Friday, August 27, 2010

റോസാപ്പൂക്കളും ചിത്രനിരീക്ഷണവും

അങ്ങിനെ ഓണം കഴിഞ്ഞു. പണ്ടത്തെ പോലെ അത്ര മനോഹരമല്ല മലയാളിക്ക് ഇന്ന് ഓണം . നമുക്ക് ഇന്ന് എല്ലാറ്റിനോടും പുച്ഛവും പരിഹാസവും അവഞ്ജയും ആയികഴിഞ്ഞു. അല്ലെങ്കില്‍ സമയകുറവ് എന്ന ലേബലില്‍ തളച്ച് നമ്മള്‍ സ്വയം ഉള്‍‌വലിയാന്‍ തുടങ്ങുന്നു. ഇതേ അവസ്ഥ തന്നെയാണ്‌ ഇന്ന് ബ്ലോഗിലും പഴയ ആളുകള്‍ പലരും പല കാരണങ്ങളാല്‍ പിന്‍‌വാങ്ങി തുടങ്ങി. ഇന്‍സ്റ്റന്റായി മാര്‍ക്കറ്റില്‍ കിട്ടുന്ന ഓണം പോലെ തന്നെ ഗൂഗിള്‍ ബസ്സിന്റെ കടന്ന് കയറ്റം ഒരു പരിധിവരെ നമ്മുടെ ബ്ലോഗിങ്ങിനെ ബാധിച്ചിട്ടുണ്ട്. പഴയ കാലത്തെ നല്ല ബ്ലോഗര്‍മാര്‍ കൂട്ടത്തോടെ ഗൂഗിളിന്റെ പുതിയ സേവനമായ ബസ്സിന്റെ ഡ്രൈവര്‍ സീറ്റിലേക്ക് ചാടികയറിയപ്പോള്‍ നഷ്ടമായത് ബ്ലോഗിലെ നല്ല കുറെ മുഹൂര്‍ത്തങ്ങളാണ്‌. മുന്‍പൊരിക്കല്‍ ഒരു ബസ്സില്‍ ഇത്തരം ഒരു ചര്‍ച്ച നടന്നിരുന്നു. എന്തായാലും ശുഭാപ്തി വിശ്വാസത്തോടെ , എല്ലാവരും വീണ്ടും ബ്ലോഗില്‍ സജിവമാകും എന്ന് വിശ്വസിച്ച് കൊണ്ട് തന്നെ ബൂലോകസഞ്ചാരത്തിന്റെ ഓണപ്പതിപ്പ് ഇവിടെ കുറിക്കട്ടെ...

ഓണം എന്നും മലയാളിക്ക് പൂക്കളുടെ ഉത്സവമാണ്‌. പല നിറത്തിലും തരത്തിലും ഗന്ധത്തിലുമുള്ള പൂക്കളുടെ ഉത്സവം. തുമ്പ, മുക്കൂറ്റി, വാടാമല്ലി.. എത്രയെത്ര പൂക്കളാണ്‌ ആ നാളുകളില്‍ നമ്മുടെ മുറ്റങ്ങളെ അലങ്കരിക്കുന്നത്. അങ്ങിനെയുള്ള ഈ ഓണക്കാലത്ത് , പൂക്കളൂടെ ഈ വസന്തകാലത്ത് ഒരു പൂവിനെ പറ്റി പറഞ്ഞ് തന്നെ നമുക്കീ സഞ്ചാരം തുടങ്ങാം. മലയാളി എന്നും ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ഒന്നാണ്‌ റോസാപ്പൂവ്. പനിനീര്‍ പുഷ്പത്തിന്റെ സുഗന്ധം ഇഷ്ടപ്പെടാത്തവരില്ല തന്നെ. അതേ പോലെ ഒരു റോസാപുഷ്പത്തിന്റെ സുഗന്ധം ആണ്‌ റോസാപ്പൂക്കളുടെ കഥകളില്‍ ഉള്ളത്. മലയാളിത്തം ഉള്ള കഥകള്‍ എഴുതുന്ന ഒട്ടേറെ കഥാകൃത്തുക്കള്‍ക്കിടയില്‍ ഉത്തരേന്ത്യന്‍ പശ്ചാത്തലങ്ങളില്‍ തികച്ചും വ്യത്യസ്തമായി കഥ പറയുന്ന റോസാപ്പൂക്കള്‍ മലയാള ബ്ലോഗില്‍ കഥകള്‍ക്ക് നൂതനമായ ഭാവതീവ്രത പകര്‍ന്നു തരുന്നുണ്ട്. കഥകളുടെ ക്രാഫ്റ്റിലും എഴുതുവാന്‍ സ്വീകരിക്കുന്ന പ്രമേയങ്ങളിലും എല്ലാം ഒരു നല്ല എഴുത്തുകാരിയെ - ജമ്മു- കാശ്മീരില്‍ താമസിക്കുന്ന, റോസിലി ജോയ് എന്ന , വായന ഇഷ്ടപ്പെടുന്ന, എഴുത്തിന്റെ ലോകത്ത് പുതുമുഖം എന്ന് സ്വയം പറയുന്ന - നമുക്ക് ദര്‍ശിക്കാം.

