റ്റുകളിലും കാണുന്നുണ്ട്. രാമന്‍ കൂടെയുണ്ടെന്ന ആശ്വാസത്തില്‍ എവിടെയോ നഷ്ടപ്പെട്ട മനസ്സ് തേടി ഒരു യാത്ര.. എന്നാണ്‌ ബ്ലോഗര്‍ പറയുന്നത്. ഈ യാത്രയില്‍ രാമന്‍ കൂട്ടിനുണ്ടോ എന്നറിയില്ല. പക്ഷെ വായനക്കാര്‍ കൂട്ടിനുണ്ടാവാം എന്ന് തോന്നുന്നു. കാരണം നല്ല ശൈലിയുണ്ട് സീതായനത്തിലെ സീതക്ക്.

വായിക്കപ്പെടേണ്ടതെന്ന് തോന്നുന്ന എന്നാല്‍ അധികം വായിക്കപ്പെടുന്നില്ല എന്ന് തോന്നുന്ന ബ്ലോഗുകള്‍ കണ്ടെത്തിയാന്‍ വീണ്ടും കാണാമെന്ന ഉറപ്പോടെ ബൂലോകസഞ്ചാരത്തിന്റെ ഈ ഭാഗം ഇവിടെ അവസാനിപ്പിക്കട്ടെ.

Monday, January 24, 2011

പുസ്തകവിചാരം.

ങ്ങിനെ ഒരു പുതുവര്‍ഷം കൂടെ സമാഗതമായി. കഴിഞ്ഞ വര്‍ഷത്തെ ബൂലോകത്തെ മൊത്തം കണക്കെടുത്താല്‍ ഒട്ടേറെ പുതിയ ബ്ലോഗുകള്‍ ഉണ്ടായെങ്കില്‍ പോലും പലതിലും വായനക്കാരുടെ അഭാവം മൂലം പോസ്റ്റുകളുടെ അപ്‌ഡേഷനുകള്‍ക്ക് വിമുഖത കാണിക്കുന്ന പ്രവണത ഉണ്ടായിരുന്നു. വര്‍ഷാവസാനത്തോട് അനുബന്ധിച്ച് കണ്ട കുറച്ച് കൂട്ടായ്മകള്‍ ആയിരുന്നു മലയാളം ബ്ലോഗുകള്‍ നിലനില്‍ക്കുമെന്ന തോന്നലുളവാക്കിയത്. ഇടപ്പള്ളിയിലെ ബ്ലോഗ് മീറ്റ്, മോഹപക്ഷി, കായംകുളം സൂപ്പര്‍ഫാസ്റ്റ്, മൌനത്തിനപ്പുറത്തേക്ക് എന്നീ ബ്ലോഗില്‍ നിന്നുമുള്ള പുസ്തകങ്ങളുടെ പ്രകാശന ചടങ്ങുകൾ. എറണാകൂളത്ത് നടന്ന അന്താരാഷ്ട്രാ പുസ്തകോത്സവത്തില്‍ ബ്ലോഗ് പുസ്തകങ്ങളെയും ബ്ലോഗെഴുത്തിനെയും മുഖ്യധാരയിലേക്ക് എത്തിക്കുവാനായി എന്‍.ബി. പബ്ലിക്കേഷന്റെ നേതൃത്വത്തില്‍ ഒരുക്കിയ സ്റ്റാളിന്‌ ബ്ലോഗര്‍മാര്‍ നല്‍കിയ അസൂയാവഹമായ പിന്തുണ, പാലക്കാട് വെച്ച് ഈണം ടീമിന്റെ നേതൃത്വത്തില്‍ നടന്ന പതിനയ്യായിരത്തിലധികം ഹിറ്റ് ഗാനങ്ങളൂടെ പ്രാഥമിക വിവരങ്ങളും മറ്റു പ്രോജക്റ്റുകളുമടങ്ങിയ മലയാളഗാനങ്ങള്‍ ഉള്‍പ്പെട്ട വെബ്സൈറ്റിന്റെ ലോഞ്ചിങ്, ബ്ലോഗ് എഴുതുന്നവരുടെയും ഇന്റര്‍നെറ്റിലെ സാഹിത്യാഭിരുചിയുള്ളവരുടേയും കൂട്ടായ്മയായ ശ്രുതിലയം ഓണ്‍ലൈന്‍ നടത്തിയ വാര്‍ഷീകാഘോഷങ്ങള്‍ക്ക് ബ്ലോഗര്‍മാര്‍ നല്‍കിയ പിന്തുണ, ബൂലോകം ഓണ്‍ലൈന്‍ പത്രത്തില്‍ നടന്ന സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡ് കോണ്ടസ്റ്റും അതിനെ തുടര്‍ന്ന് അനന്തപുരിയില്‍ നടന്ന ബൂലോക മീറ്റും... ഇതൊക്കെയായിരുന്നു 2010 ല്‍ ബ്ലോഗില്‍ ഓര്‍ത്തുവെക്കാന്‍ കഴിയുന്ന രീതിയില്‍ ഉണ്ടായ നല്ല കൂട്ടായ്മകൾ‍... ഇവയൊഴിച്ച് നിറുത്തിയാല്‍ ബ്ലോഗ് പോസ്റ്റുകളുടെ അഭാവം വളരെയധികം ഉണ്ടായ വര്‍ഷമായിരുന്നു കഴിഞ്ഞുപോയത്.

