Wednesday, July 20, 2011

ദ ഈഗിള്‍ ഹാസ് ലാന്റഡും ദേശത്തെപ്പറ്റിപറഞ്ഞ ആയിരം നുണകളും

ഴ്ചപ്പതിപ്പുകളായിരുന്നു എന്നും മലയാളിയുടെ വായനയെ സമ്പുഷ്ടമാക്കിയിരുന്നത്. മനോരമ, മംഗളം, മാതൃഭൂമി, സമകലീക മലയാളം, മാധ്യമം, ഭാഷാപോഷിണി, ദേശാഭിമാനി, ചിന്ത എന്നിവയൊക്കെ ഒരോ കാലഘട്ടത്തിലും നമ്മുടെ വായനയില്‍ സ്വാധീനം ചെലുത്തിയവ തന്നെ. ഒരു പരിധിവരെ ഖണ്ഢശ്ശ പ്രസിദ്ധീകരിച്ചിരുന്ന നോവലുകളായിരുന്നു ഇത്തരം ആനൂകാലീകങ്ങളിലേക്ക് നമ്മെ ആകര്‍ഷിച്ചത്. (വ്യത്യസ്ത അഭിപ്രായക്കാര്‍ ഉണ്ടാവാം. നിഷേധിക്കുന്നില്ല) ഏതായാലും എന്നെയെങ്കിലും ആകര്‍ഷിച്ചത് ഇത്തരം ഖണ്ഢശ്ശ നോവലുകള്‍ ആണ്. ആദ്യമാദ്യം മനോരമയിലേയും മംഗളത്തിലേയും നോവലില്‍ തുടങ്ങിയ അത്തരം ഒരിഷ്ടം പിന്നീട് മാതൃഭൂമിയുടേയും മറ്റും വായനയിലേക്ക് നയിച്ചു എന്നതാണ്‌ സത്യം. പിന്നീടെപ്പോഴൊക്കെയോ ഇപ്പറഞ്ഞ ആനൂകാലീകങ്ങളുമായി ഇടപെടാന്‍ കഴിയാതെ വരികയും ഖണ്ഢശ്ശ നോവല്‍ വായന അസ്തമിക്കുകയും ചെയ്തു എന്ന് തന്നെ പറയാം.


ഇപ്പോള്‍ വീണ്ടും ഖണ്ഢശ്ശ വായനക്ക് അവസരമൊരുക്കിത്തരുന്നു നമ്മുടെ ബ്ലോഗുകള്‍. യാത്രാവിവരണങ്ങള്‍ എന്ന ശാഖയിലായിരുന്നു ബ്ലോഗില്‍ അദ്ധ്യായങ്ങളുടെ രൂപത്തില്‍ പോസ്റ്റുകള്‍ ഞാന്‍ ആദ്യം കണ്ടത്. ഇപ്പോള്‍ കുറേയധികം നോവലുകള്‍ ഇതേ രീതിയില്‍ ബ്ലോഗില്‍ കാണാന്‍ കഴിയുന്നുണ്ട് എന്നത് സന്തോഷകരം തന്നെ. ഒരിക്കല്‍ കൂടി പഴയ ആഴ്ചപ്പതിപ്പുകളുടെ വായനയെ ഓര്‍മ്മപ്പെടുത്താന്‍ ഇവയിലൂടെ സാധിക്കുന്നു എന്നത് വലിയ കാര്യം. ഇതൊക്കെകൊണ്ട് തന്നെ ഇക്കുറി നമുക്ക് ബൂലോകസഞ്ചാരത്തില്‍ നോവല്‍ ബ്ലോഗ് എന്ന കാറ്റഗറിയെ പരിചയപ്പെടാം.


