Monday, July 5, 2010

സ്വര്‍ഗ്ഗവും ചാമ്പലും

വായന മരിക്കുന്നു എന്ന മുറവിളികള്‍ക്കിടയില്‍ വീണ്ടും ഒരു വായാനാ ദിനം കൂടി.. സത്യത്തില്‍ വായന മരിക്കുന്നുണ്ടോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. വായന ഒരു പരിധി വരെ ഇപ്പോളും ഉണ്ട് എന്ന് തന്നെ വിശ്വാസം. ചിലപ്പോള്‍ അതിന്റെ രീതികളില്‍ മാറ്റം വന്ന് തുടങ്ങിയിട്ടുണ്ടാവാം. പണ്ട് പബ്ലിക്ക് ലൈബ്രറികളിലേയും വായനശാലയിലേയും അടിവരയിട്ടും കമന്റുകള്‍ എഴുതിയും ഏടുകള്‍ കീറിപ്പോയതുമായ പുസ്തകങ്ങള്‍ വായിക്കുന്ന ഒരു സുഖം പ്രദാനം ചെയ്യില്ലെങ്കില്‍ കൂടി ഇന്നത്തെ പുത്തന്‍ വായന രീതികളെ നമുക്ക് തള്ളികളയാന്‍ കഴിയില്ല. - വായനയില്‍ നിന്നും സുഖം കണ്ടെത്താന്‍ തുടങ്ങിയിരിക്കുന്നു നമ്മുടെ തിരക്കുപിടിച്ച പുതു സമൂഹം. ഫാസ്റ്റ് ഫുഡ് പോലെ തന്നെ നമ്മെ ഇന്ന് വല്ലാതെ ഭ്രമിപ്പിക്കുന്നു ഫാസ്റ്റ് റീഡിങ്ങും. ഒപ്പം എഴുത്തുകാരനോട് കൂടുതല്‍ സംവേദിക്കാന്‍ കഴിയുന്നു എന്നതിനാലും ബ്ലോഗ് എന്ന മാധ്യമത്തിന്‌ ഇന്ന് ശരാശരിക്കാരന്റെ വായനയില്‍ വലിയ സ്ഥാനം ലഭിച്ചു തുടങ്ങിയിരിക്കുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഇനി എഴുത്തുകളെല്ലാം - ലിപികളിലേയുള്ളു എന്ന്‍ സി.രാധാകൃഷ്ണന്‍ പറഞ്ഞപ്പോള്‍ നെറ്റിചുളിച്ച പലരും ഇന്ന് ബ്ലോഗെഴുത്തിലും വായനയിലും സജീവമാണെന്ന് പറയുമ്പോള്‍ അറിയാം എത്രത്തോളം മാധ്യമം നമ്മെ സ്വാധീനിച്ചിരിക്കുന്നു എന്ന്. പക്ഷെ, നേരത്തെ സൂചിപ്പിച്ച പോലെ തിരക്കിട്ട ഓട്ടത്തിനിടയില്‍ പലപ്പോഴും സാന്‍ വിച്ചിലേക്കും ബെര്‍ഗറിലേക്കും ഷവര്‍മ്മയിലേക്കും മറ്റും നമ്മുടെ ഭക്ഷണ അഭിരുചികളെ നമ്മള്‍ മാറ്റി ശീലിപ്പിച്ചപ്പോഴും പഴയ തട്ട് ദോശകള്‍ കിട്ടുന്ന കടകള്‍ കണ്ടാല്‍ മലയാളി വണ്ടി ഒതുക്കാന്‍ ശ്രമിക്കാറുണ്ട്. പക്ഷെ അത് തേടി നടന്ന് നമ്മുടെ വിലപ്പെട്ട സമയം കളയാന്‍ പലപ്പോഴും നമ്മള്‍ മടികാണിക്കുന്നു എന്നതാണ്‌ വാസ്തവം. അതുകൊണ്ട് അത്തരം ഭക്ഷണം കിട്ടുന്ന സ്ഥലങ്ങളിലേക്ക് നിങ്ങളെ എത്തിക്കാനുള്ള ഒരു ചെറിയ ശ്രമമാണ്‌ ഇവിടെ നടത്തുന്നത്. കൃത്യമായ ഒരു ഇടവേളയില്‍ ഇത് വരുമെന്ന് ഒരു ഉറപ്പും എനിക്ക് തരാന്‍ കഴിയില്ല. നല്ലത് കണ്ടാല്‍ അവിടെ നമുക്ക് വീണ്ടും കാണാം എന്ന് മാത്രം ഉറപ്പ് തന്ന് കൊണ്ട് രണ്ട് കുഞ്ഞ് ബ്ലോഗുകളെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തട്ടെ..