2011 തുടങ്ങി കുറച്ച് ദിവസങ്ങള്‍ക്കകം തന്നെ ബ്ലോഗെഴുത്തിനെ പ്രോത്സാഹിപ്പിക്കും വിധം ചില നല്ല കൂട്ടായ്മകള്‍ ഉടലെടുത്തു എന്നത് പ്രശംസനീയമായ കാര്യം തന്നെ. ഈ കുറച്ച് ദിവസങ്ങള്‍ക്കിടയില്‍ തന്നെ ബ്ലോഗ് എന്ന മാധ്യമത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കണമെന്നാഹ്വാനം ചെയ്തുകൊണ്ട് എറണാകുളത്തെ കായല്‍‌തീരത്ത് ഒരു കൊച്ചു ബ്ലോഗ് മീറ്റും, ഇ-ഭാഷയെ പ്രോത്സാഹിക്കുവാനായി ശില്പശാലകളും മറ്റും നടത്തി ബ്ലോഗിനെ കൂടുതല്‍ ജനകീയമാക്കണമെന്ന ഉദ്ദേശ്യത്തോടെ സാഹിത്യ അക്കാദമിക്ക് ഭീമഹര്‍ജ്ജിയും ഒക്കെയായി വര്‍ഷം സജീവമായി തുടങ്ങി. പല കാരണങ്ങള്‍ കൊണ്ട് കഴിഞ്ഞ രണ്ട് മാസവും ബൂലോകസഞ്ചാരത്തിലും പുതിയ പരിചയപ്പെടുത്തലുകള്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഒരു പരിധി വരെ ബ്ലോഗിങിലുണ്ടായിരുന്ന മാന്ദ്യം സഞ്ചാരത്തെയും ബാധിച്ചിരിക്കാം. ഈ വര്‍ഷം അത്തരം ഒരു അവസ്ഥ സംജാതമാവാതിരിക്കട്ടെ എന്ന്‍ ആഗ്രഹിച്ചുകൊണ്ട് സഞ്ചാരത്തിന്റെ 7 ഭാഗം ഇവിടെ കുറിക്കട്ടെ.

ബ്ലോഗിലെ പല മേഖലകളെ പറ്റി സഞ്ചാരത്തിന്റെ പല ഭാഗങ്ങളിലായി സൂചിപ്പിച്ചിരുന്നു. കഥ, കവിത,ലേഖനം,ഫോട്ടോഗ്രാഫി, യാത്രാവിവരണം, പോഡ്കാസ്റ്റിങ്, വ്ലോഗിങ്, ചിത്രമെഴുത്ത്, പാചകം..അങ്ങിനെ വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ബ്ലോഗുകള്‍ ഒട്ടേറെയുണ്ട്. ഇത്തരം വിഷയങ്ങളില്‍ ഒറ്റക്കും ഒരു ഗ്രൂപ്പായും ബ്ലോഗുകളും ഉണ്ട്. ബ്ലോഗിലെ കൂട്ടായ്മകളെ കുറിച്ച് പറഞ്ഞുകൊണ്ടാണ്‌ ഈ ലക്കം ആരംഭിച്ചത് എന്നത് കൊണ്ട് തന്നെ വ്യത്യസ്ഥമാര്‍ന്ന ഒരു ഗ്രൂപ്പ് ബ്ലോഗിലൂടെയാവട്ടെ ഇക്കുറി നമ്മുടെ സഞ്ചാരം.

