Sunday, July 25, 2010

അപ്പുവിന്റെ അത്ഭുതലോകവും മിനികഥകളും

ബൂലോകസഞ്ചാരത്തിന്റെ ഒന്നും

രണ്ടും
ഭാഗങ്ങൾക്ക് ലഭിച്ച പ്രോത്സാഹനമാണ്‌ ഈ പംക്തി തുടർന്ന് കൊണ്ട് പോകാൻ എന്നെ പ്രേരിപ്പിക്കുന്നത്. നിങ്ങൾ തരുന്ന പ്രോത്സാഹനം, കൂടുതൽ ഉത്തരവാദിത്വത്തോടെ ഈ പംക്തി കൈകാര്യം ചെയ്യാനും അതിനുവേണ്ടി കൂടുതൽ ബ്ലോഗുകളിലൂടെ സഞ്ചരിക്കാനും അതിലൂടെ എന്റെ വായനാലോകം വലുതാക്കാനും സഹായിച്ചു എന്നത് ഒരു വലിയ കാര്യമായി തന്നെ ഞാൻ കാണുന്നു. നന്ദി.

ഈ അടുത്ത് മാതൃഭൂമി ഓൺലൈൻ എഡിഷനിൽ ബ്ലോഗിനെ കുറിച്ച് രണ്ട് ലേഖനങ്ങൾ വായിക്കാനിടയായി. ഒന്ന്

ബ്ലോഗ് എഴുതുന്നവരുടെ മനസ്സ് മനസ്സിലാക്കാനുള്ള ഒരു സോഫ്റ്റ് വെയർ കണ്ടുപിടിക്കപ്പെട്ടു എന്നതാണ്‌. രണ്ടാമത്തേത്
ബ്ലോഗ് എഴുതുന്നവരുടെ പ്രായവും ബ്ലോഗേർസിലെ സ്ത്രീ-പുരുഷ ആനുപാതത്തെക്കുറിച്ചുള്ള കണക്കുകളും മറ്റുമാണ്‌. ആദ്യത്തെ ലേഖനത്തെക്കുറിച്ച് ബൂലോകസഞ്ചാരത്തിൽ പ്രതിപാദിക്കുന്നതിൽ തീരെ ഔചിത്യമില്ല. മറിച്ച് രണ്ടാമത്തെ ലേഖനത്തെ കുറിച്ച് ചിലത് പറയട്ടെ. പ്രസ്തുത ലേഖനത്തിൽ ലോകത്തിൽ ഏറ്റവുമധികം ബ്ലോഗിങ്ങ് നടക്കുന്നത് അമേരിക്കയിലാണെന്നും (29.2%), 2.14% എന്ന കണക്കിൽ ലോകത്തിൽ ബ്ലോഗിങ്ങിൽ പന്ത്രണ്ടാം സ്ഥാനക്കാരാണ്‌ ഇന്ത്യ എന്നും പറയുന്നു. അതേ പോലെ തന്നെ ബ്ലോഗിലെ സ്ത്രീ-പുരുഷാനുപാതം 50.9-49.1 എന്നതാണെന്നും പ്രസ്തുത ലേഖനത്തിൽ പഠനങ്ങളുടെ സഹായത്തോടെ രേഖപ്പെടുത്തിയിരിക്കുന്നു. ഇവിടെ ഞാൻ പറയാനുദ്ദേശിച്ചത്, ഈ ലേഖനത്തിൽ ഒരിടത്തും നാളത്തെ പൌരന്മാരായ ഇന്നത്തെ കുട്ടികളുടെ ബ്ലോഗിങ്ങിനെ കുറിച്ച് പറഞ്ഞു കണ്ടില്ല എന്നതാണ്‌. ഒരു പക്ഷെ, ലോകത്താകമാനമുള്ള മൊത്തം ബ്ലോഗിന്റെ കണക്കെടുപ്പ് നടത്തിയാൽ ആനുപാതികമായി വളരെ കുറവാണ് അവരുടെ എണ്ണം എന്നതാകാം അതിനു കാരണം.