സ്വര്‍ഗ്ഗം
സ്വര്‍ഗ്ഗം എന്നും നമ്മുടെ സ്വപ്നങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന ഒന്നാണ്‌. സ്വര്‍ഗ്ഗത്തിന്റെ കവാടം തുറക്കാനായിട്ട് നമ്മള്‍ മുട്ടാത്ത വാതിലുകളോ കയറിയിറങ്ങാത്ത ആരാധനാലയങ്ങളോ ഇല്ല. അതുകൊണ്ട് തന്നെ സ്വര്‍ഗ്ഗത്തില്‍ നിന്നും തന്നെ നമുക്ക് യാത്ര തുടങ്ങാം. ജാലകത്തിലൂടെയുള്ള ഒരു സഞ്ചാരത്തിനിടയില്‍ എപ്പോഴോ പോസ്റ്റ് ചെയ്തത് 'ആളവന്‍ താന്‍' എന്ന് കണ്ടപ്പോള്‍ ഏതോ ഒരു തമിഴ് ചുവയുള്ള ബ്ലോഗ് ആവും എന്ന് കരുതി വെറുതെ എത്തിനോക്കിയതാണീ സ്വര്‍ഗ്ഗത്തിലേക്ക്. ഹൃദയത്തില്‍ കൈകള്‍ ചേര്‍ത്ത് മനോഹരമായി മലയാളം പറഞ്ഞ് ചിരിച്ചു നില്‍ക്കുന്ന ഒരു ചെറുപ്പക്കാരനെ പെട്ടന്ന് വിട്ട് പോരാന്‍ നമുക്ക് ആവില്ല.

"എഴുത്ത് ഒപ്പമുണ്ടായിരുന്നു എന്നും ഡയറിക്കുറിപ്പുകളായും ചെറുകടലാസു തുണ്ടുകളായുമൊക്കെ.. ആരുമറിയാതെ ആരെയുമറിയിക്കാതെ നിശബ്ദമായി ഞാന്‍ ഒപ്പം കൂട്ടിയ എഴുത്ത്. വിരസമായ ഏകാന്തതയെ പതിയെ ഞാന്‍ ഇഷ്ടപ്പെട്ട് തുടങ്ങിയത് അങ്ങിനെയായിരുന്നു. പരന്ന വായനയുടെ കുറവ് നന്നായി പ്രതിഫലിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയിട്ടും എഴുത്ത് എന്ന ഭ്രാന്ത് എന്നെ കൊണ്ട് വീണ്ടും വീണ്ടും അത് ചെയ്യിച്ചുകൊണ്ടിരുന്നു. എനിക്കറിയാവുന്ന,എനിക്കു വഴങ്ങുന്ന, വളരെ സാധാരണമായ, എന്റെ ഭാഷയില്‍ , ശൈലിയില്‍ , ഡയറികളുടെ താളുകള്‍ക്കിടയില്‍ ശ്വാസം മുട്ടിയ അക്ഷരകൂട്ടങ്ങള്‍ ബ്ലോഗിലേക്ക് കുടിയേറിയത് അറിഞ്ഞപ്പോള്‍ , വൈകിയാണെങ്കിലും ഞാനും സഞ്ചരിക്കുന്നു അവയ്ക്കൊപ്പം. നിങ്ങളേയും ക്ഷണിക്കുന്നു എന്റെ സഞ്ചാരത്തിലേക്ക്.. സ്വാഗതം ചെയ്യുന്നു എന്റെ സ്വര്‍ഗ്ഗത്തിലേക്ക്.. " എന്ന ബ്ലോഗറുടെ വാക്കുകളേക്കാള്‍ മറ്റൊന്നും കൂടുതലായി പറയാന്‍ എനിക്ക് കിട്ടുന്നില്ല.