ഒട്ടേറെ പേരുകേട്ട ഗ്രൂപ്പ് ബ്ലോഗുകള്‍ ഇന്ന് ബൂലോകത്ത് സജിവമാണ്‌. കേരളത്തിലെ ഗണിതശാസ്ത്ര അദ്ധ്യാപകരുടെ കൂട്ടായ്മയായ മാത്‌സ് ബ്ലോഗില്‍ തുടങ്ങിയാല്‍ ആല്‍ത്തറ, ചൊല്‍ക്കവിതകൾ‍, കഥയുടെ വസന്തമായ ഋതു, തുടങ്ങി ബൂലോകത്തിലെ വിവിധ എഴുത്തുകാരുടേതായി ചിതറിക്കിടക്കുന്ന യാത്രാവിവരണങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടെത്തിക്കുവാന്‍ യാത്രകള്‍ എന്ന വെബ്സൈറ്റില്‍ വരെ എത്തി നില്‍ക്കുന്നു ഈ ഗ്രൂപ്പ് ബ്ലോഗുകള്‍. ഇക്കൂട്ടത്തിലേക്ക് വൈവിധ്യം കൊണ്ട് ശ്രദ്ധേയമാവേണ്ട ഒരു ബ്ലോഗിനെയാണ്‌ ഇക്കുറി ബൂലോകസഞ്ചാരത്തില്‍ പരിചയപ്പെടുത്തുന്നത് - പുസ്തകവിചാരം.