പക്ഷെ, ഇവിടെ നമ്മുടെ ഈ കൊച്ച് ബൂലോകം വ്യത്യസ്ഥമാകുന്നു. ബ്ലോഗർമാരെയും ബ്ലോഗിണികളെയും പോലെതന്നെ ബ്ലോഗുണ്ണികളും നമ്മുടെ ഈ കൊച്ചുലകത്തിൽ ഒട്ടേറെയുണ്ട്. ഒരു പക്ഷെ രാഷ്ട്രീയക്കാരന്റെ മക്കൾ രാഷ്ട്രീയക്കാരനും ഡോക്ടറുടെ മക്കൾ ഡോക്ടറും ആവണം എന്ന മലയാളിയുടെ ചിന്തയാവാം ഈ ബ്ലോഗുണ്ണികളുടെ മലയാളത്തിലെ വളർച്ചക്ക് കാരണം. പക്ഷെ, ഒന്ന് പറയാതെ വയ്യ, ഒരു പ്ലാറ്റ്ഫോം ഒരുക്കിക്കൊടുക്കാനേ മാതാപിതാക്കൾക്ക് കഴിയു എന്നിരിക്കിലും ഇത്തരം ബ്ലോഗുണ്ണികൾ അവരുടെ കഴിവു കൊണ്ട് തന്നെ ഇവിടെ സ്ഥാനം ഉറപ്പിക്കുന്നു എന്ന് നിസ്സംശയം പറയാം. അത്തരത്തിൽ ജന്മനാ ലഭിച്ചിരിക്കുന്ന മൾട്ടി ടാലന്റ് ബ്ലോഗിലൂടെ നമുക്ക് മുൻപിൽ തുറക്കുന്ന ഇത്തരം കുട്ടികൾ തിർച്ചയായും പ്രശംസയും മുൻഗണനയും അർഹിക്കുന്നു . അതുകൊണ്ട് തന്നെ അത്തരം ഒരു ബ്ലോഗിലൂടെ ആവാം ഇത്തവണ നമ്മുടെ ആദ്യ സഞ്ചാരം.

രാധിക

, പൊന്നൂട്ടൻ
, തസ്ലീം
, മുതലായവർ തുറന്നിട്ട വഴികളിലേക്ക് ഇവരെപോലെ തന്നെ സർഗ്ഗശേഷികൊണ്ട് കടന്ന് വന്ന ഒരു ആറാം ക്ലാസുകാരന്റെ അത്ഭുതലോകത്തിലൂടെ നമുക്ക് ഒന്ന് സഞ്ചരിക്കാം. അപ്പുവിന്റെ അത്ഭുതലോകം
എന്ന പേര്‌ കേട്ടപ്പോൾ പെട്ടന്ന് വിഖ്യാതമായ ആലീസ് ഇൻ വണ്ടർലാന്റ് ഓർത്തുപോയി. തികച്ചും ശരിവക്കുന്നതായിരുന്നു ബ്ലോഗും. ഒരു പ്രത്യേക ചട്ടക്കൂടിൽ ഒതുങ്ങാതെ, അവന്റെ "കൊച്ചുമനസ്സിൽ തോന്നുന്ന സാങ്കല്പീകമായ ചിന്തകൾ കോറിയിടാൻ ഒരിടം" എന്നാണ്‌ അശ്വിൻ
എന്ന അപ്പു ബ്ലോഗ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അവന്റെ തന്നെ ഭാഷ്യം.