പോസ്റ്റുകളിലൂടെ പോയപ്പോള്‍ ഒരു പ്രത്യേക വിഷയത്തില്‍ തളക്കപ്പെടാതെ പലതും കൈകാര്യം ചെയ്തിരിക്കുന്നു ആളവന്‍ താന്‍ എന്ന വിമല്‍ .എം.നായര്‍. 'ഹര്‍ത്താല്‍' എന്ന കവിതയിലൂടെ ആക്ഷേപഹാസ്യവും 'മരണപക്ഷി' എന്ന പോസ്റ്റിലൂടെ സമകാലീക വിഷയത്തിലൂടെയും 'അച്ചായചരിതം - ഒരു ചെളികഥ'യിലൂടെ നര്‍മ്മവും തനിക്ക് വഴങ്ങുമെന്ന് ജോര്‍ദ്ദാനില്‍ ഒരു കമ്പനിയില്‍ സുരക്ഷാ ഉപദേഷ്ടാവായി ജോലി നോക്കുന്ന , തിരുവനന്തപുരം ചിറയന്‍ കീഴ് സ്വദേശിയായ ചെറുപ്പക്കാരന്‍ തെളിയിക്കുന്നു. വിമലിന്റെ കൊതുകുവല എന്ന കഥ വല്ലാത്ത ഒരു വായനാ സുഖം പകര്‍ന്നു നല്‍ക്കുന്നു. ചില സമയങ്ങളില്‍ ഒരു തിരക്കഥാരന്‍ കഥ പറയുന്ന പോലെ ഒരു ഫീല്‍ ഉണ്ടാക്കാന്‍ കൊതുകുവലയിലൂടെ വിമലിന്‌ കഴിഞ്ഞു. ഓര്‍മ്മകളുടെ, അനുഭവങ്ങളുടെ സ്വര്‍ഗ്ഗത്തിലേക്ക് ഒരിക്കലെങ്കിലും എത്തിനോക്കിയാല്‍, എനിക്ക് തോന്നുന്നു നല്ലൊരു വായനാനുഭവം അവിടെ നമുക്ക് ലഭിക്കുമെന്ന്..

ചാമ്പല്‍
സ്വര്‍ഗ്ഗത്തില്‍ നിന്നും എന്തിനേയും ചാമ്പലാക്കാന്‍ കഴിവുള്ള തീക്ഷ്ണമായ ഭാഷ സ്വായത്തമ്മാക്കിയ ഒരു ചെറുപ്പക്കാരിയിലേക്ക് നിങ്ങളെ നയിക്കട്ടെ. കഥകളുടെ വസന്തമായ ഋതുവില്‍ വല്ലാതെ മനസ്സിനെ ആകര്‍ഷിച്ച 'ഗ്രീഷ്മം തണുക്കുമ്പോള്‍' എന്ന കഥയിലൂടെയാണ്‌ അഞ്ജു നായരുടെ ചാമ്പലിലേക്ക് കടന്നുചെന്നത്. (കനല്‍ എന്ന മറ്റൊരു ബ്ലോഗ് കൂടി അഞ്ജുവിന്‌ സ്വന്തം).