അരുണ്‍ കായംകുളത്തിന്റെ കലിയുഗവരദന്‍ , കര്‍ക്കിടകരാമായണം എന്നിവയാണെന്ന് തോന്നുന്നു നോവല്‍ ബ്ലോഗുകള്‍ എന്ന സങ്കല്‍‌പ്പം ബ്ലോഗെഴുത്തുക്കാര്‍ക്കിടയില്‍ ഉണ്ടാക്കിയത്. നിലച്ചു പോയതും, പുര്‍ത്തിയാക്കിയതും, തുടരുന്നതുമായ ഒട്ടേറെ നോവല്‍ ബ്ലോഗുകള്‍ ഇന്ന് ബൂലോകത്ത് നമുക്ക് കാണാം. മുരളി നായരുടെ കടല്‍മീനുകള്‍ അണ്‌ ഇത്തരത്തില്‍ ഞാന്‍ വായിച്ച ആദ്യത്തെ നോവല്‍ ബ്ലോഗ്. വ്യക്തിപരമായ എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് മുരളി ഇന്ന് ബ്ലോഗില്‍ അത്ര സജീവമല്ലാത്തതിനാല്‍ ഇടക്ക് വെച്ച് പോസ്റ്റിങ് നിലച്ചു പോയതുമൂലം ഒരു നല്ല നോവല്‍ പൂര്‍ണ്ണമായി വായിക്കുവാന്‍ കഴിഞ്ഞില്ല എന്ന വിഷമം ഇപ്പോഴും ബാക്കി. വിശാലമനസ്കന്റെ വിശാലഭാരതം ഹാസ്യത്തിന്റെ അകമ്പടിയോടെ എഴുതി വന്ന ഒരു ഖണ്ഢശ്ശ ബ്ലോഗ് തന്നെ. (പിന്നീട് എപ്പോഴോ വിശാലമനസ്കന്‍ ആ ബ്ലോഗിനെ കൊടകരപുരാണത്തിലേക്ക് ലയിപ്പിക്കുകയായിരുന്നു). വി.രവികുമാര്‍ തന്റെ പരിഭാഷ എന്ന ബ്ലോഗിലൂടെ കാഫ്കയുടെ വിചാരണ എന്ന നോവല്‍ ഉള്‍പ്പെടെ പരിഭാഷപ്പെടുത്തുകയും പുസ്തകമാക്കുകയും ചെയ്തു. പിന്നെയുമുണ്ട് ഇത്തരം സൃഷ്ടികള്‍. കേരളദാസനുണ്ണിയുടെ 'ഓര്‍മ്മതെറ്റുപോലെ' ആയിരിക്കും അദ്ധ്യായങ്ങളുടെ എണ്ണങ്ങള്‍ കണക്കാക്കി പറയുകയാണെങ്കില്‍ ഏറ്റവും ബൃഹത്തായ ബ്ലോഗ് നോവല്‍ എന്ന് തോന്നുന്നു. (ഇത് വരെ അത് വായിക്കാന്‍ കഴിഞ്ഞില്ല എന്നതുകൊണ്ടുതന്നെ കൂടുതല്‍ അഭിപ്രായപ്രകടനത്തിന്‌ ഞാനാളല്ല) അദ്ദേഹത്തിന്റെ തന്നെ 'നന്മയിലേക്ക് ഒരു ചുവടുവെയ്പ്' എന്ന പുതിയ നോവല്‍, ഹരിചന്ദനത്തിന്റെ സ്വപ്നത്തിന്റെ അച്ചുകള്‍ തേടുന്നവര്‍, മുത്തശ്ശിരാമായണം എല്ലാം ഈ ഗണത്തില്‍ പെട്ടവയാണ്. ഒന്ന് മനസ്സിരുത്തി സഞ്ചരിച്ചാല്‍ ഇതുപോലെ ഒട്ടേറെ ബ്ലോഗുകളെ കണ്ടെത്താം.


ഇക്കുറി സ്റ്റോം വാണിംഗ് എന്ന നോവലിന്റെ വിവര്‍ത്തന രൂപം നമുക്ക് സമ്മാനിച്ച വിനുവേട്ടന്റെ പുതിയ സം‌രംഭമായ ദ ഈഗിള്‍ ഹാസ് ലാന്റഡ് (ഇംഗ്ലീഷ് നോവലിസ്റ്റ് ജാക്ക് ഹിഗ്ഗിന്‍സിന്റെ നോവല്‍) എന്ന നോവല്‍ ബ്ലോഗിലൂടെയും എം.ആര്‍. അനിലന്‍ രചിച്ചുകൊണ്ടിരിക്കുന്ന ദേശത്തെപ്പറ്റി പറഞ്ഞ ആയിരം നുണകൾ എന്ന നോവല്‍ ബ്ലോഗിലൂടെയും ആവാം നമ്മുടെ സഞ്ചാരം.