ചുവരുകളിൽ കരികൊണ്ട് വരച്ചു തെളിഞ്ഞ പഴയ രവിവർമ്മ കാലഘട്ടമല്ല ഇതെന്നും, രാത്രിയിൽ ഉറക്കമുണർന്ന് ചായപെൻസിലുകളും ചായക്കൂട്ടുകളുമായി കിന്നാരം പറഞ്ഞ് ഏഴാം വയസ്സിൽ അഗാധമായ നിദ്രയെ പുല്കിയ ക്ലിന്റിന്റെയും കാലമല്ല ഇതെന്നും തീർച്ചയുണ്ട് അശ്വിന്‌. കൊച്ചുമനസ്സിലെ ഭാവനയിൽ വിരിഞ്ഞ മനോഹരമായ ചിത്രങ്ങൾ ഇന്റര്‍നെറ്റിന്റെ അനന്തസാദ്ധ്യതകളിലേക്ക് തുറന്നിട്ടിരിക്കുന്നു അശ്വിൻ. ഒരു നല്ല ചിത്രകാരന്‌ വേണ്ട എല്ലാ ക്രാഫ്റ്റും ആ ചിത്രങ്ങളിൽ നമുക്ക് കാണാം. ഒരു പക്ഷെ, രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുമുള്ള നല്ല സപ്പോർട്ട് ഉണ്ടാകാം. ഇവിടെ രക്ഷിതാക്കളുടെ സപ്പോർട്ട് എന്ന പ്രയോഗം ഒരിക്കലും നെഗറ്റീവ് അർഥത്തിലല്ല എന്ന് പറയട്ടെ. കാരണം ചിത്രമെഴുത്ത്, പോഡ്കാസ്റ്റിങ്ങ്, വ്ളോഗിങ്ങ് അങ്ങിനെ ബ്ലോഗിലെ മിക്ക മേഖലകളിലൂടെയും സഞ്ചരിച്ച് ശരിക്കും അവിടെയെത്തുന്നവരെ ഒരു അത്ഭുതലോകത്തേക്ക് നയിക്കാൻ കഴിയുന്നുണ്ട് അശ്വിന്‌. വൈലോപ്പിള്ളിയുടെ പ്രശസ്തമായ മാമ്പഴം അശ്വിൻ ചൊല്ലിയിരിക്കുന്നത് കേട്ട് ഒരു നിമിഷം പഴയ സ്കൂൾ കാലത്തേക്ക് സഞ്ചരിച്ചു. ഇന്നത്തെ കുട്ടികളാണ്‌ നാളത്തെ പൌരന്മാരെന്ന ജവഹർലാൽ നെഹ്രുവിന്റെ വാക്കുകൾ കടമെടുത്ത് കൊണ്ട് പറയട്ടെ തീർച്ചയായും പരിഗണന അർഹിക്കുന്നു ഈ കുട്ടിബ്ലോഗർ.

കുട്ടികളെ കുറിച്ച് പറയുമ്പോൾ അതോടൊപ്പം നമ്മുടെ മനസ്സിലേക്ക് പെട്ടന്ന് കടന്ന് വരുന്നത് അദ്ധ്യാപകരാണ്‌. ഏതൊരു കുട്ടിയുടെയും വിജയത്തിനും പിന്നിൽ മാതാപിതാക്കളോളം അല്ലെങ്കിൽ അവരേക്കാൾ ഏറെ സ്വാധീനം ചെലുത്താൻ കഴിയുന്നു ഗുരുനാഥന്മാർക്ക്. ഇന്ന് മലയാള ബ്ലോഗുകളിൽ ഒട്ടേറെ അദ്ധ്യാപകർ നിറഞ്ഞ സാന്നിദ്ധ്യമാണ്‌ എന്നതിൽ തർക്കമില്ല തന്നെ. എന്തിനേറെ പറയണം, ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന മലയാള ബ്ലോഗ് തന്നെ കേരളത്തിലെ ഗണിതശാസ്ത്ര അദ്ധ്യാപകരുടെ കൂട്ടായ്മയായ മാത്സ് ബ്ലോഗ്