രാമനുപേക്ഷിച്ച സീതയെ വാല്‍മീകിയുടെ ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ട് പോകാന്‍ വനവീഥികളിലൂടെ സീതയുടെ കൈപിടിച്ചുകൊണ്ട് ശൂര്‍പ്പണഖ!! ഒരു നിമിഷം എം.ടിയുടെ രണ്ടാമൂഴക്കാരനെ ഓര്‍ത്തു. പിന്നീട് അഞ്ജുവിനോട് സംസാരിച്ചപ്പോള്‍ മനസ്സിലായി രണ്ടാമൂഴക്കാരനെ 25 ഓളം വട്ടം ഒരു ഭ്രാന്ത് പോലെ വായിച്ചിട്ടുണ്ടെന്ന്. സത്യത്തില്‍ ഒരു ഒറ്റ കഥ മതിയായിരുന്നു അഞ്ജുവിലെ ക്രാഫ്റ്റ് മനസ്സിലാക്കാന്‍. വായിച്ചിട്ടുള്ളവര്‍ സാക്ഷ്യം!!

ചാമ്പലില്‍ കണ്ടതും വായിച്ചതും മുഴുവന്‍ തീക്ഷ്ണമായ ജീവിതാനുഭവങ്ങള്‍. അച്ചനും, കഥയില്ലായ്മയും, പിറക്കാതെ പോയ മകളും, കൃഷ്ണാ നീയും എല്ലാം.. എല്ലാം. കരുണം, അവ്യക്തം, കാല്പനീകം, സുതാര്യം, അനുഭവം, മരണം പോസ്റ്റുകളുടെ ലേബലില്‍ പോലുമുണ്ടാ തീക്ഷ്ണത.. പലതും നേരിട്ട് ചോദിച്ചറിഞ്ഞ ഞാന്‍, ഇത്ര ചെറുപ്രായത്തിലേ ഒത്തിരി ജീവിതാനുഭവങ്ങള്‍ ഉള്ള ഒരു കുട്ടിയെ കണ്ട് വല്ലാതെ പകച്ചുപോയി. ഒരു പക്ഷെ ജീവിതാനുഭവങ്ങളാവാം അഞ്ജു നായര്‍ എന്ന "അപ്പൂപ്പന്റെ കഥകളി പദങ്ങളും കവിതയും പഴം കഥകളും കേട്ട് വളര്‍ന്ന ബാലികക്ക്.. കറുത്ത കുപ്പിവളകളിഷ്ടപ്പെടുന്ന, വെള്ളിക്കൊലുസിന്റെ കിലുക്കം നടപ്പില്‍ സൂക്ഷിക്കുന്ന പെണ്‍കുട്ടിക്ക്.. ഭഗവാന്‍ കൃഷ്ണന്റെ ആരാധികക്ക് .. പ്രകടിപ്പിക്കാത്ത സ്നേഹം ഒരു പാട് മനസ്സില്‍ സൂക്ഷിച്ച ഒരമ്മയുടെ ഏകമകള്‍ക്ക് .. ഗുരുക്കന്മാരുടെ സ്നേഹം മനസ്സില്‍ കെടാവിളക്ക് പോലെ സൂക്ഷിക്കുന്ന ശിക്ഷ്യക്ക്.." ഇത്ര മനോഹമയായി എഴുതാന്‍ കഴിയുന്നത്. രണ്ടു പുഴകള്‍ക്കിടയില്‍ തേജസ്വിനി എന്ന കെട്ടിടത്തിലെ വൈഗ എന്ന ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ സബ് എഡിറ്ററുടെ ജോലിയും ചാമ്പലും കനലും ഋതുവുമായി ശാന്തം , സുന്ദരം, ജീവിതം എന്ന് പറയുമ്പോളും തീക്ഷ്ണമായ വാക്കുകള്‍ നമ്മോട് പറയുന്നു ഇവള്‍ നാളെയുടെ കഥാകാരി..