ദ ഈഗിള്‍ ഹാസ് ലാന്റഡ്


തര്‍ജ്ജമകള്‍ മലയാള സാഹിത്യലോകത്തിന്‌ തീരെ പുതുമയല്ല. ഒട്ടേറെ ക്ലാസ്സിക്കുകളുടെ തര്‍ജ്ജമകളെ മലയാളി ഹൃദയപ്പൂര്‍‌വ്വം സ്വീകരിച്ചിട്ടുമുണ്ട്. വിക്ടര്‍ ഹ്യൂഗോയുടെ ലാമിറാബിലെ പാവങ്ങള്‍ എന്ന പേരില്‍ തര്‍ജ്ജമ ചെയ്യപ്പെട്ടപ്പോള്‍ അത്രയും ബൃഹത്തായ ഒരു നോവല്‍ അനുഭവത്തെ രണ്ടും മൂന്നും പതിപ്പിലെത്തിച്ച ചരിത്രം നമുക്ക് ഉണ്ട്. ഇവിടെ തന്റെ രണ്ടാമത്തെ തര്‍ജ്ജമയിലേക്ക് കടന്നിരിക്കുകയാണ്‌ തൃശൂര്‍ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ട് നമുക്കിടയിലേക്ക് കടന്നുവന്ന വിനുവേട്ടന്‍. സ്റ്റോം വാണിംഗ് എന്ന അദ്ദേഹത്തിന്റെ ആദ്യ തര്‍ജ്ജമ നോവലിനെ പൂര്‍ണ്ണമായി പലപ്പോഴും വായിക്കാന്‍ കഴിയാതിരുന്നതിനാല്‍ തന്നെ ഇക്കുറി ‘ദ ഈഗിള്‍ ഹാസ് ലാന്റഡ്‘ തുടക്കം മുതല്‍ വായിച്ചു കൊണ്ടിരിക്കുന്നു. പോസ്റ്റുകളില്‍ കൂടെ സഞ്ചരിക്കുന്നതില്‍ വലിയ അര്‍ത്ഥമില്ല എന്നതിനാല്‍ അത് ചെയ്യുന്നില്ല. ഈ നോവലിന്റെ സംഗൃഹീത പുനരാഖ്യാനമാണോ അതോ പരിപൂര്‍ണ്ണമായ തര്‍ജ്ജമയാണോ ചെയ്യുന്നതെന്ന് ഒരു കമന്റായി വിനുവേട്ടനോട് ചോദിച്ചിരുന്നു. പദാനുപദ തര്‍ജ്ജമ തന്നെയാണ്‌ അദ്ദേഹം ചെയ്യുന്നതെന്നാണ്‌ മറുപടി ലഭിച്ചത്. അങ്ങിനെയാവുമ്പോള്‍ അഭിനന്ദനാര്‍ഹമാണ്‌ അദ്ദേഹത്തിന്റെ ശ്രമം. കാരണം ഇത്തരം ഒരു നോവല്‍ തര്‍ജ്ജമക്ക് വേണ്ടിവരുന്ന സാധനയുടെ ആഴം നമുക്ക് പെട്ടന്ന് അളന്ന് തിട്ടപ്പെടുത്താനാവില്ല. അതുകൊണ്ട് ആ ശ്രമത്തെ കണ്ടില്ലെന്ന് നടിക്കുന്നത് നല്ല എഴുത്തിനോടുള്ള അനീതിയാവും എന്ന് ഉറപ്പുള്ളത് കൊണ്ട്, ഏതാണ്ട് നാല് അദ്ധ്യായം മാത്രം പൂര്‍ത്തിയാക്കി കഴിഞ്ഞിട്ടുള്ള ആ ബ്ലോഗിലൂടെ സഞ്ചരിക്കുന്നത് സീരിയസ്സായ ബ്ലോഗ് വായന ആഗ്രഹിക്കുന്നവര്‍ക്ക് മോശമല്ലാത്ത ഒരു വായനാനുഭവം ലഭിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു.