ആണെന്നത് തർക്കമില്ലാത്ത വസ്തുതയാണ്‌. പക്ഷെ, അതൊക്കെ ഈ കാലഘട്ടത്തിലെ, ഒന്ന് കൂടി തെളിച്ച് പറഞ്ഞാൽ ഈ കമ്പ്യൂട്ടർ യുഗത്തിലെ ഒരു പറ്റം അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ പരിപാലിക്കപ്പെടുന്നതാണ്‌. പക്ഷെ, ഇവിടെ നമുക്ക് പഴഞ്ചൻ വിദ്യാഭ്യാസ രീതികൾ പിൻതുടർന്നിരുന്ന കാലഘട്ടത്തിൽ, അല്ലെങ്കിൽ കമ്പ്യൂട്ടർ യുഗമൊന്നും സ്വപ്നം കാണാതിരുന്ന ഒരു കാലഘട്ടത്തിൽ അദ്ധ്യാപികയായിരുന്ന, ഇന്ന് വിരസമാകുമായിരുന്ന വിശ്രമജീവിതം സ്വപ്രയത്നത്താൽ ആധുനീകവല്‍ക്കരിച്ച, റിട്ടേയേർഡ് ജീവിതത്തിൽ ബ്ലോഗിൽ സജീവമായ പഴയ ഒരു ജീവശാസ്ത്ര അദ്ധ്യാപികയുടെ ബ്ലോഗിലൂടെ ഒരു ചെറിയ സഞ്ചാരം നടത്താം.

പൊതുവെ ഭാഷാദ്ധ്യാപകരല്ലാത്തവരെ കുറിച്ചുള്ള ഒരു ആക്ഷേപമാണ്‌ കഠിനഹൃദയരെന്നത്. തമാശകൾ ആസ്വദിക്കാത്ത, കാല്പനീകത ഇഷ്ടപ്പെടാത്ത ശാസ്ത്രകൌതുകങ്ങളിലും ചരിത്രഗവേഷണങ്ങളിലും മാത്രം മനസ്സ് ഉറപ്പിക്കുന്നവരാണ്‌ ഇത്തരക്കാരെന്ന് പൊതുഭാഷ്യം. അതിൽ പ്രത്യേകസ്ഥാനം തന്നെയാണ്‌ ജിവശാസ്ത്ര അദ്ധ്യാപകർക്ക് ഉള്ളത് എന്ന് പറയാതെ വയ്യ. ഇവിടെ അത്തരം ചട്ടക്കൂടുകളെ പൊളിച്ചെഴുതുകയാണ്‌, മിനി

എന്ന പേരിൽ ബ്ലോഗ് എഴുതുന്ന കണ്ണൂർ സ്വദേശി റിട്ടയേർഡ് ഹൈസ്കൂൾ വിഭാഗം ജീവശാസ്ത്ര അദ്ധ്യാപികയായ സൌമിനി സ്വന്തം ബ്ലോഗുകളിലൂടെ. മിനി കഥകൾ, മിനി നർമ്മം, മിനി ചിത്രശാല, മിനി ലോകം അങ്ങിനെ എഴുത്തുപുരകൾ ഒട്ടേറെയുണ്ട് ടീച്ചർക്ക്. എല്ലാം മികച്ചവ എന്ന് പറഞ്ഞാൽ അത് അതിശയോക്തിയാവും. എല്ലാ പോസ്റ്റുകളും ഒരേ നിലവാരം പുലർത്തുന്നതല്ലെങ്കിലും മിനി നർമ്മ
മെന്ന ബ്ലോഗ് ഒരു ജീവശാസ്ത്ര അദ്ധ്യാപികക്ക് നാം മനസ്സിൽ കൊടുക്കുന്ന ഇമേജിനെ മാറ്റിമറിക്കാന്‍ ഉതകുന്നതാണെന്ന് നിസ്സംശയം പറയാം. "ജീവിതത്തിൽ ഞാൻ നടന്നുപോയ പാതകളിലും പാതയോരത്തും വച്ച് പരിചയപ്പെട്ട കഥാപാത്രങ്ങളെ പഞ്ചസാര ചേർത്ത നർമ്മത്തിൽ മുക്കിയെടുത്ത് അതോടൊപ്പം ആവശ്യത്തിന് കയ്പ്പും എരിവും പുളിയും ചേർത്ത് ഉപ്പിട്ട് ഇളക്കി വറുത്ത് പാകമായപ്പോൾ കോരിയെടുത്ത് വിളമ്പുകയാണെന്നും , അവനവന്റെ ആവശ്യമനുസരിച്ച് എടുത്ത് കഴിക്കാം എന്നും ,ഇത് കഴിച്ച് പ്രഷറോ ഷുഗറോ കൊളസ്റ്റ്രോളോ ദഹനക്കേടോ ഉണ്ടായാൽ പാകം ചെയ്ത ഞാൻ ഉത്തരവാദി അല്ലെന്നും" നർമ്മം ചേർത്ത് ജാമ്യം എടുത്തിരിക്കുന്നു മിനി ടീച്ചർ.