ഈ ഗ്രൂപ്പ് ബ്ലോഗില്‍ ഞാനും ഭാഗഭാക്കാണെന്നും പക്ഷെ, അതിന്റെ പേരില്‍ അല്ല സഞ്ചാരത്തിന്റെ ഈ ഭാഗത്ത് ഈ ബ്ലോഗിനെ പരിചയപ്പെടുത്തുന്നത് എന്നും ആദ്യമേ പറയട്ടെ. ഇത്തരം ഒരു സം‌രംഭത്തില്‍ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെങ്കിലും ഇത് അറിയപ്പെടാതെ പോകരുതെന്ന് തോന്നിയത് കൊണ്ടാണ്‌ ഇവിടെ ഇക്കുറി ഈ ഗ്രൂപ്പ് ബ്ലോഗിനെ പരാമര്‍ശിക്കാം എന്ന് കരുതിയത് . അതിനുള്ള ഒന്നാമത്തെ കാരണം പുസ്തകങ്ങളെ ഒട്ടേറെ സ്നേഹിക്കുന്നവരാണ്‌ ഭൂരിഭാഗം മലയാളി ബ്ലോഗേര്‍സും എന്നത് തന്നെ. ഒരു പരിധിവരെ പുസ്തകങ്ങളുടെ ലഭ്യത കുറവാണ്‌ പലരേയും ബ്ലോഗ് എന്ന ഈ മാധ്യമത്തിലേക്ക് അടുപ്പിച്ചത് തന്നെ. ഒപ്പം, നല്ല പുസ്തകങ്ങള്‍ കണ്ടെത്തുവാനുള്ള, തിരഞ്ഞെടുക്കുവാനുള്ള സമയക്കുറവും ഒരു കാരണമാണ്‌. ഇത്തരം സാഹചര്യത്തിലാണ്‌ ബ്ലോഗില്‍ പുസ്തകപരിചയം, പുസ്തകറിവ്യൂ എന്നൊക്കെയുള്ള ലേബലുകളില്‍ വായിച്ച പുസ്തകങ്ങളെ പറ്റി പലരും പോസ്റ്റുകള്‍ ഇട്ടതും അവയൊക്കെ ബൂലോകം ഇരു കൈകളും നീട്ടി സ്വീകരിച്ചതും. എന്തിനേറെ ഈ ആവശ്യത്തിനു മാത്രമായി ബ്ലോഗുകള്‍ വരെ ഉണ്ട് എന്നത് ബൂലോകരുടെ പുസ്തകത്തോടുള്ള അഭിനിവേശമാണ്‌ കാണിക്കുന്നത്. പക്ഷെ ലോകത്തിന്റെ വിവിധഭാഗങ്ങളിലായി ബൂലോകര്‍ ചിതറിക്കിടക്കുന്ന പോലെ തന്നെ പലരുടേയും ബ്ലോഗിലെ ഒരു ചെറു വിഭാഗമായി പുസ്തകപരിചയങ്ങള്‍ ഒതുങ്ങിപോകുന്നു. അവിടെയാണ്‌ പുസ്തകവിചാരം എന്ന ഈ പുതിയ ഗ്രൂപ്പ് ബ്ലോഗിന്റെ പ്രസക്തി!! ഒരു പുസ്തകത്തെ പറ്റി അല്ലെങ്കില്‍ ഒരു കൂട്ടം പുസ്തകങ്ങളെ പറ്റി മലയാളത്തില്‍ വരുന്ന പോസ്റ്റുകളെ വായനക്കാരനുവേണ്ടി ഒരു ബ്ലോഗിലേക്ക് സമാഹരിക്കുക എന്ന ഒരു നല്ല ലക്ഷ്യത്തോടെ തുടങ്ങിയ ഈ ബ്ലോഗ് ഒരു പക്ഷെ മലയാളം ബ്ലോഗേര്‍സിനെന്നപോലെ തന്നെ പുസ്തകത്തെ സ്നേഹിക്കുന്ന എല്ലാ മലയാളിക്കും ഉപകാരപ്രദമാവും എന്ന കാര്യത്തില്‍ സംശയമില്ല തന്നെ. ഏതു ഭാഷയിലുള്ള പുസ്തകത്തെ പറ്റിയും അവലോകനമോ പരിചയപ്പെടുത്തലോ അല്ലെങ്കില്‍ വായിക്കുന്ന പുസ്തകങ്ങളെ പറ്റി ഒരു രണ്ട് പാരഗ്രാഫ് കുറിച്ചിട്ട് മറ്റുള്ളവരിലേക്ക് അത് എത്തിച്ച് കൂടുതല്‍ പേരെ പുസ്തകങ്ങളുടെ ലോകത്തേക്ക് എത്തിക്കുക എന്നതും ഈ ബ്ലോഗിന്റെ ഉദ്ദേശലക്ഷ്യമാണ്‌. പോസ്റ്റുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു പുസ്തകത്തെ പറ്റി തന്നെയുള്ള പലരുടേയും വ്യത്യസ്തമായ പോസ്റ്റുകള്‍ കൂടുതല്‍ മികച്ചവയിലേക്ക് നമ്മെ കൈപിടിച്ച് നയിക്കാന്‍ പ്രേരിപ്പിക്കും എന്നതുകൊണ്ട് ശ്രദ്ധേയമായി തോന്നി. ഈ ബ്ലോഗില്‍ വരുന്ന കൂടുതല്‍ , അല്ലെങ്കില്‍ ഇത് വരെ വന്നിട്ടുള്ള കൂടുതല്‍ പോസ്റ്റുകളും റീ പോസ്റ്റുകളാണ്‌. പക്ഷെ, ഇത്തരത്തില്‍ പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാനും പുസ്തകങ്ങളെ പറ്റി അറിയാനും ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്താനും ഒരിടം എന്നത് തികച്ചും നല്ല ഒരു ആശയമായി തോന്നി.