ദേശത്തെപ്പറ്റിപറഞ്ഞ ആയിരം നുണകൾ


എം.ആര്‍. അനിലന്‍ എന്ന ബ്ലോഗര്‍ നമുക്ക് ചിരപരിചിതന്‍ ആണ്‌. ആകാശത്തേക്ക് ഒരു ഗോവണിയിലൂടെ കവിതകളുമായി ചവിട്ടികയറുന്ന നല്ല ഒരു കവി എന്ന നിലയില്‍ അദ്ദേഹത്തെ നമുക്കറിയാം. ഇവിടെ വ്യത്യസ്തമായ രചനാ രീതികള്‍ കണ്ട് ഒരു നോവല്‍ അണിയിച്ചൊരുക്കുകയാണ്‌ എം.ആര്‍. അനിലന്‍ തന്റെ 'ദേശത്തെ പറ്റി പറഞ്ഞ ആയിരം നുണകള്‍' എന്ന ബ്ലോഗിലൂടെ. ഇത് വരെ 10 അദ്ധ്യായങ്ങളാണ്‌ നോവലിന്റെതായി ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒന്നു രണ്ട് അദ്ധ്യായങ്ങളിലെ ചെറിയ വിരസത ഒഴിച്ച് നിര്‍ത്തിയാല്‍ നോവലിന്റെ ഗതി നല്ല നിലയില്‍ തന്നെ. പ്രമേയത്തിന്റെ പോക്ക് എങ്ങോട്ടെന്നറിയാനുള്ള ക്യൂരിയോസിറ്റി ഉണ്ടാക്കാന്‍ എഴുത്തുകാരന് കഴിയുന്നുമുണ്ട്. ചില പ്രയോഗങ്ങളും അതിനേക്കാളേറെ അദ്ധ്യായങ്ങള്‍ക്ക് കൊടുത്ത പേരുകളും വല്ലാതെ ടച്ച് ചെയ്യുന്നു. ഇവിടെയും നോവല്‍ വായനയിലൂടെ സഞ്ചരിക്കുന്നതില്‍ ഞാന്‍ വലിയ അര്‍ത്ഥം കാണുന്നില്ല. നിങ്ങള്‍ തീരുമാനിക്കുക. ശക്തമായ ഭാഷയും പദസമ്പത്തും കൊണ്ട് വിസ്മയപ്പെടുത്തുന്നു ഈ ബ്ലോഗ് നോവല്‍ എന്ന് നിസ്സംശയം പറയാം.


ആദ്യമായി ഇത്തരത്തില്‍ ഞാന്‍ വായിച്ച ഒരു ബ്ലോഗ് ഇന്ന് ഏറെ ശ്രദ്ധയാകര്‍ഷിച്ച പുസ്തകമായി എന്നത് സന്തോഷകരമായ വസ്തുതയാണ്. അരുണ്‍ കായംകുളത്തിന്റെ കലിയുഗവരദന്‍ എന്ന ചരിത്രാഖ്യായിക പോലെ ഇത്തരത്തിലുള്ള മറ്റു ബ്ലോഗുകളും പുസ്തകരൂപത്തില്‍ നമുക്ക് നാളെ കാണാന്‍ കഴിഞ്ഞേക്കും. ഒരു പക്ഷെ നാളെ പുസ്തകരൂപത്തില്‍ കണ്ടെത്തിയേക്കാന്‍ കഴിയാവുന്ന ഈ നോവലുകളെ ബ്ലോഗുകളില്‍ കൂടെ തന്നെ വായിക്കുവാനുള്ള ഒരു അവസരമാണ് ഇവരൊക്കെ നമുക്ക് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇവരിലൂടെയുള്ള നല്ല വായനയിലേക്ക് ബൂലോകസഞ്ചാരത്തിന്റെ ഈ ഭാഗം സമര്‍പ്പിക്കുന്നു.