താജ്‌മഹല്‍ എന്ന കഥ വായിച്ചപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് ഷാജഹാന്റെയും മുംതാസ് മഹലിന്റെയും പ്രണയത്തിനപ്പുറം ആ മഹാ വിസ്മയം പടുത്തുയര്‍ത്തിയവരുടെ കഷ്ടപ്പാടുകളും ദുരിതങ്ങളുമാണ്‌. സ്വന്തം പ്രിയതമനെ ഒരു നോക്ക് കാണുവാന്‍ വേണ്ടി പണിനടന്നുകൊണ്ടിരിക്കുന്ന താജ്‌മഹലിന്റെ ഓരത്ത് കാലങ്ങളോളം ഇരുന്ന ഹസീനയെന്ന നായിക, അവളുടെ ഹൃദയേശ്വരനായ , ചക്രവര്‍ത്തിയുടെ അനിഷ്ടത്തിന്‌ പാത്രമായ സുള്‍ഫിക്കര്‍ എന്ന നായകന്‍ , ഇവരൊക്കെ ഒരു തിരശ്ശീലയില്‍ എന്ന പോലെ നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. തീരെ മുഷിപ്പിക്കാതെ, വളരെ ഒതുക്കി എന്നാല്‍ ഒരു കഥയുടെ ചട്ടക്കൂടില്‍ വരേണ്ട എല്ലാം ചേര്‍ത്ത് റോസിലി അത് ഭംഗിയാക്കിയിരിക്കുന്നു.

റോസാപ്പൂക്കളിലൂടെ ഒന്ന് സഞ്ചരിച്ചാല്‍, ഒരു ഓണക്കാലത്ത് അത്തം മുതല്‍ തിരുവോണം വരെ നാം അണിയിച്ചൊരുക്കുന്ന വ്യത്യസ്തങ്ങളായ പൂക്കളങ്ങള്‍ ദര്‍ശിച്ച ഒരു പ്രതീതി കിട്ടും എന്ന് ഉറപ്പുണ്ട്. നിവേദിതയുടെ സ്വപ്നങ്ങള്‍, മെഹക്ക്, നിയോഗം, ഊര്‍മ്മിള എല്ലാം എല്ലാം മനോഹരമായി തന്നെ റോസാപ്പൂക്കളില്‍ പറഞ്ഞിരിക്കുന്നു. വളരെയധികം രചനകള്‍ ഒന്നും ഇല്ലെങ്കിലും ഉള്ളവ മിക്കതും കാമ്പുള്ളവ തന്നെ. അതുകൊണ്ട് തന്നെ റോസാപ്പൂക്കളുടെ വായന നമുക്ക് ഒരു സുഗന്ധം തന്നെ പ്രദാനം ചെയ്യുന്നുണ്ട്. എഴുതിയവയിലെ ആ ഒരു മനോഹാരിത കൊണ്ട് വായനയും തുടര്‍‌വ്വായനയും അര്‍ഹിക്കുന്നു റോസാപ്പൂക്കള്‍ എന്ന ബ്ലോഗ് എന്നാണ്‌ എനിക്ക് തോന്നുന്നത്.