പട്ടിണിയായ മനുഷ്യാ നീ ,
പുസ്തകം കൈയിലെടുത്തോളു
പുത്തനൊരായുധമാണു നിനക്കത്
പുസ്തകം കൈയിലെടുത്തോളൂ - ബെര്‍തോള്‍ഡ് ബ്രെഹ്തിന്റെ വിഖ്യാതമായ ഈ വരികളാണ്‌ ബ്ലോഗിന്റെ ഹെഡറിലെ കുഞ്ഞുണ്ണിമാഷിന്റെ വരികള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. "വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും, വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും" - പുസ്തകങ്ങളെപറ്റിയും വായനയെ പറ്റിയും മലയാളിയുടെ അവബോധവും വേറിട്ട കാഴ്ചപാടും ഇവിടെ നിന്ന് തന്നെ തുടങ്ങുന്നു.

എന്റേതുകൂടെയായ പോസ്റ്റുകള്‍ ഉള്ളതിനാല്‍ പതിവ് പോലെ പോസ്റ്റുകളിലൂടെയുള്ള സഞ്ചാരം ഇക്കുറി ഒഴിവാക്കുകയാണ്‌. ഒന്ന് പറയാം. വരുംദിനങ്ങളില്‍ ഒരു പക്ഷെ, മലയാള പുസ്തകലോകത്തേക്കുള്ള മികച്ച ഒരു കണ്ണാടിയാവാം ഈ ബ്ലോഗ്. അതുപോലെ തന്നെ വായിക്കുന്ന പുസ്തകങ്ങളെ പറ്റിയുള്ള വ്യക്തിഗത അഭിപ്രായങ്ങള്‍ കുറിച്ചിടുവാന്‍ ഒട്ടേറെ പേരെ ഈ ബ്ലോഗ് പ്രേരിപ്പിക്കുകയും ചെയ്തേക്കാം. പുസ്തകങ്ങളെ പറ്റി ചര്‍ച്ചചെയ്യാനുള്ള - ചിതലരിക്കാത്ത അലമാരകളും ഇരട്ടവാലന്‍ ഓടിനടക്കാത്ത മാറാല പിടിക്കാത്ത ഷെല്‍ഫുകളും നിരത്തിവെച്ച ഒരിടം - ഒരു പുത്തന്‍ വായനശാലയാവട്ടെ ഈ പുസ്തകവിചാരം.

Friday, October 15, 2010

റീഫ്രഷ് മെമ്മറി

ത് നവരാത്രി കാലം. ഇന്നിപ്പോള്‍ ജാതി മത ഭേദമന്യേ എല്ലാവരും വിദ്യാരംഭവും ആയുധ പൂജയും മറ്റും നടത്തുന്നു. "ഹരിശ്രീ ഗണപതായേ നമ:" എന്ന് നാവില്‍ സ്വര്‍ണ്ണം കൊണ്ട് എഴുതിയപ്പോള്‍ കരഞ്ഞുവിളിച്ച ആ കുഞ്ഞു നാളുകള്‍ - ആ പഴയ കാലം- ഒരിക്കല്‍ കൂടെ മനസ്സില്‍ തെകട്ടി വരുന്നു. മിക്കവാറും എല്ലാ വര്‍ഷവും വിജയദശമി നാളില്‍ ദക്ഷിണ മൂകാംബി എന്നറിയപ്പെടുന്ന നോര്‍ത്ത് പറവൂര്‍ മൂകാംബിക ക്ഷേത്രത്തിലെ മതില്‍ കെട്ടിനകത്ത് എവിടെയെങ്കിലും ഹരീശ്രീ കുറിക്കാന്‍ ഇന്നും ഞാന്‍ ശ്രമിക്കാറുണ്ട്. കാരണം നമുക്ക് കിട്ടിയ ദൈവീകമായ വരദാനമാണ്‌ അക്ഷരങ്ങള്‍ എന്നത് തന്നെ. “അക്ഷരജ്ഞാനം അറിവല്ല, അറിവിന്റെ രക്ഷാ കവാടമാണെന്നുള്ളത് ഓര്‍ക്കുക“ എന്ന കവിവാക്യം മനസ്സില്‍ തങ്ങിനില്‍ക്കുന്നു. അതുകൊണ്ട് തന്നെ അറിവ് തേടിയുള്ളതാവട്ടെ ഇക്കുറി നമ്മുടെ സഞ്ചാരം.