അല്പം നീണ്ടു എന്നറിയാം . പക്ഷെ വായനാ ദിനത്തില്‍ ഇത്രയും ചെയ്തപ്പോള്‍ ചെറിയൊരു ചാരിതാര്‍ത്ഥ്യം. തങ്ങളുടെ സ്വന്തമായ കഴിവുകള്‍കൊണ്ട് അനുഗ്രഹീതരായ ഇവരിലേക്കെത്താന്‍ ഞാന്‍ ഒരു നിമിത്തമായെങ്കില്‍ അത് ഒരു പക്ഷെ എന്റെ നിയോഗം. തിരക്കിട്ട നമ്മുടെ ജീവിത പാച്ചിലിനിടയില്‍ ഒരു നിമിഷം നമുക്ക് പഴമയിലേക്ക് പോകാന്‍, മലയാളത്തിന്റെ അക്ഷര സുഗന്ധം നുകരാന്‍, അത് കൈമോശം വന്നിട്ടില്ല എന്ന് സ്വയം ഊറ്റം കൊള്ളാന്‍ സ്വര്‍ഗ്ഗവും ചാമ്പലും നിങ്ങളെ സഹായിക്കുമെന്ന പ്രത്യാശയോടെ..

13 comments:

poor-me/പാവം-ഞാന്‍ said... മറുപടി

മറ്റു ബ്ലോഗുകള്‍ പരിചയപ്പെടുത്തുന്നത് നല്ല കാര്യം. തിരക്കിനൈടയില്‍ ശ്രദ്ധയില്‍ പെടാതെ നല്ല ബ്ലോഗികള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഇത് നല്ലതാണ്..
But word verification painful..

അലി said... മറുപടി

നല്ല ശ്രമം...
ആശംസകൾ!

ഹംസ said... മറുപടി

നന്നായി മനോ... ഈ ശ്രമം

ശ്രീ said... മറുപടി

ഈ പരിചയപ്പെടുത്തലുകള്‍ വളരെ നന്നായി മാഷേ.

Naushu said... മറുപടി

നല്ല ശ്രമം...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said... മറുപടി

സഞ്ചാരം തുടര്‍ന്നോളൂ ഞങ്ങള്‍ പിന്നാലെയുണ്ട്..

Anonymous said... മറുപടി

ഇത് നന്നായി ..മുന്നെ വായിച്ചു കമന്റിയത് കൊണ്ട് വീണ്ടും അത് ആവര്‍ത്തിക്കുന്നില്ല....തുടരുക

Manju Manoj said... മറുപടി

നല്ല ഉദ്യമം.അറിയാതെ പോവുന്ന പല നല്ല എഴുത്തുകാരെയും ഇതിലുടെ അറിയാന്‍ കഴിഞ്ഞാല്‍ അത് വളരെ സന്തോഷകരം.ബെസ്റ്റ്‌ ഓഫ് ലക്ക്.

Muralee Mukundan , ബിലാത്തിപട്ടണം said... മറുപടി

ഇതുപോളെ എഴുതാൻ കഴിവുള്ള പുത്തൻ പ്രതിഭകളെ കണ്ടെത്തുന്നതിനും,പരിചപ്പെടുത്തുന്നതിനും മനോരജിന് എല്ലാവിധ അഭിനന്ദനങ്ങളും ..കേട്ടൊ

കൂതറHashimܓ said... മറുപടി

ആഹ കൊള്ളാം

Echmukutty said... മറുപടി

വ്യത്യസ്തമായ ഈ നിലപാടിനു നന്ദി.
പരിചയപ്പെടുത്തലുകൾക്ക് പ്രത്യേകം അഭിനന്ദനം.

lekshmi. lachu said... മറുപടി

നല്ല ശ്രമം...ആശംസകൾ

അനശ്വര said... മറുപടി

താങ്കളുടെ അക്ഷരങ്ങളിലൂടെ സഞ്ചരിച്ച്,ഒടുവിൽ ഇവിടം വരെ എത്തി നില്ക്കുന്നൂ...നന്ദിയാണോ,ആശംസയാണോ ..എന്താണ്‌ പറയേണ്ടത് എന്നറിയുന്നില്ല..

anyway..very nice..!!!