പഴയ തലമുറ ഓണത്തെ അറിഞ്ഞിരുന്ന പൂക്കളിലൂടെ ആയിരുന്നെങ്കില്‍ ഇന്ന് ഓണക്കാലം പുത്തന്‍ തലമുറക്ക് ചാനലുകളിലെയും തീയറ്ററുകളിലെ വലിയ സ്ക്രീനുകളുടെയും മായിക വലയമാണ്‌. അതുകൊണ്ട് തന്നെ ഈ ബൂലോകസഞ്ചാരത്തില്‍ അടുത്തതായി ചലചിത്രങ്ങളെ പ്രതിപാദിക്കുന്ന ഒരു കൊച്ച് ബ്ലോഗിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം.

വര്‍ഷങ്ങളായി ബ്ലോഗില്‍ ഉള്ള ഒരാളെ പരിചയപ്പെടുത്തുന്നതില്‍ അംഭംഗിയുണ്ടോ എന്നൊരു ചോദ്യം ഇവിടെ ഉദിക്കാം. ദയവ് ചെയ്ത് ക്ഷമിക്കുക. ഒരു പക്ഷെ അറിയാത്തവര്‍ ഇനിയുമുണ്ടെങ്കില്‍ അറിയേണ്ട ഒരു ബ്ലോഗായി തോന്നിയതിനാലാണ്‌ ഈ ഒരു ശ്രമം എന്ന് മാത്രം കരുതുക. ഇക്കഴിഞ്ഞ ഇടപ്പള്ളി ബ്ലോഗ് മീറ്റില്‍ പരസ്പരം കണ്ടു എങ്കിലും എന്ത് കൊണ്ടോ നേരത്തെ അറിയില്ലായിരുന്നതിനാല്‍ വിശദമായി പരിചയപ്പെടാന്‍ എനിക്ക് കഴിയാതിരുന്ന ഈ ചിത്രനിരീക്ഷകനിലേക്ക് എന്റെ ശ്രദ്ധ എത്തിച്ചത് നന്ദപര്‍‌വ്വം നന്ദന്റെ ഇടപ്പള്ളി മീറ്റ് പോസ്റ്റാണ്‌. അല്ലെങ്കില്‍ ഒരു പക്ഷെ ഈ ചിത്രനിരീക്ഷണം എന്റെ കണ്ണില്‍ പെടില്ലായിരുന്നു. അത് പോലെ ഈ നിരീക്ഷണങ്ങള്‍ ഇനിയും കണ്ടിട്ടില്ലാത്തവര്‍ക്ക് ഉപയോഗപ്പെടട്ടെ എന്ന ചിന്തയില്‍ നിന്നാണ്‌ ഈ സഞ്ചാരം.