ബ്ലോഗ് എന്നതിനെ കുറിച്ചും അതിന്റെ വിവിധ വശങ്ങളെ പറ്റിയും പ്രതിപാധിക്കുന്ന ഒട്ടേറെ ബ്ലോഗുകള്‍ നമുക്കുണ്ട്. ആദ്യാക്ഷരി, ഇന്ദ്രധനുസ്സ്, ഇന്‍ഫ്യൂഷന്‍, മുതല്‍ ഈയടുത്ത് കെ.പി. സുകുമാരന്‍ അഞ്ചരകണ്ടിയുടെ ശിഥിലചിന്തകളില്‍ വരെ കണ്ടു അത്തരം കുറെ ടിപ്സ്.. അത് പോലെ തന്നെ കുട്ടികള്‍ക്കായും അദ്ധ്യാപകര്‍ക്കായും മലയാളത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സംബന്ധിയായ ബ്ലോഗ് എന്ന് പേരു കേട്ട മാത്‌സ് ബ്ലോഗുണ്ട്. സയന്‍സിലൂടെ സഞ്ചരിക്കാന്‍ സയന്‍സ് ലോകം മുതലായവയും ഉണ്ട്. പക്ഷെ ഈ ബ്ലോഗുകളൊക്കെ അതാതിന്റെതായ ഉദ്ദേശലക്ഷ്യങ്ങളില്‍ വിജയിച്ചവയെങ്കിലും ഇക്കുറി ഇവിടെ പരിചയപ്പെടുത്തുന്നത് മറ്റൊരു ബ്ലോഗാണ്‌.

നമുക്കറിയാം , ഇന്ന് മലയാളി ഏറ്റവും അധികം ബുദ്ധിമുട്ടനനുഭവിക്കുന്ന ഒരു മേഖലയാണ്‌ ഓര്‍മ്മ.. കാര്യങ്ങള്‍ ഓര്‍ത്തുവെക്കുക എന്നത് , അല്ലെങ്കില്‍ മെമ്മറി ഉപയോഗിച്ചുള്ള പല പരീക്ഷകളിലും നമ്മള്‍ പിന്നാക്കമാവുന്നതും ഇത്തരം ചില ടിപ്സ് അറിയാത്തത് കൊണ്ട് തന്നെ. പലപ്പോഴും വിദ്യാഭ്യാസ കാലഘട്ടത്തിലോ അതിന്‌ ശേഷമോ അത്തരം കാര്യങ്ങള്‍ ആരും നമുക്ക് പഠിപ്പിച്ചു തരുന്നുമില്ല. ഒരു പ്രൈവറ്റ് കമ്പനി ജീവനക്കാരന്‍ എന്ന നിലക്ക് ഇത്തരം കോഴ്സുകള്‍ക്ക് ഏകദേശം ഇന്ന് എത്ര രൂപ ചിലവാകും എന്ന്‍ എനിക്ക് ഊഹിക്കാന്‍ കഴിയും എന്നിരിക്കെ, തികച്ചും സൌജന്യമായി മെന്‍ഡല്‍ എബിലിറ്റിയും മറ്റും വളര്‍ത്താനായി കുട്ടികള്‍ക്കും വലിയവര്‍ക്കുമായി ഒരു ബ്ലോഗ് എന്ന ആശയം കണ്ടപ്പോള്‍ സത്യത്തില്‍ സന്തോഷം തോന്നി. റീഫ്രഷ് മെമ്മറി എന്ന തന്റെ ബ്ലോഗിലൂടെ കൊട്ടോട്ടിക്കാരന്‍ ഉദ്ദേശിക്കുന്നതും അത്തരം ഒരു സേവനമാണെന്ന അറിവ് എനിക്ക് കൂടുതല്‍ സന്തോഷമുള്ളതായിരുന്നു.