പക്ഷെ, എനിക്കേറെ ഇഷ്ടപ്പെട്ടത്, ടിച്ചറുടെ മിനി കഥകളിലെ ജീവസ്സുറ്റ കഥകളാണ്. ആശയങ്ങളുടെ തിവ്രതകൊണ്ട് ചിന്തായോഗ്യമായ ഒട്ടേറെ കഥകൾ ഉള്ള മിനികഥകൾ വായന അർഹിക്കുന്നവ തന്നെ. ഞാൻ ബ്ലോഗിൽ സജീവമായ കാലഘട്ടം മുതൽ ഇന്ന് വരെ ശ്രദ്ധയോടെ വീക്ഷിക്കുന്ന ഒരു ബ്ലോഗ് ആണ്‌ മിനിക്കഥകൾ

. എന്തുകൊണ്ട് എനിക്ക് മുൻപേ സജീവമായ ഒരു ബ്ലോഗറെ ഇവിടെ പരിചയപ്പെടുത്തുന്നു എന്ന ന്യായമായ ഒരു ചോദ്യം ഇവിടെ അവശേഷിക്കുന്നു. അതുകൊണ്ട് തന്നെ അല്പം മടിയോടെയാണ്‌ ഇത് കുറിക്കാനിരുന്നത്. അർഹിക്കുന്ന പരിഗണന കിട്ടാത്തത് കൊണ്ട് നല്ല ബ്ലോഗുകൾ അസ്തമിക്കരുതെന്ന ഒരു ചിന്ത മനസ്സിൽ വന്നപ്പോൾ ഇതിലൂടെയും ഒന്ന് സഞ്ചരിക്കാം എന്ന് തോന്നിയെന്ന് മാത്രം പറയട്ടെ. മിനിക്കഥകൾ എന്ന് കണ്ടപ്പോൾ ആദ്യം കരുതിയത് പി.കെ.പാറക്കടവിനെയും, കിളിരൂർ രാധാകൃഷ്ണനെയും ഒക്കെ പോലെ കൊച്ചുകഥകൾ എഴുതുന്ന ഒരിടം ആവുമെന്നാണ്‌. കഥകളുടെ വലുപ്പത്തേക്കാൾ ആശയങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ഒരിടം എന്ന് തിരുത്തേണ്ടി വന്നു ആ ബ്ലോഗിലൂടെ സഞ്ചരിച്ച് കഴിഞ്ഞപ്പോൾ. ഒരു റോബോട്ടിന്റെ പിറന്നാൾ, ചിരിപ്പിച്ച് പീഡനം നടത്തുന്ന കട്ടുറുമ്പ്, അമ്മമനസ്സ്, തുടങ്ങിയ ചില കഥകളിലൂടെ ഒന്ന് സഞ്ചരിച്ചാൽ വീണ്ടും നമ്മൾ മിനികഥകളിലൂടെ യാത്രചെയ്യും എന്ന കാര്യത്തിൽ തർക്കമില്ല.

ഒരു കാര്യം നിസ്സംശയം പറയാം. അപ്പുവിന്റെ അത്ഭുതലോകത്തിലൂടെയും മിനികഥകളിലൂടെയും ഒന്ന് സഞ്ചരിച്ചാൽ വീണ്ടും അവിടെ ഒരിക്കൽ കൂടി എത്തിനോക്കാനുള്ള ഒരു പ്രേരണ ഈ ബ്ലോഗുകൾ പ്രദാനം ചെയ്യുന്നുണ്ടെന്നത് വലിയ ഒരു കാര്യം തന്നെയാണ്‌. വായന അർഹിക്കുന്ന ഇത്തരം ബ്ലോഗുകളെ പ്രായഭേദമന്യേ, ലിംഗഭേദമന്യേ നമുക്ക് നെഞ്ചേറ്റാം.