ചലചിത്രങ്ങള്‍ മൂന്ന് തരം : കണ്ടിരിക്കേണ്ടത്, കാണാന്‍ കൊള്ളാവുന്നത്, കാണരുതാത്തത്. എന്നതാണ്‌ ചിത്രനിരീക്ഷണം എന്ന ബ്ലോഗ് എഴുതുന്ന ഷാജിയുടെ കാഴ്ചപ്പാട്. സമീപഭാവിയില്‍ സിനിമയിലേക്ക് പൂര്‍ണ്ണമായും പറിച്ച് നടണം എന്ന മോഹമുള്ള ഷാജിയുടെ ചിത്ര നിരീക്ഷണങ്ങള്‍ വളരെ ആഴത്തില്‍ തന്നെയുള്ളതാണെന്ന് വെറും ഒരു ചലചിത്രാസ്വാദകനായ എന്റെ തോന്നല്‍. രാവണന്‍ എന്ന മണിരത്നം ചിത്രത്തിന്റെയും ലാല്‍ ചിത്രമായ ഇന്‍ ഗോസ്റ്റ് ഇന്‍ എന്നിവയുടെയെല്ലാം വിശേഷങ്ങള്‍ നിറഞ്ഞിരിക്കുന്നു ചിത്രനിരീക്ഷണത്തില്‍. ചിത്രനിരീക്ഷണം എന്ന ബ്ലോഗ് പരിപൂര്‍ണ്ണമായും ചലചിത്രങ്ങള്‍ക്കായി ഷാജി മാറ്റിവച്ചിരിക്കുന്നു. വസ്തു നിഷ്ഠമായ വിശകലനങ്ങളിലൂടെ അതും സിനിമ ഒരു പ്രൊഫഷന്‍ ആയി സ്വപ്നം കണ്ട് നടക്കുന്ന ഒരു വ്യക്തിയിലൂടെ പറയുമ്പോള്‍ അത് വായിക്കപെടേണ്ടതാണെന്ന് എനിക്ക് തോന്നുന്നു. കഥപ്പെട്ടി, ബ്രോണ്‍സ് സ്ക്രീന്‍ എന്ന മറ്റൊരു ബ്ലോഗും ഷാജിക്ക് സ്വന്തം. "പച്ചപരിഷ്‌ക്കാരികളും തേക്കുപാട്ടുകാരും ഉള്ള തൃശ്ശൂരിലെ ഒരു സങ്കരയിനം ഗ്രാമമാണ്‌ അഷ്‌ടമിച്ചിറ, എന്റെ നാട്‌. കഴിഞ്ഞ 6-7 വര്‍ഷമായി ഇന്റര്‍നെറ്റ് എന്ന വലിയ വലയില്‍ ചില ചെറിയ കണ്ണികള്‍ കുരുക്കിക്കൊണ്ടിരിക്കുന്നു. എഴുത്തും ചലച്ചിത്രവും പുതിയ മേച്ചില്‍പ്പുറങ്ങള്‍" ഇത് ബ്ലോഗറുടെ തന്നെ ആത്മഗതം.

"മൂന്ന് മാസം മുന്‍പ് തിരുവനന്തപുരത്ത് നടന്ന ഹൃസ്വചിത്ര ചലച്ചിത്രമേളയില്‍ പ്രത്യേക പരാമര്‍ശം നേടിയ ഒരു കൊച്ചു (അനിമേഷന്‍) ചിത്രത്തിന്റെ തിരക്കഥാകൃത്തും പങ്കാളിയുമാണ്. ഇക്കഴിഞ്ഞ ജൂണില്‍ കോഴിക്കോട് വെച്ച് മാതൃഭൂമി നടത്തിയ തിരക്കഥാശില്‍പ്പശാലയില്‍ പങ്കെടുത്ത 60 പേരില്‍ നിന്ന് തിരക്കഥയെഴുത്തില്‍ തിരഞ്ഞെടുത്ത അഞ്ചുപേരിലൊരാളാണ്. തീര്‍ച്ചയായും മലയാള സിനിമയുടെ വരും നാളുകളില്‍ ഈ ചെറുപ്പക്കാരന്റെ പേര് വെള്ളിത്തിരയില്‍ നമുക്ക് വായിച്ചെടുക്കാം." എന്ന് നന്ദപര്‍‌വ്വത്തിലെ പോസ്റ്റില്‍ നന്ദന്‍ പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാവട്ടെ എന്ന് നമുക്ക് ആശിക്കാം. അതിലൂടെ സിനിമയുടെ ഉള്ളുകള്ളികളിലൂടെ സഞ്ചരിക്കുന്ന ഒരു ബ്ലോഗറെയും നമുക്ക് കിട്ടുമല്ലോ?