കൊട്ടോട്ടിക്കാരന്റെ തന്റെ വാക്കുകള്‍ കടം കൊണ്ടാല്‍ "അറിവ് എന്നത് ലോകത്ത് പരമപ്രധാനമായ ഒന്നുതന്നെയാണ് എന്നതിലാര്‍ക്കും തര്‍ക്കമുണ്ടെന്നു തോന്നുന്നില്ല. അറിയാവുന്നത് മറ്റുള്ളവര്‍ക്കു പറഞ്ഞു കൊടുക്കുന്നില്ലെങ്കില്‍ ആ അറിവുകൊണ്ട് പ്രയോജനമില്ലെന്ന അറിവാണ് ഇങ്ങനെ ഒരു സാഹസത്തിന് എന്നെ പ്രേരിപ്പിച്ചത്. ആത്മവിശ്വാസവും മനോഭാവവും മനുഷ്യജീവിതം മുന്നോട്ടുരുട്ടുന്നതില്‍ പരമപ്രധാനമായ രണ്ടു സംഗതികളാണല്ലോ. ഈ ശ്രമം അതിനു കുറച്ചെങ്കിലും പ്രയോജനപ്പെടുമെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി." ഈ വാക്കുകളിലെ ആത്മാര്‍ത്ഥത റിഫ്രഷ് മെമ്മറി എന്ന ബ്ലോഗിലെ വളരെ കുറച്ചുമാത്രമുള്ള പോസ്റ്റുകളിലുമുണ്ട്. ഒരു പക്ഷെ ഒരു പഠനസഹായി ആയത് കൊണ്ടാവാം അധികം റേറ്റിങ് ഒന്നും കണ്ടില്ല ഈ ബ്ലോഗിന്‌!!! പോസ്റ്റുകള്‍ ഒരു കൃത്യമായ കാലയളവില്‍ വരാത്തത് കൊണ്ട് അഗ്രികളില്‍ അപ്‌ഡേറ്റുമാകുന്നില്ല എന്നതും വായനക്കാര്‍ കുറവാകാന്‍ കാരണമാകാം.. പക്ഷെ സുഹൃത്തുക്കളെ, നമ്മള്‍ മനസ്സിലാക്കാതെ പോകുന്ന ഒരു കാര്യം എന്തെന്നാല്‍ ഈ ബ്ലോഗില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഒരു മോട്ടിവേഷന്‍ ക്ലാസെന്ന നിലയില്‍ ഞാന്‍ വര്‍ക്ക് ചെയ്യുന്ന സ്ഥാപനത്തില്‍ കഴിഞ്ഞ വര്‍ഷം ഒരു കണ്‍സല്‍ട്ടന്‍സിയെ കൊണ്ട് ചെയ്യിച്ചത് 25000 രൂപക്ക് മേലെ ചിലവഴിച്ചാണെന്ന് പറയുമ്പോള്‍ ഇത്രയും ഉപകാരപ്രദമായ കാര്യങ്ങള്‍ തികച്ചും സൌജന്യമായി നമുക്ക് നല്‍ക്കുന്ന കൊട്ടോട്ടിക്കാരന്‍ അഭിനന്ദനമര്‍ഹിക്കുന്നു.

ഈ ബ്ലോഗിലൂടെ സഞ്ചരിക്കുന്നത് കൃത്യമായ വഴികളിലൂടെ ആയിരിക്കണം എന്ന് ബ്ലോഗര്‍ നിഷ്കര്‍ഷിക്കുന്നു. കാരണം ഒരു പഠനസഹായി ആയതിനാല്‍ അത് അദ്ധ്യായങ്ങളുടെ ഓര്‍ഡറിലൂടെ പോയില്ലെങ്കില്‍ ഒരു പക്ഷെ പ്രയോജനപ്പെടില്ല എന്ന രചയിതാവിന്റെ വാദത്തോട് ഞാനും യോജിക്കുന്നു. ഇതിലെ ആക്റ്റിറ്റൂഡ് എന്ന അദ്ധ്യായത്തില്‍ പറയുന്ന വില്‍മ റിഡോള്‍ഫിന്റെ കഥ ഒരു പരിധിവരെ നമുക്കൊക്കെ ഒരു പ്രചോദനമാണ്. അല്ലെങ്കില്‍ പോളിയോ വന്ന് തളര്‍ന്ന് പോയ ഒരു കുട്ടിയെ അവളില്‍ ചെലുത്തിയ പോസിറ്റീവ് ആക്റ്റിറ്റൂഡ് ഒന്ന് കൊണ്ട് മാത്രം 1960 ലെ റോം ഓളിമ്പിക്സിലെ ഏറ്റവും മികച്ച ഓട്ടക്കാരിയാക്കി എന്ന് പറയുമ്പോള്‍ തീര്‍ച്ചയായും അത് വിസ്മയകരവും അതേക്കാളുപരി ചിന്തനീയവുമാണ്‌.