5 comments:

ഹംസ said... മറുപടി

നന്നായി മനൂ..
വീണ്ടും നല്ല പരിചയപ്പെടുത്തലുകള്‍..
തുടര്‍ന്നുകൊണ്ടെയിരിക്കൂ.. ആശംസകള്‍

skcmalayalam admin said... മറുപടി

പുതിയബ്ലോഗും വിജയിക്കട്ടേ,...

ഉഷശ്രീ (കിലുക്കാംപെട്ടി) said... മറുപടി

വളരെ വളരെ നല്ല കാര്യം.ഈ സഞ്ചാരം ബൂലോകത്തില്‍ എല്ലായിടത്തും എത്തി ബൂലോകത്തില്‍ എല്ലാവര്‍ക്കും പരസ്പരം അറിയാന്‍ വഴിയൊരുക്കും എന്നു വിശ്വസിക്കുന്നു.അതിനായി എല്ലാ ആശംസകളും.

സുസ്മേഷ് ചന്ത്രോത്ത് said... മറുപടി

പ്രിയ മനോരാജ്‌,
താങ്കളുടെ ബ്ലോഗ്‌ ശരിക്കും വിസ്‌മയത്തോടെയാണ്‌ വായിച്ചത്‌.നമ്മുടെ എം.കൃഷ്‌ണന്‍ നായര്‍ സാറിനെ ഓര്‍ത്തുപോയി.സാഹിത്യവാരഫലം പോലെ ബുലോകപര്യടനം എന്ന ആശയം നല്ലത്‌.സൗമിനി ടീച്ചറുടെ കഥകള്‍ എന്തായാലും വായിക്കണം.വായിക്കും.
താങ്കള്‍ നല്ല വായനക്കാരനാണെന്ന്‌ അറിഞ്ഞതില്‍ സന്തോഷം.മിനിക്കഥകള്‍,പി.കെ. പാറക്കടവും കിളിരൂര്‍ രാധാകൃഷ്‌ണനും മാത്രമല്ല,വി.കെ.എന്നും,ഒ.വി.വിജയനും,ഗ്രേസിയുമൊക്കെ നന്നായി എഴുതിയിട്ടുണ്ട്‌.ഇപ്പോള്‍ ബി.മുരളിയും എഴുതിക്കാണാറുണ്ട്‌.അല്ലേ..?
നമുക്ക്‌ നല്ല വായനകളെ പങ്കിടാം.
സ്‌നേഹത്തോടെ,

Manoraj said... മറുപടി

@സുസ്മേഷ് ചന്ത്രോത്ത് : പ്രിയ സുസ്മേഷ്.. സത്യത്തില്‍ താങ്കളെ എന്റെ ബ്ലോഗില്‍ കണ്ട് ഞാന്‍ സന്തോഷിക്കുകയാണ്. കാരണം സുസ്മേഷ് ഉള്‍പ്പെടെയുള്ള എഴുത്തുകാരെ വിസ്മയത്തോടെ നോക്കി കണ്ടിട്ടുള്ള ഒരു സാധാരണ വായനക്കാരന്‍ മാത്രമാണ് ഞാന്‍. താങ്കള്‍ പറഞ്ഞ പോലെ വി.കെ.എനും ഒ.വി.വിജയനുമെല്ലാം എഴുതിയിട്ടുണ്ടെങ്കിലും മിനി കഥകളുടെ ആളുകളായി അറിയപ്പെടുന്നവര്‍ പാറക്കടവും, കിളിരൂരും ഒക്കെ തന്നെയെന്ന് തോന്നുന്നു. നന്ദി ഈ വായനക്ക്. സമയം പോലെ എന്റെ സ്വന്തം എഴുത്തുകളുള്ള എന്റെ ബ്ലോഗ് തേജസും സന്ദര്‍ശിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. താങ്കളെപോലുള്ളവരുടെ അഭിപ്രായങ്ങള്‍ എനിക്ക് ഒട്ടേറെ ഉപകാരപ്രദമായിരിക്കും. നന്ദി.