രസകങ്ങളായ ചില സംഭവങ്ങളും റീഫ്രെഷ് മെമ്മറിയില്‍ ഉണ്ട്. അതില്‍ ഒന്നാണ്‌ മെന്‍ഡല്‍ കാറ്റലോഗ് എന്ന അദ്ധ്യായം. അതില്‍ രാജ്യം - തലസ്ഥാനം, കണ്ടുപിടുത്തങ്ങള്‍ - കണ്ടുപിടിച്ചവര്‍ ഈ രീതിയിലുള്ള കാര്യങ്ങള്‍ ഓര്‍മ്മയില്‍ ഒരിയ്ക്കലും മറന്നുപോകാത്ത വിധം സൂക്ഷിക്കുവാനുള്ള രസകരമായ ചില ടിപ്സുകള്‍ കൊട്ടോട്ടിക്കാരന്‍ വിശദീകരിച്ചിരിക്കുന്നു. ഉദാഹരണമായി, "ലോകത്ത് പേനയില്ലാത്ത (no pen) ഏകരാജ്യം കംബോഡിയയാണ്. അവിടെയുള്ള ജനങ്ങള്‍ കമ്പൊടിച്ചാണ് എഴുതുന്നത് !" എന്ന്‍കംബോഡിയ എന്ന രാജ്യത്തേയും നോംഫെന്‍ (NOM PHEN) എന്ന അതിന്റെ തലസ്ഥാനത്തെയും പറ്റി പറയുമ്പോള്‍; എനിക്ക് തോന്നുന്നു ഒരിക്കലും വായിച്ചവരാരും ഇനി മറക്കില്ല കംബോഡിയയുടെ തലസ്ഥാനമേതെന്ന്.. മുഴുവന്‍ പോസ്റ്റുകളെയും കുറിച്ച് ഇവിടെ പ്രതിപാദിക്കുന്നില്ല. കാരണം റീഫ്രഷ് മെമ്മറി, ബ്ലോഗിങില്‍ നേരമ്പോക്കിനിടെ നമുക്ക് കിട്ടുന്ന അറിവിന്റെ, ടിപ്സുകളൂടെ നല്ലൊരു വിളനിലമാണ്‌. ആ വിളനിലത്തില്‍ നിന്നും അല്പം വിളവ് കൊയ്തെടുക്കേണ്ടത് നമ്മുടെ ആവശ്യവുമാണ്‌. മാത്രമല്ല, ഇത്തരം ഒരു ഉദ്യമത്തിനായി ബ്ലോഗര്‍ എടുത്ത എഫര്‍ട്ട് കണ്ടില്ല എന്ന് നടിച്ചാല്‍ അത് അറിവിനോടുള്ള നിന്ദയാവും എന്നത് കൊണ്ട് തന്നെ ഈ നവരാത്രി കാലത്ത് മറ്റൊരു ബ്ലോഗിനേയും പരിചയപ്പെടുത്താന്‍ ശ്രമിക്കാതെ ഈ റീഫ്രഷ് മെമ്മറിയില്‍ മാത്രമായി ഞാന്‍ ഈ സഞ്ചാരം അവസാനിപ്പിക്കട്ടെ..

വായിച്ചാല്‍ വളരും
വായിച്ചില്ലെങ്കിലും വളരും
വായിച്ചാല്‍ വിളയും
വായിച്ചില്ലെങ്കില്‍ വളയും - കുഞ്ഞുണ്ണിമാഷിന്റെ ഈ വരികള്‍ മനസ്സിലോര്‍ത്ത് കൊണ്ട് സഞ്ചാരത്തിന്റെ ഈ ആറാം ഭാഗം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.